

ഇസ്ലാമാബാദ്: പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അനുയായികള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുകയും മേഖലയിൽ സായുധ സംഘങ്ങൾ ആക്രമണം അഴിച്ചുവിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഭരണത്തില്‍ ഫെഡറല്‍ സര്‍ക്കാരിന് വിപുലമായ അധികാരങ്ങള്‍ ലഭിക്കും. നിയമവാഴ്ചയും ക്രമസമാധാനവും തകരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടത് കണക്കിലെടുത്താണ് തീരുമാനമെന്ന് പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ഓഫീസ് അറിയിച്ചു. ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിക്ക് പ്രബലമായ പിന്തുണയുള്ള പ്രദേശമാണ് ഖൈബര്‍ പഖ്തൂണ്‍ഖ്വ.
ഇമ്രാന്‍ ഖാന്റെ മോചനവും അദ്ദേഹത്തിന് സ്വന്തം ഡോക്ടര്‍മാരുടെ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യവും ഉന്നയിച്ച് ഒരാഴ്ചയായി തെഹ്‌രീക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവിധ നഗരങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിവരികയാണ്. ഒക്ടോബര്‍ നാലിന് സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമായത്. 2023 ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെതിരെ അഴിമതി ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്. കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് ഇമ്രാന്‍ ഖാനും അഭിഭാഷക സംഘവും ആരോപിക്കുന്നത്.
അതേസമയം, ഖൈബര്‍ പഖ്തൂണ്‍ഖ്വയിലും ബലൂചിസ്ഥാനിലും വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്ക് അഫ്ഗാനിസ്താനില്‍ നിന്നുള്ള അക്രമമാണ് കാരണമെന്ന് പാകിസ്താന്‍ ആരോപിച്ചു. താലിബാന്‍ സര്‍ക്കാര്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.
Content Highlights: Pakistan declares emergency in Khyber Pakhtunkhwa amid protests by Imran Khan supporters and rising security concerns