

പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കാന്‍ വീട്ടിലെ പരിശോധന സഹായകരമാണ്. ഭക്ഷണം, വ്യായാമം, മരുന്നുകള്‍ എന്നിവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കാനും ഇത് സഹായിക്കും. ഇതിനായി സാധാരണയായി ഉപയോഗിക്കുന്ന ഉപകരണമാണ് ഗ്ലൂക്കോമീറ്റര്‍.എന്നാല്‍ ഗ്ലൂക്കോമീറ്റര്‍ ഉപയോഗിക്കുന്ന രീതി ശരിയായില്ലെങ്കില്‍ പരിശോധനാഫലം കൃത്യമാകണമെന്നില്ല. അതിനാല്‍ ഷുഗര്‍ പരിശോധിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കൈകള്‍ വൃത്തിയായി കഴുകണം
പരിശോധനയ്ക്ക് മുമ്പ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകണം. തുടര്‍ന്ന് കൈകള്‍ പൂര്‍ണമായി ഉണക്കണം. വിരലുകളില്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളോ മധുരപദാര്‍ഥങ്ങളോ ഉണ്ടെങ്കില്‍ പരിശോധനാഫലം തെറ്റായി കാണിച്ചേക്കാം.
പുതിയ ടെസ്റ്റ് സ്ട്രിപ്പ് ഉപയോഗിക്കുക
ഗ്ലൂക്കോമീറ്ററിന് അനുയോജ്യമായ ടെസ്റ്റ് സ്ട്രിപ്പുകള്‍ മാത്രമേ ഉപയോഗിക്കാവൂ. സ്ട്രിപ്പിന്റെ കാലാവധി പരിശോധിക്കുകയും നിര്‍ദേശിച്ച രീതിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ചൂടും ഈര്‍പ്പവും സ്ട്രിപ്പുകളുടെ ഗുണനിലവാരത്തെ ബാധിച്ചേക്കാം.

വിരലിന്റെ വശത്ത് കുത്താം
രക്തത്തുള്ളി ലഭിക്കാന്‍ വിരലിന്റെ അഗ്രഭാഗത്തിന്റെ വശത്ത് കുത്തുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. ഓരോ പരിശോധനയ്ക്കും പുതിയ ലാന്‍സെറ്റ് അഥവാ സൂചി ഉപയോഗിക്കണം. ഉപയോഗിച്ച സൂചി വീണ്ടും ഉപയോഗിക്കുകയോ മറ്റൊരാളുമായി പങ്കിടുകയോ ചെയ്യരുത്.
രക്തം അമിതമായി ഞെക്കി എടുക്കരുത്
വിരലില്‍ നിന്ന് രക്തം ലഭിക്കാന്‍ അമിതമായി അമര്‍ത്തുന്നത് ഒഴിവാക്കണം. ഉപകരണത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആവശ്യമായ രക്തത്തുള്ളി ടെസ്റ്റ് സ്ട്രിപ്പില്‍ നല്‍കുക. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പരിശോധനാഫലം സ്‌ക്രീനില്‍ തെളിയും.
പരിശോധനാഫലം കുറിച്ചുവയ്ക്കുക
ഓരോ തവണയും ലഭിക്കുന്ന ഷുഗര്‍ റീഡിങ്, തീയതിയും സമയവും സഹിതം രേഖപ്പെടുത്തി വയ്ക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന് മുമ്പാണോ ശേഷമാണോ പരിശോധിക്കുന്നതെന്നും രേഖപ്പെടുത്താം. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങള്‍ ഡോക്ടര്‍ക്ക് വിലയിരുത്താന്‍ എളുപ്പമാകും.

പരിശോധനയുടെ സമയം വ്യക്തിയുടെ ആരോഗ്യസ്ഥിതിയും ചികിത്സാരീതിയും അനുസരിച്ച് വ്യത്യാസപ്പെടാം. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പുള്ള പരിശോധനയും ഭക്ഷണം കഴിച്ചതിനുശേഷമുള്ള പരിശോധനയും വ്യത്യസ്ത റിസള്‍ട്ടുകളാണ് നല്‍കുന്നത്. പ്രമേഹമുള്ളവര്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന സമയക്രമം പിന്തുടരുന്നതാണ് ഉചിതം. ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള ചിലര്‍ക്ക് കൂടുതല്‍ തവണ പരിശോധന ആവശ്യമായി വന്നേക്കാം.
വീട്ടിലെ പരിശോധന പ്രമേഹനിയന്ത്രണത്തിന് സഹായിക്കുന്നുണ്ടെങ്കിലും അതിന്റെ ഫലം മാത്രം കണ്ട് ഒരാള്‍ക്ക് പ്രമേഹമുണ്ടെന്ന് ഉറപ്പിക്കാനാവില്ല. പ്രമേഹം സ്ഥിരീകരിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ലബോറട്ടറി പരിശോധനകള്‍ ആവശ്യമാണ്.വീട്ടിലെ പരിശോധനയില്‍ പ്രതീക്ഷിക്കാത്ത ഫലം ലഭിക്കുകയോ പതിവായി ഉയര്‍ന്ന റീഡിങ്ങുകള്‍ കാണുകയോ ചെയ്താല്‍ ഡോക്ടറുടെ ഉപദേശം തേടണം. പരിശോധനാഫലം നോക്കി സ്വന്തമായി മരുന്നിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്.
Content Highlights :You can check your blood sugar levels at home using a glucometer. However, even minor errors during the testing process can affect the results. Let’s look at the points to keep in mind when checking your blood sugar.