'കാണാന്‍ ഭംഗിയില്ല'; സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിക്കാതെ മകന്‍, ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് കമ്പനി ഉടമ

ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്

'കാണാന്‍ ഭംഗിയില്ല'; സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിക്കാതെ മകന്‍, ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് കമ്പനി ഉടമ
dot image

ബെയ്ജിങ്: സ്വന്തം അമ്മയെ വിവാഹത്തിന് ക്ഷണിക്കാത്ത ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ കാരണം പങ്കുവെച്ച് ചൈനയിലെ ഒരു കമ്പനി ഉടമ. അമ്മ വരുന്നതിൽ തനിക്ക് നാണക്കേടുണ്ടെന്നും അതിനാലാണ് ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതെന്നും ജീവനക്കാരന്‍ പറഞ്ഞതായാണ് വിവരം.

ഹെനാന്‍ മൈനിംഗ് ക്രെയിന്‍ കമ്പനി ലിമിറ്റഡിന്റെ സ്ഥാപകയായ കുയി പെയ്ജുന്‍ ആണ് തന്റെ കമ്പനിയിലെ ജീവനക്കാരനെ പിരിച്ചുവിട്ടത്. ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുയി പെയ്ജുന്‍ തന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ കുട്ടികള്‍ക്കായുള്ള വേനല്‍ക്കാല ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനിടെയാണ് ഈ സംഭവം പങ്കുവെച്ചത്. ഇതോടെ സംഭവം വൈറലായി.

സിന്‍ ച്യൂ ഡെയ്ലിയുടെ റിപ്പോര്‍ട്ട് പ്രകാരം, ഹെനാന്‍ മൈനിംഗ് ക്രെയിന്‍ കമ്പനി ലിമിറ്റഡ് ജീവനക്കാരുടെ കുട്ടികള്‍ക്കായി ജൂലൈ 21-ന് ഒരു പ്രത്യേക വേനല്‍ക്കാല ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. ഈ പ്രോഗ്രാമിനായി കമ്പനി 331 വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്തു. മാതാപിതാക്കളെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നത് ഒരു വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നാണെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച കുയി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

ഇതിനിടെയാണ് ഒരു ജീവനക്കാരന്റെ വിവാഹത്തില്‍ പങ്കെടുത്തത് കുയി ഓര്‍ത്തെടുത്തത്. ജീവനക്കാരന്റെ അമ്മ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനുപകരം ഫാക്ടറിക്ക് സമീപമുള്ള ഒരിടത്ത് ഒറ്റയ്ക്ക് ഇരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. അമ്മ വിവാഹത്തില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അയാള്‍ ജീവനക്കാരനോട് ചോദിച്ചു. 'എന്റെ അമ്മയുടെ മുഖം ഭംഗിയില്ലെന്നും അവര്‍ എന്നെ നാണം കെടുത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു', എന്നുമാണ് ജീവനക്കാരന്‍ മറുപടി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ജീവനക്കാരനെ താന്‍ പിരിച്ചുവിട്ടെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരന്‍ പിന്നീട് തന്നെ തിരികെ എടുക്കാന്‍ ആവശ്യപ്പെട്ട് കുയിയുടെ ഓഫീസിലേക്ക് മടങ്ങിവന്നെന്നും എന്നാല്‍ കുയി തന്റെ തീരുമാനം മാറ്റാന്‍ തയാറായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പിന്നീട് കമ്പനിയുടെ ലോജിസ്റ്റിക്‌സ് വിഭാഗത്തില്‍ അമ്മയ്ക്കായി കുയി ജോലി തരപ്പെടുത്തി നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Chinese Company Owner Explains Why Employee Was Fired for Not Inviting Mother to Wedding

dot image
To advertise here,contact us
dot image