

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 40.2 ഓവറിൽ 185 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിടെ മഴ കാരണം വിജയലക്ഷ്യം 32 ഓവറിൽ 143 റൺസായി പുനർനിശ്ചയിച്ചു. 22.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു.
51 പന്തിൽ നിന്ന് ഒരു സിക്‌സും 13 ഫോറുമടക്കം 74 റൺസെടുത്ത വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 56 പന്തിൽ നിന്ന് 37 റൺസുമായി കോഹ്‌ലിക്ക് ഉറച്ച പിന്തുണ നൽകി.
നേരത്തേ പേസർമാരുടെ മികവിലാണ് ഇന്ത്യയ്ക്ക് ന്യൂസീലൻഡിനെ 185 റൺസിലൊതുക്കാനായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 40.2 ഓവറിലാണ് 185 റൺസിന് ഓൾഔട്ടായത്.
നാലു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങും മൂന്നു വിക്കറ്റ് വീഴ്ത്തിയ ഗുർനൂർ ബ്രാറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ അൻഷുൽ കാംബോജുമാണ് കിവീസിനെ തകർത്തത്.
38 റൺസെടുത്ത ടിം സെയ്‌ഫെർട്ടാണ് കിവീസിന്റെ ടോപ് സ്‌കോറർ. ഡാരിൽ മിച്ചൽ 28 റൺസെടുത്തു. 51 പന്തിൽ നിന്ന് 30 റൺസെടുത്ത ഗ്ലെൻ ഫിലിപ്സും ഭേദപ്പെട്ട സംഭാവന നൽകി.
ഒടുവിൽ ടീമിലെ 11-ാമനായ ബ്ലെയർ ടിക്നർ നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് കിവീസ് സ്‌കോർ 185-ൽ എത്തിച്ചത്. 23 പന്തിൽ നിന്ന് ടിക്നർ 34 റൺസെടുത്തു. നാലു സിക്സും ഒരു ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
content highlights: india vs new zealand virat kohli chase master 5 wicket win