

ഇന്ത്യൻ സിനിമാപ്രേമികളുടെ പ്രിയ ജോഡികളായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും അടുത്തിടെയാണ് വിവാഹിതരായത്. ഏറെ നാളത്തെ ഗോസിപ്പുകൾക്കും ആരാധകരുടെ കാത്തിരിപ്പിനും ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. വർഷങ്ങളോളം തങ്ങളുടെ പ്രണയം രഹസ്യമായി വെച്ചതിനെക്കുറിച്ചും സ്വകാര്യത കാത്തുസൂക്ഷിച്ചതിനെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോൾ ഇരു താരങ്ങളും. പുതിയ ചിത്രമായ 'രണബാലി'യുടെ പ്രൊമോഷന്റെ ഭാഗമായി മൈത്രി മൂവി മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
വർഷങ്ങൾ നീണ്ട ആഴത്തിലുള്ള സൗഹൃദമാണ് തങ്ങളെ വിവാഹത്തിൽ എത്തിച്ചതെന്ന് വിജയ് ദേവരക്കൊണ്ട വ്യക്തമാക്കുന്നു. "എട്ട് വർഷമായി എനിക്ക് രശ്മികയെ അറിയാം. ആദ്യം വെറുമൊരു സഹതാരമായിരുന്നു, പിന്നീട് നല്ലൊരു സുഹൃത്തായി മാറി. ആ സൗഹൃദമാണ് പതിയെ പ്രണയത്തിലേക്കും ഇപ്പോൾ എന്റെ ഭാര്യ എന്ന പദവിയിലേക്കും എത്തിച്ചത്. ഇതൊരിക്കലും ആരുടെയും കണ്ണുവെട്ടിക്കാനുള്ള ഒളിച്ചുകളിയായിരുന്നില്ല. ഞങ്ങളുടെ വ്യക്തിജീവിതം മറ്റുള്ളവരോട് വെളിപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നിയിരുന്നില്ല," എന്ന് വിജയ് പറഞ്ഞു.
തങ്ങളുടെ ബന്ധം മറ്റുള്ളവർക്ക് ആഘോഷിക്കാനുള്ള ഒരു വിനോദോപാധിയാക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നാണ് രശ്മികയുടെ നിലപാട്. "ഞങ്ങളുടെ ബന്ധം ഞങ്ങളുടേത് മാത്രമാണ്. പരസ്പരം സംരക്ഷിച്ചു നിർിക്കേണ്ട കാര്യങ്ങൾ പുറത്തുള്ളവരോട് തുറന്നുപറയേണ്ട കാര്യമില്ലായിരുന്നു," രശ്മിക കൂട്ടിച്ചേർത്തു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് രശ്മികയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നത്. ഉദയ്പൂരിലെ ആഡംബര ഐടിസി മെമെന്‍റോസിൽ നടന്ന വിവാഹച്ചടങ്ങിൽ ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഗീതാഗോവിന്ദം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യം ഒരുമിച്ച് അഭിനയിക്കുന്നത്. പിന്നാലെയുള്ള സിനിമകളിലും ഇരുവരുടേയും ജോഡി കയ്യടി നേടി. അധികം വൈകാതെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും സജീവമായി.
Content Highlights: Rashmika Mandanna and Vijay Deverakonda have revealed why they chose to keep their romance and marriage private. The actors share their perspective on maintaining privacy in their relationship despite public attention.