

ദുബായിൽ പൊതുഗതാഗതത്തിനും ദൈനംദിന ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്കും ഒരേപോലെ ഉപയോഗിക്കാവുന്ന 'നോൾ-ജയ്‌വാൻ' കാർഡുകൾ ഈ മാസം മുതൽ പുറത്തിറക്കുന്നു. യുഎഇയുടെ ദേശീയ കാർഡ് പേയ്‌മെന്റ് സംവിധാനമായ 'ജയ്‌വാനുമായി' സഹകരിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് (RTA) പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി യുഎഇ സെൻട്രൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സുമായി ആർടിഎ കരാറിൽ ഒപ്പുവെച്ചു.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഒരൊറ്റ കാർഡ് ഉപയോഗിച്ച് ബസ്, മെട്രോ, ടാക്സി, പാർക്കിംഗ് നിരക്കുകൾ അടയ്ക്കാനും ഒപ്പം റീട്ടെയിൽ കടകളിൽ നിന്നും ഓൺലൈനായും സാധനങ്ങൾ വാങ്ങാനും സാധിക്കും. ദുബൈയിലെ ടാക്സികൾ, പൊതു പാർക്കിങ് എന്നിവ ഉൾപ്പെടെയുള്ള ഗതാഗത സേവനങ്ങളിലാണ് ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കുന്നത്.
ഇന്ത്യയുടെ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) സാങ്കേതിക സഹകരണത്തോടെയും റുപേ പേയ്‌മെന്റ് നെറ്റ്‌വർക്കിന്റെ പിന്തുണയോടെയുമാണ് ജയ്‌വാൻ കാർഡുകൾ തയ്യാറാക്കിയിട്ടുള്ളത്. ഡെബിറ്റ്, പ്രീപെയ്ഡ് രൂപങ്ങളിൽ ലഭ്യമാകുന്ന ഈ കാർഡുകൾ വഴി എമിറേറ്റ്‌സ്, ഇത്തിഹാദ് എയർവേയ്‌സ് ടിക്കറ്റുകളും ബുക്ക് ചെയ്യാം.
പൊതുജനങ്ങൾക്കായി കാർഡുകൾ എപ്പോൾ പൂർണ്ണമായി വിതരണം ചെയ്യുമെന്നതും നിലവിലുള്ള നോൾ കാർഡുകൾ മാറ്റേണ്ടതുണ്ടോ എന്നതും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആർടിഎ പിന്നീട് വ്യക്തമാക്കും.
Content Highlights: UAE's national Jaywan card expands its reach across retail outlets and airlines, allowing customers to shop and book flights with one payment card.