

തെഹ്റാന്: ഇന്ത്യക്കാരുമായി പോയ കുവൈറ്റ് പതാകയുള്ള കപ്പലിന് നേരെ ഹോര്‍മൂസില്‍ ആക്രമണം. തീപിടിച്ച കപ്പലില്‍ 21 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. എല്ലാ നാവികരും സുരക്ഷിതരാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇന്ത്യ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ഷിപ്പ് മാനേജ്മെന്റ് കമ്പനിയുമായി നാവികരുടെ സുരക്ഷയെ പറ്റി ആശയവിനിമയം നടത്തുന്നുണ്ടെന്നും കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനാവാള്‍ അറിയിച്ചു.
ഒമാനിലെ ബൂഖയില് നിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആക്രമണം ഉണ്ടായതെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ഓപ്പറേഷന്‍സ് അറിയിച്ചു. എം/ടി അല്‍ ദസ്മ എന്ന എണ്ണ കപ്പലാണ് ആക്രമിക്കപ്പെട്ടത്. മിസൈല്‍ ആക്രമണമാണ് നടന്നതെന്നാണ് നിഗമനം. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ തീപിടുത്തമുണ്ടായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ അണയ്ക്കാന്‍ സാധിച്ചെന്ന് ടൈംസ് കുവൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇടക്കാല തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷത്തില്‍ നിന്ന് തത്കാലത്തേക്ക് അമേരിക്ക ഉള്‍വലിഞ്ഞതിന് പിന്നാലെ കടുത്ത ആക്രമണമാണ് ഹോര്‍മൂസില്‍ ഇറാന് അഴിച്ചുവിടുന്നതെന്ന് ആരോപണമുണ്ട്. ആഗോളതലത്തില്‍ എണ്ണവില ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എണ്ണക്കപ്പലുകള്‍ ഉന്നമിട്ടാണ് ആക്രമണം. എണ്ണവില ഉയര്‍ന്നാല്‍ അമേരിക്കയില്‍ ഇത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും അതിലൂടെ ട്രംപിന് എതിരായ ജനവിധി ഉണ്ടാകുമെന്നും ഇറാൻ പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ 16-ന് 15 ഇന്ത്യന്‍ നാവികരുള്ള 'എംടി എസ്ടി 3' എണ്ണക്കപ്പലിനും, ഒക്ടോബര്‍ 14-ന് റൊമാനിയക്ക് സമീപം 9 ഇന്ത്യന്‍ നാവികരുള്ള 'യര ജെ' എന്ന ചരക്കുകപ്പലിനും നേരെ സമാനമായ ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ കപ്പലുകളിലുണ്ടായിരുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരും സുരക്ഷിതരാണെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlights: A Kuwaiti-flagged oil tanker, M/T Al Dasmah, carrying 21 Indian crew members reportedly came under attack near the Strait of Hormuz and caught fire. The United Kingdom Maritime Trade Operations said the incident occurred about 11 nautical miles from Bukha in Oman, with a suspected missile attack believed to be responsible. The fire was reportedly brought under control after a prolonged effort. India’s Ministry of External Affairs said all crew members were safe, while Union Minister Sarbananda Sonowal said authorities were monitoring the situation and coordinating with the ship management company to ensure the sailors’ safety.