കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; സ്‌പെയിനിലെ എല്‍ ഹിയറോ ദ്വീപില്‍ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് കാനറി ദ്വീപുകളിലേക്കുള്ള അറ്റ്ലാന്റിക് പാത, ലോകത്തിലെ ഏറ്റവും അപകടകരമായ കുടിയേറ്റ പാതകളിലൊന്നാണ്

കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; സ്‌പെയിനിലെ എല്‍ ഹിയറോ ദ്വീപില്‍ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു
dot image

മാഡ്രിഡ്: സ്‌പെയിനിന്റെ കാനറി ദ്വീപ സമൂഹത്തില്‍പ്പെട്ട എല്‍ ഹിയറോയില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബോട്ടുകളില്‍ എത്തുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതിനെത്തുടര്‍ന്നാണ് നടപടി. സ്പെയിൻ സര്‍ക്കാരിനോട് അവര്‍ സഹായം അഭ്യര്‍ഥിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും യൂറോപ്പിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടങ്ങളിലൊന്നായ എല്‍ ഹിയറോയിലെ ഭരണസമിതി തലവന്‍ അല്‍പിഡിയോ അര്‍മാസാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. ഇത്തരത്തില്‍ വന്നെത്തുന്നവരുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനവ് തങ്ങളില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ മാസം ആരംഭിച്ചതുമുതല്‍ ഏകദേശം 30 ബോട്ടുകളിലായി 3,300ലധികം ആളുകള്‍ ദ്വീപില്‍ എത്തിച്ചേര്‍ന്നതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. ഏകദേശം 11,400 നിവാസികളാണ് എല്‍ ഹിയറോ ദ്വീപിലുള്ളത്. പുതിയതായി എത്തിയവര്‍ക്ക് താല്‍ക്കാലിക താമസസൗകര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. അതേസമയം, ദ്വീപിലെ ആശുപത്രികളുടെ സാഹചര്യം വളരെ മോശമായ അവസ്ഥയിലാണെന്ന് അര്‍മാസ് പറഞ്ഞു. ഈ സാഹചര്യം ഒട്ടും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തതാണെന്ന് കാനറി ദ്വീപുകളുടെ പ്രാദേശിക നേതാവായ ഫെര്‍ണാണ്ടോ ക്ലവിജോ വെള്ളിയാഴ്ച പറഞ്ഞതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നവംബറിലെ ആദ്യ ആറ് ദിവസങ്ങളില്‍, കാനറി ദ്വീപുകളുടെ തീരത്തുനിന്ന് 3,261 കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും സമുദ്ര രക്ഷാസേന രക്ഷപ്പെടുത്തി. 2024ല്‍ കണ്ട റെക്കോര്‍ഡ് സംഖ്യകളിലേക്ക് ഈ കണക്കുകള്‍ അടുക്കുകയാണെന്നും, ചില ദിവസങ്ങളില്‍ നിലവിലെ വരവിന്റെ നിരക്ക് അതിലും കൂടുതലാണെന്നും ക്ലവിജോ പറഞ്ഞു. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ബസുകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ടെന്നും, മറ്റ് ദ്വീപുകളില്‍ നിന്ന് മെഡിക്കല്‍ ജീവനക്കാരെ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Migrants arriving in El Hierro
എൽ ഹിയറോയിലേക്കെത്തുന്ന കുടിയേറ്റക്കാർ

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് കാനറി ദ്വീപുകളിലേക്കുള്ള അറ്റ്ലാന്റിക് പാത, ലോകത്തിലെ ഏറ്റവും അപകടകരമായ കുടിയേറ്റ പാതകളിലൊന്നാണ്. കാനറി ദ്വീപുകളിലേക്ക് പോവുകയായിരുന്ന ഒരു ബോട്ടില്‍ ഈ ആഴ്ച രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. യാത്രയ്ക്കിടെ മറ്റ് അഞ്ച് പേര്‍ കൂടി മരിച്ചിട്ടുണ്ടാകാമെന്ന്, രക്ഷപ്പെട്ടവരുടെ മൊഴികളെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ ദ്വീപുകള്‍ക്ക് സമീപം കുറഞ്ഞത് ഒമ്പത് കുടിയേറ്റക്കാര്‍ മരിച്ചിട്ടുണ്ടെന്നാണ് വിവരം. 2024ല്‍ ഇവിടെ എത്തുന്നവരുടെ എണ്ണം 46,000 കടന്ന് റെക്കോര്‍ഡിലെത്തിയിരുന്നു. എന്നാല്‍, നിരീക്ഷണം ശക്തമാക്കിയതും, കുടിയേറ്റക്കാര്‍ പുറപ്പെടുന്നതും കടന്നുപോകുന്നതുമായ രാജ്യങ്ങളുമായുള്ള സഹകരണം വര്‍ദ്ധിപ്പിച്ചതും കാരണം പിന്നീട് ഈ എണ്ണത്തില്‍ വലിയ കുറവുണ്ടായി.

സ്‌പെയിനിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കടല്‍മാര്‍ഗ്ഗം എത്തിയ കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും എണ്ണം 13,327 ആണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 5.5 ശതമാനം കുറവാണ്. സെനഗല്‍, മൗറിറ്റാനിയ, മൊറോക്കോ എന്നിവിടങ്ങളുടെ തീരങ്ങളില്‍ പട്രോളിംഗ് ശക്തമാക്കിയതോടെ, കുടിയേറ്റക്കാര്‍ യാത്ര തുടങ്ങുന്ന കേന്ദ്രങ്ങള്‍ തെക്കോട്ട്ഗാംബിയ, ഗിനിയ-ബിസൗ, ഗിനിയ എന്നിവിടങ്ങളിലേക്ക് മാറി. ഇത് യാത്രയുടെ ദൂരവും ദൈര്‍ഘ്യവും വര്‍ദ്ധിപ്പിച്ചു. ഡാകാറിന് സമീപം വെച്ച്, സ്ത്രീകളും ചെറിയ കുട്ടികളും ഉള്‍പ്പെടെ 142 കുടിയേറ്റക്കാരെ തടഞ്ഞുവെച്ചതായി സെനഗല്‍ പൊലീസ് ശനിയാഴ്ച അറിയിച്ചു.

Content Highlights: Authorities on El Hierro in Spain's Canary Islands have declared an emergency following a sharp increase in migrants and refugees arriving by boat. The island's governing council head, Alpidio Armas, announced the decision on Saturday and appealed to the Spanish government for assistance. He said the sudden rise in arrivals was causing serious concern, as the island is a key entry point for migrants and refugees travelling from West Africa to Europe.

dot image
To advertise here,contact us
dot image