

ന്യൂഡല്‍ഹി: ചോദ്യ പേപ്പര്‍ ചോര്‍ച്ച വിവാദത്തിന് പിന്നാലെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് 24 മണിക്കൂറും സുരക്ഷാ സേവനം ഉറപ്പാക്കുന്നതിനായി പ്രൊഫഷണല്‍ സുരക്ഷാ ഏജന്‍സിയെ നിയമിക്കാന്‍ 7.5 കോടി രൂപയുടെ ടെന്‍ഡര്‍ ക്ഷണിച്ചു. ഡല്‍ഹിയിലെ മിന്റോ റോഡിലുള്ള ആസ്ഥാനം, ഓഖ്‌ലയിലെയും മറ്റ് നിശ്ചിത സ്ഥലങ്ങളിലുമുള്ള പ്രാദേശിക ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് സുരക്ഷാ ഏജന്‍സിയെ നിയമിക്കുന്നത്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ പുനസംഘടനയ്ക്ക് വിധേയമാകുന്നതിന് മുമ്പാണ് എന്‍ടിഎയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള നീക്കം.
'റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍' (ആര്‍പിഎഫ്) രേഖ പ്രകാരം, തിരഞ്ഞെടുക്കപ്പെടുന്ന ഏജന്‍സി എന്‍ടിഎ ഉദ്യോഗസ്ഥര്‍, സന്ദര്‍ശകര്‍, ആസ്തികള്‍, ഓഫീസ് പരിസരം, പരീക്ഷയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍, സെര്‍വര്‍ റൂമുകള്‍, സ്‌ട്രോങ്ങ് റൂമുകള്‍, വെയര്‍ഹൗസുകള്‍, റെക്കോര്‍ഡ് റൂമുകള്‍, കൂടാതെ പരീക്ഷയുടെ സുപ്രധാന വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മറ്റ് നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് സംരക്ഷണം നല്‍കുന്നതിനായി 'സമഗ്രമായ സുരക്ഷാ സേവനങ്ങള്‍' ലഭ്യമാക്കും. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍, എന്നാല്‍ സേവനത്തിന് അനുസരിച്ച് ഒരുവര്‍ഷം കൂടി ഇത് നീട്ടി നല്‍കും. ജൂലൈ 25നാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. ഓഗസ്റ്റ് 17ന് ഉച്ചയ്ക്ക് 3 മണി വരെ ബിഡുകള്‍ സമര്‍പ്പിക്കാം. സാങ്കേതിക ബിഡുകള്‍ അന്നുതന്നെ തുറന്നു പരിശോധിക്കും.
പ്രൊഫഷണല്‍ സുരക്ഷാ സേവനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം, കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ കുറഞ്ഞത് 10 കോടി രൂപയുടെ ശരാശരി വാര്‍ഷിക വിറ്റുവരവ് എന്നിവ ബിഡ് ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കണമെന്ന് റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ നിഷ്‌കര്‍ഷിക്കുന്നു. കൂടാതെ, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പരീക്ഷാ നടത്തിപ്പ് ഏജന്‍സികള്‍, സര്‍വകലാശാലകള്‍, വിമാനത്താവളങ്ങള്‍, ആശുപത്രികള്‍, മെട്രോ സംവിധാനങ്ങള്‍ അല്ലെങ്കില്‍ ഉയര്‍ന്ന സുരക്ഷാ സംവിധാനമുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ സേവനം നല്‍കിയ മുന്‍പരിചയവും ഉണ്ടായിരിക്കണം.
കോണ്‍ട്രാക്റ്റ് കാലാവധി കഴിയുന്നത് വരെ പരീക്ഷാ സാമഗ്രികള്‍, ഐടി സിസ്റ്റം, സുരക്ഷാ സജീകരണങ്ങള്‍ മറ്റ് വിവരങ്ങള്‍ എന്നിവയ്ക്ക് കര്‍ശനമായ രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്നും ആര്‍എഫ്പിയില്‍ പറയുന്നുണ്ട്. എന്നാല്‍ മുമ്പ് ഉണ്ടായിരുന്ന സുരക്ഷാ സംവിധാനങ്ങള്‍ എങ്ങനെയായിരുന്നെന്നോ, അത് പുറത്ത് നിന്നുള്ള ഏജന്‍സിയായിരുന്നോ അതോ എന്‍ടിഎയിലെ ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നോ നിര്‍വഹിച്ചിരുന്നത് എന്നതിനെ സംബന്ധിച്ചോ രേഖകളില്‍ യാതൊന്നും സൂചിപ്പിച്ചിട്ടില്ല. എന്‍ടിഎയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ഇതിന് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
നീറ്റ്-യുജി 2026 വിവാദത്തെത്തുടര്‍ന്ന് രൂപീകരിച്ച കെ രാധാകൃഷ്ണന്‍ സമിതി, സ്വകാര്യ സുരക്ഷാ ഏജന്‍സിയെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നില്ല. എന്നാല്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ വിശകലനം ചെയ്യാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും കഴിയുന്ന 'ഇന്‍-ഹൗസ് സുരക്ഷാ വിശകലന വിദഗ്ധരെ' നിയമിക്കുന്നത് ഉള്‍പ്പെടെ, എന്‍ടിഎയുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തണമെന്ന് സമിതി ആവശ്യപ്പെട്ടിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 13 പ്രതികള്‍ക്കുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയവരില്‍ നിന്ന് ഗുണഭോക്താക്കളായ ഉദ്യോഗാര്‍ത്ഥികളിലേക്ക് ചോര്‍ച്ച എത്തിയതെങ്ങനെയെന്ന് കണ്ടെത്താനും, ഇതിനു പിന്നിലെ ഗൂഢാലോചന പൂര്‍ണ്ണമായി പുറത്തുകൊണ്ടുവരാനും തങ്ങള്‍ക്ക് കഴിഞ്ഞതായി ഏജന്‍സി അറിയിച്ചു.
Content Highlights: The National Testing Agency (NTA) has floated a ₹7.5 crore tender to deploy 24x7 professional security at its headquarters and regional offices. The move comes in the wake of the question paper leak controversy and aims to strengthen protection for officials, confidential exam records, servers, and other critical infrastructure. The contract will initially run for two years with an option for extension.