ഹിന്ദുക്കളെ നാടുകടത്തണം; അമേരിക്കയില്‍ ദീപാവലി ആഘോഷത്തില്‍ വിദ്വേഷമുദ്രാവാക്യവുമായി തീവ്ര വലതു പ്രതിഷേധം

ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് 'Deport All Dot Heads' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ പരിപാടിയിലെത്തിയത്. നെറ്റിയില്‍ കുറിയും തിലകവും ധരിക്കുന്നതിനെ അധിക്ഷേപിക്കുന്ന വംശീയ പരാമര്‍ശമാണ് ഡോട്ട് ഹെഡ് എന്നത്.

ഹിന്ദുക്കളെ നാടുകടത്തണം; അമേരിക്കയില്‍ ദീപാവലി ആഘോഷത്തില്‍ വിദ്വേഷമുദ്രാവാക്യവുമായി തീവ്ര വലതു പ്രതിഷേധം
dot image

സിയാറ്റില്‍: അമേരിക്കയിലെ സിയാറ്റിലില്‍ നടന്ന ദീപാവലി ആഘോഷങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിച്ച് തീവ്ര വലതുപക്ഷ പ്രവര്‍ത്തകന്‍ ജേക്ക് ലാങും സംഘവും. ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് 'Deport All Dot Heads' (എല്ലാ ഡോട്ട് ഹെഡുകളെയും നാടുകടത്തുക) എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ പരിപാടിക്കെത്തിയത്. നെറ്റിയില്‍ കുറിയും തിലകവും ധരിക്കുന്നതിനെ അധിക്ഷേപിക്കുന്ന വംശീയ പരാമര്‍ശമാണ് ഡോട്ട് ഹെഡ് എന്നത്.

ശനിയാഴ്ചയാണ് സംഭവം. ദീപാവലി ആഘോഷത്തിനിടെ കുട്ടികളടക്കം പങ്കെടുത്ത പരിപാടിയിലേക്ക് ജേക്ക് ലാങും തോമസ് അലനും ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ കടന്നുകയറുകയായിരുന്നു. 'Deport All Dot Heads', 'Stop Hindu Replacement of Christians' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ഇവര്‍ എത്തിയത്.

സംഭവത്തിന് പിന്നാലെ ആഘോഷം തടസപ്പെടുത്താനുള്ള ശ്രമത്തിന്റെ ചിത്രങ്ങള്‍ ജേക്ക് ലാങ് എക്‌സില്‍ പങ്കുവെച്ചു. ഇതിന് പിന്നാലെ ഹിന്ദുക്കള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളും നടത്തി. ടെക്‌സസില്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായി സംസ്ഥാനം മാറുന്നതിന് ഹിന്ദുക്കളാണ് ഉത്തരവാദികളെന്നും ഇയാള്‍ ആരോപിച്ചു

Also Read:

സംഭവത്തെ യുഎസ് കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ വ്യക്തികള്‍ ശക്തമായി അപലപിച്ചു.

വംശീയ വിദ്വേഷം പ്രകടമാക്കുന്ന സംഭവത്തില്‍ അതീവ രോഷമുണ്ടെന്ന് പ്രമീള ജയ്പാല്‍ എക്‌സില്‍ കുറിച്ചു. ദീപാവലി പ്രധാനപ്പെട്ട ആഘോഷമാണെന്നും ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന് ഭയമില്ലാതെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയണമെന്നും അവര്‍ വ്യക്തമാക്കി.

നോര്‍ത്ത് അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മയായ കോയിലിഷന്‍ ഓഫ് ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (CoHNA) സംഭവത്തെ അപലപിച്ചു. സിയാറ്റിലിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഹിന്ദു സമൂഹത്തോട് ജാഗ്രത പാലിക്കാനും സംഘടന ആവശ്യപ്പെട്ടു.

