സ്വാതന്ത്ര്യദിനത്തിൽ സ്മിത് മച്ചാറിനെ ആദരിക്കാൻ ഇസ്രയേൽ; മോദിയെ ക്ഷണിച്ച് ബെഞ്ചമിന്‍ നെതന്യാഹു

സിവിലിയന്‍ ധീരതയ്ക്കുള്ള പ്രസിഡന്‍ഷ്യല്‍ പുരസ്‌കാരം നല്‍കി ആദരിക്കാനായിരുന്നു തീരുമാനം

സ്വാതന്ത്ര്യദിനത്തിൽ സ്മിത് മച്ചാറിനെ ആദരിക്കാൻ ഇസ്രയേൽ; മോദിയെ ക്ഷണിച്ച് ബെഞ്ചമിന്‍ നെതന്യാഹു
dot image

ന്യൂഡല്‍ഹി: ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചടങ്ങിലേക്ക് ക്ഷണിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ദുബായില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണത്തെ ചെറുത്ത ഇന്ത്യക്കാരനായ പൈലറ്റിനെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ക്ഷണം.

മോദിയുമായി സംസാരിച്ചെന്നും അദ്ദേഹം ക്ഷണത്തിന് നന്ദി അറിയിച്ചെന്നും നെതന്യാഹു എക്‌സിലൂടെ വ്യക്തമാക്കി. കരയിലും ആകാശത്തും ഇന്ത്യയും ഇസ്രയേലും ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടുകയാണെന്ന് മോദി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള ശക്തമായ ബന്ധത്തെയും മോദി പ്രശംസിച്ചതായി നെതന്യാഹു അറിയിച്ചു. ഈ മാസം ആദ്യം ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും സ്മിത് മച്ചാറിനെ ആദരിക്കുന്നതിനായി ഇസ്രയേലിലേക്ക് ക്ഷണിച്ചിരുന്നു. സിവിലിയന്‍ ധീരതയ്ക്കുള്ള പ്രസിഡന്‍ഷ്യല്‍ പുരസ്‌കാരം നല്‍കി ആദരിക്കാനായിരുന്നു തീരുമാനം.

174 യാത്രക്കാരുമായി ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനം തട്ടിക്കൊണ്ടുപോകാന്‍ സഹപൈലറ്റ് ശ്രമിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 30നാണ് പ്രധാന പൈലറ്റായ മച്ചാറിന് പരിക്കേറ്റത്. കോക്പിറ്റില്‍ നടന്ന ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റെങ്കിലും അദ്ദേഹം കോക്പിറ്റിന്റെ വാതില്‍ തുറക്കുകയും യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് സഹപൈലറ്റിനെ കീഴടക്കാന്‍ സഹായിക്കുകയും ചെയ്തു. വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. അന്നുതന്നെ എല്ലാ യാത്രക്കാരും സുരക്ഷിതമായി ലാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സ്മിത് മച്ചാര്‍.

Content Highlights: Israeli Prime Minister Benjamin Netanyahu has invited Prime Minister Narendra Modi to attend Israel’s Independence Day ceremony alongside Indian pilot Smit Machchhar

dot image
To advertise here,contact us
dot image