

വാഷിങ്ടണ്‍: അമേരിക്ക മുന്നോട്ടുവച്ച പ്രധാന നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഒരു കരാര്‍ എത്രയും വേഗം ഒപ്പിടാനുള്ള 'സാധ്യത' കണക്കിലെടുത്ത് 'താത്കാലികമായി' ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ കൂടിയായിരുന്നു ട്രംപിന്റെ അറിയിപ്പ്. ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ യുഎസ് പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് താത്കാലികമായ ഒരു സമാധാനത്തിന് ട്രംപ് തയ്യാറായിരിക്കുന്നത്.
ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുക എന്നീ പ്രധാന നിര്‍ദേശങ്ങള്‍ അംഗീകരിച്ച കരാറില്‍ എത്രയും വേഗം തീരുമാനം ഉണ്ടാകുന്ന സാഹചര്യത്തിൽ താന്‍ ആക്രമണങ്ങള്‍ നിര്‍ത്തിവയ്ക്കാൻ തീരുമാനിച്ചതായാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം തന്നെ ഇസ്രയേലിനൊപ്പമാണ് ഈ തീരുമാനമെടുത്തതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഇറാനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും ആക്രമണങ്ങൾ അവസാനിപ്പിച്ച് കരാറിലെത്തണമെന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് താന്‍ ഈ തീരുമാനമെടുത്തതെന്നും ട്രംപ് തന്റെ പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ട്. ഇതിനൊപ്പമാണ് കരാറിലെ പ്രധാന ആവശ്യങ്ങളെ കുറിച്ചും വിശദീകരിച്ചിരിക്കുന്നത്.
യുഎസ് ഇസ്ലാമിക്ക് റിപ്പബ്ലിക്ക് ഓഫ് ഇറാനെ ആക്രമിക്കാന്‍ യുഎസ് പൂര്‍ണമായും സജ്ജമാണെന്നും ആയുധങ്ങളെല്ലാം തയ്യാറായി കഴിഞ്ഞെന്നും പറഞ്ഞ ട്രംപ് രണ്ടാം ലോക മഹായുദ്ധത്തില്‍ പോലും കണ്ടിട്ടില്ലാത്തത്ര തീവ്രമായ സൈനിക നീക്കവും ശക്തിയും കരുത്തും എല്ലാ ഘട്ടത്തിലും ഉയര്‍ത്താന്‍ യുഎസ് തയ്യാറായി കഴിഞ്ഞെന്നും ഇതേ പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നതിൽ യുഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മേഖലയിലെ ഏതെങ്കിലും രാജ്യങ്ങള്‍ വാഷിങ്ടണുമായി സഹകരിച്ചാല്‍ അവരെ ചുട്ടെരിക്കുമെന്നും ഇറാന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ പുതിയ പ്രഖ്യാപനത്തില്‍ ഇറാന്‍ ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.
പശ്ചിമേഷ്യയിൽ ആക്രമണ സാധ്യത മുന്‍കൂട്ടി അറിയിച്ച് കൊണ്ട് മേഖലയിലുള്ള യുഎസ് പൗരന്മാരോട് ജാഗ്രത പാലിക്കണം അല്ലെങ്കില്‍ ഈ രാജ്യങ്ങള്‍ വിടണമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ നേരത്തെ നൽകിയിരുന്നു. യുഎസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ സൈനിക നടപടികള്‍ നിര്‍ത്തിവച്ചിരിക്കുന്ന ഇസ്രയേല്‍ വീണ്ടും ഇറാനെതിരെയുള്ള ആക്രമണത്തിലൂടെ യുദ്ധമുഖത്തെത്തുമെന്നായിരുന്നു വിവരം. ഇതിനിടയിലാണ് പുതിയ നീക്കം.
ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങളെ സംയുക്തമായി ആക്രമിക്കാന്‍ ഇസ്രയേലും അമേരിക്കയും തീരുമാനിച്ചതായി ചില വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. തയ്യാറെടുപ്പുകള്‍ നടത്താന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയ ട്രംപ്, അക്രമണത്തിനായുള്ള അന്തിമ അനുമതി നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
Content Highlights: Donald Trump said the ongoing strikes could be brought to an end if the parties involved reach an agreement quickly. His remarks emphasized the need for a faster peace deal to resolve the conflict.