

തൊഴിലാളികൾക്ക് ശമ്പളം കൃത്യസമയത്ത് നൽകാത്ത കമ്പനികൾക്കെതിരെ കർശന നടപടികളുമായി കുവൈറ്റ് സർക്കാർ. അഞ്ചോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങളെയാണ് പ്രധാനമായും ഈ പരിശോധനയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശമ്പളവിതരണത്തിലെ ക്രമക്കേടുകൾ വേഗത്തിൽ കണ്ടെത്തി നടപടിയെടുക്കുന്നതിനായി ഓട്ടോമേറ്റഡ് സംവിധാനം നിലവിലുണ്ടെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് വ്യക്തമാക്കി.
തൊഴിലാളികളുടെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കുന്നതിനും രാജ്യത്തെ തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഇത്തരം നീക്കങ്ങൾ. ഓട്ടോമേറ്റഡ് സംവിധാനം വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 2026 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം 8,849 കമ്പനികളുടെ ഫയലുകളാണ് മരവിപ്പിച്ചിട്ടുള്ളത്. ശമ്പള വിതരണത്തിൽ വീഴ്ച വരുത്തുന്ന കമ്പനികളുടെ ഫയലുകൾ ഓട്ടോമാറ്റിക്കായി തന്നെ സിസ്റ്റം മരവിപ്പിക്കും. ഫയലുകൾ റദ്ദാക്കപ്പെടുകയോ മരവിപ്പിക്കപ്പെടുകയോ ചെയ്യുന്നതോടെ പുതിയ തൊഴിൽ പെർമിറ്റുകൾ നേടുന്നതിനും പുതുക്കുന്നതിനും കമ്പനികൾക്ക് തടസ്സം നേരിടും.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് ഈ നടപടി വലിയ ആശ്വാസമാണ്. ശമ്പളം വൈകുന്നത് പ്രവാസികളുടെ കുടുംബച്ചെലവുകൾ, ബാങ്ക് വായ്പാ തിരിച്ചടവുകൾ, നാട്ടിലേക്കുള്ള പണമയക്കൽ എന്നിവയെ സാരമായി ബാധിക്കാറുണ്ട്. കമ്പനികൾ തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ശമ്പള കുടിശ്ശിക വരുത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരാനുമാണ് കുവൈറ്റ് ഭരണകൂടത്തിന്റെ തീരുമാനം.
Content Highlights: Kuwait is tightening enforcement of labour laws, with authorities suspending company files over unpaid wages and conducting inspections to ensure businesses comply with employment regulations and protect workers’ rights.