

ഉപയോക്താക്കൾ ഉറങ്ങുകയോ ഫോണിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്യുമ്പോൾ പോലും പശ്ചാത്തലത്തിൽ സ്വയം പ്രവർത്തിക്കാൻ ശേഷിയുള്ള 'ക്ലോഡ് ഡ്യുയറ്റ്' എന്ന വിപ്ലവകരമായ സ്വതന്ത്ര എ.ഐ ഏജന്റ് ആപ്പ് യു.എസിൽ പുറത്തിറക്കി. പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക് ആണ് പ്രൊഫഷണലുകളെയും ചെറുകിട ബിസിനസ്സ് ഉടമകളെയും ലക്ഷ്യമിട്ട് ഈ ടൂൾ അവതരിപ്പിച്ചത്. സാധാരണ ചാറ്റ്ബോട്ടുകളെപ്പോലെ ഉപയോക്താവിന്റെ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നതിന് പകരം, കണക്റ്റുചെയ്ത ആപ്പുകൾ സ്വയം നിരീക്ഷിക്കാനും അടിയന്തര ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങൾ മുൻകൂട്ടി അറിയിക്കാനും ഈ എ.ഐ ഏജന്റിന് സാധിക്കും.
ഉപയോക്താക്കൾക്ക് ദിവസേനയുള്ള അപ്ഡേറ്റുകളുടെ ചുരുക്കവിവരണം നൽകുന്ന ഡെയ്ലി ബ്രീഫിംഗ് ആണ് ഈ ആപ്പിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യുക, ഇമെയിലുകൾ എഴുതുക തുടങ്ങിയ ലളിതമായ അഡ്മിനിസ്ട്രേറ്റീവ് ജോലികൾ മുതൽ സാമ്പത്തിക പ്രവചനങ്ങൾ തയാറാക്കുക, വെബ് ആപ്പുകൾ നിർമ്മിക്കുക, ഡാഷ്ബോർഡുകൾ ക്രിയേറ്റ് ചെയ്യുക തുടങ്ങിയ സങ്കീർണ്ണമായ പ്രോജക്റ്റുകൾ വരെ കൈകാര്യം ചെയ്യാൻ ക്ലോഡ് ഡ്യുയറ്റിന് കഴിയും. സ്വന്തമായി ഒരു ബ്രൗസറുള്ള വെർച്വൽ കമ്പ്യൂട്ടർ ഉപയോഗിച്ചാണ് ഈ ആപ്പ് പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത്.
സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും അതീവ പ്രാധാന്യം നൽകിയാണ് ആന്ത്രോപിക് ഈ പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സന്ദേശങ്ങൾ അയക്കുക, പണമിടപാടുകൾ നടത്തുക, രേഖകൾ ഒപ്പിടുക, ഫയലുകൾ ഡിലീറ്റ് ചെയ്യുക തുടങ്ങിയ നിർണായക തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് ഇത് ഉപയോക്താവിന്റെ കൃത്യമായ അനുമതി വാങ്ങിയിരിക്കും. ക്രെഡിറ്റ് കാർഡ് വിവരങ്ങളോ സർക്കാർ തിരിച്ചറിയൽ രേഖകളോ പോലുള്ള അതീവ രഹസ്യമായ വിവരങ്ങൾ ചോർന്നുപോകാതിരിക്കാൻ പ്രത്യേക സേഫ്റ്റി സിസ്റ്റം പ്രോംപ്റ്റുകളും ആപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്.
നിലവിൽ ഈ ആപ്പ് ഒരു ഗവേഷണ പ്രിവ്യൂ ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലുള്ള ക്ലോഡ് പ്രോ, മാക്സ് വരിക്കാർക്ക് വെയിറ്റ്ലിസ്റ്റ് വഴി മാത്രമാണ് ഇപ്പോൾ ഇതിലേക്ക് പ്രവേശനം ലഭിക്കുക. ഐ.ഒ.എസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിലും claude.ai വെബ്സൈറ്റിലും ഈ സേവനം ലഭ്യമാണ്. ഓപ്പൺ എ.ഐ, മെറ്റ തുടങ്ങിയ ആഗോള സാങ്കേതിക വമ്പന്മാർ സ്വയംഭരണ ശേഷിയുള്ള എ.ഐ ഏജന്റുകൾക്കായി മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് ആന്ത്രോപിക്കിന്റെ ഈ നിർണായക ചുവടുവെപ്പ്.
Content Highlights:Anthropic has reportedly introduced Claude Duet, an AI agent designed to work in the background even when users are away from their phones.
The tool can monitor connected apps and proactively alert users to matters requiring attention.