

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന് നിര്‍മ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം 'ഒറ്റക്കൊമ്പനി'ലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനയയുടെ പുത്തന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അഭിനയയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ താരത്തിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അന്ന എന്നാണ് ചിത്രത്തില്‍ അഭിനയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ സഹനിര്‍മ്മാണം ബൈജു ഗോപാലന്, വി.സി. പ്രവീണ്‍ എന്നിവരും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയുമാണ്.
ജോജു ജോര്‍ജ് ഒരുക്കിയ 'പണി' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മലയാളത്തില്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ നായികയാണ് അഭിനയ. അഭിനയയുടെ പുതിയ പോസ്റ്റര്‍ കൂടി എത്തിയതോടെ ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള ആകാംക്ഷ വര്‍ധിച്ചിരിക്കുകയാണ്.
നേരത്തെ, സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ സംഗീതസംവിധായകനായി തെലുങ്ക് സംഗീത സംവിധായകന് തമനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. തെന്നിന്ത്യന്‍ സംഗീതരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ തമന് സംഗീതസംവിധായകനായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'ഒറ്റക്കൊമ്പന്'. ചിത്രത്തിന്റെ സംഗീതത്തിന് വലിയ പ്രതീക്ഷ നല്കുന്ന പ്രഖ്യാപനമായിരുന്നു ഇത്.
നേരത്തെ പുറത്ത് വന്ന, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സുരേഷ് ഗോപിയെ മാസ് ലുക്കിലാണ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോയും പുറത്തുവന്നിരുന്നു. ഇവയ്ക്കെല്ലാം മികച്ച പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു. വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന 'ഒറ്റക്കൊമ്പന്' ഒരു മാസ് ആക്ഷന്‍ ചിത്രമായാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്. സുരേഷ് ഗോപി എന്ന നടനില്‍ നിന്നും താരത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന മാസ് ഘടകങ്ങളെല്ലാം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ലാല്‍, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്, ലാലു അലക്സ്, കബീര്‍ ദുഹാന്‍ സിംഗ്, ജോണി ആന്റണി, ബിജു പപ്പന്, മേഘ്ന രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളടക്കം എഴുപതിലധികം അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അധികം വൈകാതെ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.
മലയാള സിനിമയില്‍ വമ്പന്‍ പ്രോജക്ടുകളുമായി സജീവമായ ശ്രീ ഗോകുലം മൂവീസിന്റെ പ്രധാന ചിത്രങ്ങളിലൊന്നാണ് 'ഒറ്റക്കൊമ്പന്'. ജയസൂര്യ നായകനാകുന്ന 'കത്തനാര്', എസ്.ജെ. സൂര്യ നായകനാകുന്ന 'കില്ലര്‍', മോഹന്‍ലാല്‍ നായകനാകുന്ന 'ഓപ്പറേഷന് ഗംഗ' എന്നിവയും ഗോകുലം മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്നുണ്ട്. ഈ വമ്പന്‍ ചിത്രങ്ങളുടെ നിരയിലേക്ക് എത്തുന്ന 'ഒറ്റക്കൊമ്പന്' വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
രചന - ഷിബിന്‍ ഫ്രാന്‍സിസ്, ഛായാഗ്രഹണം - ഷാജികുമാര്‍, സംഗീതം - തമന്, എഡിറ്റിംഗ്- ഷഫീഖ് വി ബി, ഗാനങ്ങള്‍ - വയലാര്‍ ശരത്ച്ചന്ദ്ര വര്‍മ്മ, കലാസംവിധാനം - ഗോകുല്‍ ദാസ്, ആക്ഷന്‍ - കലയ് കിങ്സണ്‍, ഫീനിക്സ് പ്രഭു, സ്റ്റണ്ട് ശിവ, സില്‍വ, നൃത്ത സംവിധാനം - സാന്‍ഡി, സൗണ്ട് ഡിസൈന്‍ - എം ആര് രാജാകൃഷ്ണന്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ - അനീഷ് ഗോപി, അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷന്‍ കണ്ട്രോളര് - സിദ്ദു പനയ്ക്കല്‍, കാസ്റ്റിംഗ് ഡയറക്ടര്‍ - ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - കെ.ജെ. വിനയന്. ദീപക് നാരായണ്‍ , പ്രൊഡക്ഷന്‍ മാനേജേര്‍ - പ്രഭാകരന് കാസര്‍കോഡ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് - നന്ദു പൊതുവാള്, ബാബുരാജ് മനിശ്ശേരി, ഫോട്ടോ - റോഷന്, ജിത്തു ഫ്രാന്‍സിസ്, ഡിസൈന്‍ - യെല്ലോ ടൂത്ത്സ്, പിആര്‍ഒ - വാഴൂര്‍ ജോസ്, ശബരി.
Content Highlights: Abinaya to star as the female lead in the Suresh Gopi film 'Ottakkomban'; new poster released on the actor's birthday.