പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ നടക്കാനിരുന്ന ചര്‍ച്ച മാറ്റിവെച്ചു

ഇറാന്‍ വിദേശകാര്യമന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ നടക്കാനിരുന്ന ചര്‍ച്ച മാറ്റിവെച്ചു
dot image

തെഹ്‌റാന്‍/മസ്‌ക്കറ്റ്: ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ ഇന്ന് സലാലയില്‍ നടക്കാനിരുന്ന ചര്‍ച്ച മാറ്റിവച്ചതായി ഒമാന്‍ അറിയിച്ചു. സമവായ താത്പര്യങ്ങളുടെ പുറത്താണ് ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്നും മേഖലയിലെ ചില രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും ഒമാന്‍ വിദേശകാര്യ മന്ത്രി ബാദര്‍ അല്‍ബുസൈയ്ദി എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു. പ്രാദേശികമായ സഹകരണവും സ്ഥിരതയും നിലനില്‍ക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും എല്ലാകാലത്തും പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ വിദേശകാര്യമന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ജിസിസി രാജ്യങ്ങളും ഇറാനും തമ്മില്‍ ചര്‍ച്ച നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഏതെല്ലാം രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. അതേസമയം ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബെഹ്‌റൈന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. മറ്റ് രാജ്യങ്ങള്‍ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നുമില്ല. സലായില്‍ തിങ്കളാഴ്ച നടക്കാനിരുന്ന ചര്‍ച്ചകള്‍ തകര്‍ക്കങ്ങള്‍ പരിഹരിച്ച് കൃത്യമായ പരിഹാരത്തിലെത്താനുള്ള സാഹചര്യം ഉറപ്പാക്കുന്നതിനായി മാറ്റിവച്ചു എന്നാണ് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 28 മുതല്‍ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്റെയും അമേരിക്കയുടെയും ഉപരോധം തുടരുകയാണ്. ഈ വര്‍ഷം ജൂണില്‍ ഇറാനും അമേരിക്കയും തമ്മില്‍ ഒരു കരാറിലെത്തിയെങ്കിലും ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ആ കരാര്‍ പരാജയപ്പെട്ടു. നിലവില്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യെമനിലെ ഹൂതി വിമതര്‍ ബാബ് അല്‍ മാന്‍ദാബ് കടലിടുക്കിലെ തങ്ങളുടെ പിടിമുറിക്കിയിരിക്കുകയാണ്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ പ്രാധാന്യമുള്ള പ്രധാനപ്പെട്ട രണ്ട് ജലപാതകളുടെ മേല്‍ ശക്തമായ സ്വാധീനം ഇറാന് ലഭിച്ചിരിക്കുകയാണ്. ഈ അവസരം ഉപയോഗിക്കാനാണ് ഇറാന്റെ തീരുമാനം. ഹോര്‍മൂസിലെ ഉപരോധം മൂലം എണ്ണവില കുതിച്ചുയരുകയാണ്.

Content Highlights: Planned talks between Iran and Gulf countries have been postponed amid the ongoing conflict in West Asia. The discussions were expected to address issues involving Iran and the Gulf region, but the scheduled meeting has now been deferred.

dot image
To advertise here,contact us
dot image