മുത്തൂറ്റ് ഫിനാൻസിൽ നിർണായക നേതൃമാറ്റം; അലക്സാണ്ടർ ജോർജ് പുതിയ മാനേജിങ് ഡയറക്ടർ

2025-26 സാമ്പത്തിക വർഷത്തിൽ 10,606 കോടി രൂപയുടെ കൺസോളിഡേറ്റഡ് അറ്റാദായവും കമ്പനി രേഖപ്പെടുത്തി

മുത്തൂറ്റ് ഫിനാൻസിൽ നിർണായക നേതൃമാറ്റം; അലക്സാണ്ടർ ജോർജ് പുതിയ മാനേജിങ് ഡയറക്ടർ
dot image

മുത്തൂറ്റ് ഫിനാൻസിന്റെ തലപ്പത്ത് നിർണായക മാറ്റം. കമ്പനിയുടെ പുതിയ മാനേജിങ് ഡയറക്ടറായി അലക്സാണ്ടർ ജോർജിനെ നിയമിക്കാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു. 2026 ഒക്ടോബർ 1 മുതൽ നിയമനം പ്രാബല്യത്തിൽ വരും. ഓഹരി ഉടമകളുടെ അംഗീകാരത്തിന് ശേഷമായിരിക്കും ഔദ്യോഗിക നിയമനം പൂർത്തിയാകുക.

നിലവിലെ മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പുതിയ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി ചുമതലയേൽക്കും. മൂന്ന് പതിറ്റാണ്ടിലേറെയായി കമ്പനിയെ നയിച്ച അദ്ദേഹം, ഭാവി വളർച്ചയ്ക്കുള്ള തന്ത്രപരമായ മാർഗനിർദേശങ്ങളുമായി തുടർന്നും സജീവമായി തുടരും.

അതേസമയം, നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ കെ. ആർ. ബിജിമോനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സ്ഥാനക്കയറ്റം നൽകാനും ബോർഡ് ശുപാർശ ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പിന്റെ സാമ്പത്തിക വളർച്ചയിലും പ്രവർത്തന മികവിലും മൂന്ന് പതിറ്റാണ്ടിലേറെയായി നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ബിജിമോൻ.

മുത്തൂറ്റ് ഫിനാൻസ് മുൻ ചെയർമാൻ അന്തരിച്ച എം. ജി. ജോർജ് മുത്തൂറ്റിന്റെ ഇളയ മകനാണ് അലക്സാണ്ടർ ജോർജ്. നിലവിൽ ജോയിന്റ് മാനേജിങ് ഡയറക്ടറായ അദ്ദേഹം 2006 മുതൽ കമ്പനിയുടെ വിവിധ പ്രവർത്തന മേഖലകളിൽ സജീവമാണ്. ഉത്തരേന്ത്യ, കിഴക്കൻ ഇന്ത്യ, പശ്ചിമ ഇന്ത്യ എന്നിവിടങ്ങളിലെ പ്രവർത്തന വിപുലീകരണത്തിനും ബ്രാഞ്ച് ശൃംഖല വികസനത്തിനും അദ്ദേഹം നേതൃത്വം നൽകി.

സാങ്കേതികവിദ്യ, ഡിജിറ്റൽ ബാങ്കിംഗ്, ഉപഭോക്തൃ സേവനം, മാർക്കറ്റിംഗ്, ബ്രാൻഡ് വികസനം തുടങ്ങിയ മേഖലകളിൽ നിരവധി മാറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ അഡ്വാൻസ്ഡ് ഡിപ്ലോമയും തണ്ടർബേർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.

റെക്കോർഡ് സാമ്പത്തിക പ്രകടനത്തിനിടെയാണ് മുത്തൂറ്റ് ഫിനാൻസ് പുതിയ നേതൃത്വത്തിലേക്ക് കടക്കുന്നത്. 2026 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിയുടെ കൺസോളിഡേറ്റഡ് വായ്പാ ആസ്തി 1.91 ലക്ഷം കോടി കടന്നു. 2025-26 സാമ്പത്തിക വർഷത്തിൽ 10,606 കോടി രൂപയുടെ കൺസോളിഡേറ്റഡ് അറ്റാദായവും കമ്പനി രേഖപ്പെടുത്തി.

ഏകദേശം 7,500 ശാഖകളും 50,000ത്തിലധികം ജീവനക്കാരുമുള്ള മുത്തൂറ്റ് ഫിനാൻസിനെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം. ഉപഭോക്തൃ സേവനം, ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ, സുസ്ഥിര വളർച്ച എന്നിവയ്ക്ക് മുൻഗണന നൽകുമെന്ന് അലക്സാണ്ടർ ജോർജ് വ്യക്തമാക്കി.

"വിശ്വാസത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമായാണ് മുത്തൂറ്റ് ഫിനാൻസ് വളർന്നത്. അടുത്ത തലമുറയ്ക്ക് നേതൃത്വം കൈമാറാൻ അനുയോജ്യമായ സമയമാണിത്. അലക്സാണ്ടറിന്റെ നേതൃത്വത്തിൽ കമ്പനിയുടെ വളർച്ച തുടരുമെന്ന് വിശ്വാസമുണ്ട്," ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

പുതിയ ചുമതലയിൽ ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ഓഹരിയുടമകൾക്കും ദീർഘകാല മൂല്യം സൃഷ്ടിക്കുന്നതിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ സാമ്പത്തിക സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അലക്സാണ്ടർ ജോർജ് വ്യക്തമാക്കി.

Content Highlights: Muthoot Finance Announces Leadership Transition; Alexander George to Lead Next Phase of Growth as Managing Director

dot image
To advertise here,contact us
dot image