

ദുബായിലെ സൈക്കിൾ പ്രേമികൾക്കും കാൽനടയാത്രക്കാർക്കുമായി പുതിയ പാലം തുറന്ന് ദുബായ് ആർടിഎ. അൽ മംസറിനെയും അൽ ഖവാനീജിനെയും അൽ നഹ്ദ വഴി ബന്ധിപ്പിക്കുന്ന 820 മീറ്റർ നീളമുള്ള പാലമാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഗതാഗതത്തിനായി തുറന്നുകൊടുത്തിരിക്കുന്നത്.
നഗരത്തിലെ പ്രധാന സൈക്ലിങ് പാതകളെ തടസ്സമില്ലാതെ കോർത്തിണക്കുന്ന രീതിയിലാണ് ഈ പുതിയ പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അൽ ഖവാനീജ്, അൽ വർഖ എന്നിവടങ്ങളിലെ സൈക്ലിങ് ട്രാക്കുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ പുതിയ പാത, സെയ്ഹ് അൽ സലാം വരെയുള്ള നെറ്റ്‌വർക്കിലേക്കും നീളുന്നു.
ഈ പുതിയ പാലം യാഥാർത്ഥ്യമായതോടെ ദുബായിലെ വിവിധ പ്രദേശങ്ങളിലൂടെ സൈക്കിളിലും കാൽനടയായും സുരക്ഷിതമായി യാത്ര ചെയ്യാൻ നിവാസികൾക്കും സന്ദർശകർക്കും സാധിക്കും. പരിസ്ഥിതി സൗഹൃദപരവും സജീവവുമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുന്ന ദുബായ് ഭരണകൂടത്തിന്റെ കാഴ്ചപ്പാടിന് വലിയ കരുത്തുപകരുന്നതാണ് ഈ പുതിയ ഇൻഫ്രാസ്ട്രക്ചർ.
സുസ്ഥിരവും ആരോഗ്യകരവുമായ ഗതാഗത മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ പാതകൾ ഒരുക്കുന്നതിനായി ദുബായിലുടനീളം സൈക്ലിംഗ് നെറ്റ്‌വർക്ക് വികസിപ്പിക്കുന്ന വലിയ പദ്ധതിയുടെ ഭാഗമായാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.
Content Highlights: Dubai has inaugurated a new 820-metre bridge designed for pedestrians and cyclists. The facility aims to promote sustainable transport, enhance connectivity, and provide safer travel options for residents and visitors.