'വൈറ്റ് റീപ്ലേസ്മെന്റ്' (White Replacement) എന്ന സംഘടനയുടെ തലവനാണ് ജേക്ക് ലാങ്. 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റലിന് നേരെ നടന്ന ആക്രമണത്തില്‍ ഇയാള്‍ ഭാഗമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തിന്റെ ആദ്യദിവസം, 2025ല്‍ മാപ്പ് ലഭിക്കുന്നതിന് മുമ്പ് ലാങ് നാല് വര്‍ഷം തടവില്‍ കഴിഞ്ഞിരുന്നു.

ക്യാപിറ്റല്‍ ആക്രമണത്തിന്റെ വാര്‍ഷികത്തിന് മുന്നോടിയായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ലാങ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2027 ജനുവരി മൂന്നിന് 'ക്രിസ്ത്യന്‍ ക്രൂസേഡുകള്‍' വാഷിങ്ടണ്‍ ഡി.സി.യിലെ യുഎസ് ക്യാപിറ്റലില്‍ എത്തി 'തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അംഗീകാരത്തിനെതിരെ' പ്രതിഷേധിക്കുമെന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം. 2026ലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കൃത്രിമമാണെന്നും ലാങ് ആരോപിച്ചിരുന്നു.

Also Read:

സിയാറ്റിലിലെ സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് അമേരിക്കന്‍ പ്രസിഡന്റ് േെഡാണള്‍ഡ് ട്രംപ് ഇന്ത്യന്‍ ടെക് സംരംഭകന്‍ വിശാല്‍ ഗോണ്ടല്‍, ഷെഫ് വികാസ് മേത്ത തുടങ്ങിയവര്‍ക്കൊപ്പം വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ചിരുന്നു. ഓവല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ട്രംപ് ദീപം തെളിയിക്കുകയും ഹനുമാന്‍ ചാലീസയുടെ പകര്‍പ്പ് സമ്മാനമായി സ്വീകരിക്കുകയും ചെയ്തിരുന്നു.

വാഷിങ്ടണ്‍ സ്റ്റേറ്റ് ഗവര്‍ണര്‍ ബോബ് ഫെര്‍ഗൂസണും ഒളിമ്പിയയിലെ സംസ്ഥാന നിയമനിര്‍മാണ മന്ദിരത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിനും സ്റ്റേറ്റ് സെനറ്റര്‍ മങ്ക ധിംഗ്രയ്ക്കുമൊപ്പം ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തു. വാഷിങ്ടണില്‍ ദീപാവലി ദിനം 'ദീപങ്ങളുടെ ഉത്സവം' ആയി പ്രഖ്യാപിച്ചതായും അദ്ദേഹം അറിയിച്ചു.

ചിക്കാഗോയ്ക്ക് സമീപമുള്ള ഒരു ഹിന്ദു ക്ഷേത്രത്തില്‍ കൂട്ടവെടിവെപ്പ് നടത്താന്‍ പദ്ധതിയിട്ടെന്ന ആരോപണത്തില്‍ മറ്റൊരു വലതുപക്ഷ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിന് ദിവസങ്ങള്‍ക്കുള്ളിലാണ് സിയാറ്റിലിലെ സംഭവം.

19കാരനായ അലക്‌സാണ്ട്രോസിനെയാണ് ക്ഷേത്രത്തിന് നേരെ ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവില്‍ അറസ്റ്റ് ചെയ്തത്. നാസി ആശയങ്ങള്‍ പിന്തുടരുന്നയാളാണെന്ന് അവകാശപ്പെട്ടിരുന്ന പ്രതി ആക്രമണ പദ്ധതി തയ്യാറാക്കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Far-right activist Jake Lang and his supporters attempted to disrupt a Diwali celebration in Seattle, USA, by targeting the Hindu community with racist slogans. The protesters arrived at an event attended by children and other participants carrying placards reading 'Deport All Dot Heads' and 'Stop Hindu Replacement of Christians'. The term 'Dot Head' is a racial slur used to insult people who wear religious marks such as bindis and tilaks on their foreheads, particularly Hindus. Lang was confronted and physically stopped by some attendees during the incident, which took place on Saturday.

dot image
To advertise here,contact us
dot image