

ഓഹരി വിപണിയിൽ ഇടപാടുകൾ നടത്തുന്ന നിക്ഷേപകരും ട്രേഡർമാരും ശ്രദ്ധിക്കേണ്ട സുപ്രധാന മാറ്റങ്ങൾ ഓഗസ്റ്റ് 3 മുതൽ പ്രാബല്യത്തിൽ വരും. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)യുടെ അനുമതിയോടെ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (NSE) നടപ്പാക്കുന്ന പുതിയ സംവിധാനത്തിന്റെ ഭാഗമായി ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് ഓഹരികൾക്കായി ട്രേഡിംഗ് സമയത്തിലും ക്ലോസിംഗ് വില നിർണയിക്കുന്ന രീതിയിലും മാറ്റം വരും.
ഇന്ത്യൻ ഓഹരി വിപണിയെ ആഗോള നിലവാരത്തിനൊപ്പമെത്തിക്കാനും ക്ലോസിംഗ് വില കൂടുതൽ സുതാര്യവും കൃത്യവുമാക്കാനുമാണ് ഈ പരിഷ്‌കാരമെന്നാണ് എക്‌സ്‌ചേഞ്ച് വ്യക്തമാക്കുന്നത്. നിലവിൽ F&O ഓഹരികളുടെ ക്ലോസിംഗ് വില അവസാന 30 മിനിറ്റിലെ വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. എന്നാൽ ഓഗസ്റ്റ് 3 മുതൽ ഇത് മാറി ക്ലോസിങ് ഓക്ഷൻസെഷൻ (CAS) വഴി കണ്ടെത്തുന്ന ഇക്വിലിബ്രിയം പ്രൈസ് ആയിരിക്കും ഔദ്യോഗിക ക്ലോസിംഗ് വില.
ഇതിനായി വൈകിട്ട് 3.15 മുതൽ 3.35 വരെ പ്രത്യേക ക്ലോസിംഗ് സെഷൻ നടത്തും. ഈ സമയത്ത് നിക്ഷേപകരുടെ വാങ്ങൽ-വിൽപ്പന ഓർഡറുകൾ ശേഖരിച്ച് ഏറ്റവും അനുയോജ്യമായ ഒരൊറ്റ വില കണ്ടെത്തിയാണ് ക്ലോസിംഗ് വില നിശ്ചയിക്കുക.
പുതിയ സമയക്രമപ്രകാരം ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് ഓഹരികളുടെ സാധാരണ ക്യാഷ് മാർക്കറ്റ് ട്രേഡിംഗ് രാവിലെ 9.15 മുതൽ വൈകിട്ട് 3.15 വരെ മാത്രമായിരിക്കും. ക്ലോസിംഗ് ലേലം പൂർത്തിയായ ശേഷം, ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് ഉൾപ്പെടെയുള്ള ഡെറിവേറ്റീവ്‌സ് വിഭാഗത്തിൽ ട്രേഡിംഗ് വൈകിട്ട് 3.40 വരെ തുടരും. നിലവിൽ ഇത് 3.30-നാണ് അവസാനിക്കുന്നത്. അതിനാൽ എഫ്&ഒ ട്രേഡർമാർക്ക് ഇനി 10 മിനിറ്റ് അധിക ട്രേഡിംഗ് സമയം ലഭിക്കും.
എന്നാൽ ഈ മാറ്റം എഫ്&ഒ വിഭാഗത്തിൽ ഉൾപ്പെട്ട ഓഹരികൾക്ക് മാത്രമാണ് ബാധകമാകുക. എഫ്&ഒവിഭാഗത്തിന് പുറത്തുള്ള ഓഹരികളിൽ നിലവിലുള്ളതുപോലെ വൈകിട്ട് 3.30 വരെയാണ് ട്രേഡിംഗ് നടക്കുക. അതിനാൽ വ്യത്യസ്ത മാർക്കറ്റ് സെഗ്മെന്റുകളിൽ ഇടപെടുന്ന നിക്ഷേപകരും ട്രേഡർമാരും പുതിയ സമയക്രമം മനസ്സിലാക്കി ഓർഡറുകൾ ക്രമീകരിക്കേണ്ടതുണ്ടെന്ന് വിപണി വിദഗ്ധർ നിർദേശിക്കുന്നു.
ക്ലോസിംഗ് വിലയിലെ കൃത്രിമ ഇടപെടലുകൾ കുറയ്ക്കുക, വില നിർണയം കൂടുതൽ വിശ്വസനീയമാക്കുക, ആഗോള വിപണികളിലെ രീതികളോട് ഇന്ത്യൻ വിപണിയെ കൂടുതൽ യോജിപ്പിക്കുക എന്നിവയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓഗസ്റ്റ് 3 മുതൽ ഈ മാറ്റങ്ങൾ രാജ്യത്തെ എല്ലാ എഫ്&ഒ ഓഹരികൾക്കും ബാധകമാകും.
Content Higlights: Stock market timings change from Monday, August 3: Everything investors and traders need to know