

പാരീസ്: ഫ്രാന്‍സില്‍ സ്‌കൂളുകളുടെ മോശം അവസ്ഥയ്‌ക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു. തിങ്കളാഴ്ച രാജ്യത്തുടനീളം 400 മുതല്‍ 500 വരെ ഹൈസ്‌കൂളുകള്‍ ഭാഗികമായോ പൂര്‍ണമായോ അടച്ചിടും. സുരക്ഷ ഉറപ്പാക്കാനാകാത്ത സാഹചര്യത്തിലാണ് സ്‌കൂളുകള്‍ അടച്ചിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എഡ്വാര്‍ഡ് ഗെഫ്രെ അറിയിച്ചു.
പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ 20 ലധികം സ്‌കൂളുകള്‍ക്ക് തീയിടുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന 80 ഓളം ജീവനക്കാര്‍ക്ക് പരിക്കേറ്റതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പാരിസ് മേഖലയില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രവേശന കവാടങ്ങള്‍ തടയുകയും ക്ലാസുകള്‍ തടസപ്പെടുത്തുകയും ചെയ്തു. ചിലയിടങ്ങളില്‍ പ്രതിഷേധം പൊലീസുമായുള്ള ഏറ്റുമുട്ടലിലേക്കും നീങ്ങി. സ്‌കൂളുകളുടെ മോശം അവസ്ഥയാണ് പ്രതിഷേധത്തിന് പിന്നിലെ പ്രധാന കാരണം. ക്ലാസുകളിലെ അമിതമായ തിരക്ക്, അധ്യാപകരുടെയും പകരക്കാരായ അധ്യാപകരുടെയും കുറവ്, കാലപ്പഴക്കം ചെന്നതും അറ്റകുറ്റപ്പണി നടത്താത്തതുമായ കെട്ടിടങ്ങള്‍, ദൈര്‍ഘ്യമേറിയ സ്‌കൂള്‍ സമയം തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതികള്‍.
ഉഷ്ണതരംഗ സമയത്തെ ക്ലാസ് മുറികളിലെ അസഹനീയമായ ചൂടും ഫ്രാന്‍സിലെ സര്‍വകലാശാല പ്രവേശന സംവിധാനവുമായി ബന്ധപ്പെട്ട സമ്മര്‍ദവും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പിന്നാക്ക മേഖലകളിലെ വിദ്യാഭ്യാസ അസമത്വത്തെക്കുറിച്ചും പരാതികളുണ്ട്. അധ്യാപകരുടെ അഭാവം മൂലം ക്ലാസുകള്‍ നഷ്ടപ്പെട്ടിട്ടും ചില വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതേണ്ടിവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Student protests over poor school conditions have intensified across France, with 400 to 500 high schools set to close partially or completely. Students are demanding better facilities, more teachers, improved infrastructure and reduced classroom pressure