

ദോഹ: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടയില്‍ ഖത്തറില്‍ ഇറാന്റെ മിസൈല്‍ അവശിഷ്ടം പതിച്ച് ഒരു കുട്ടിക്ക് പരിക്കേറ്റു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവില്‍ പരിക്കേറ്റ കുട്ടിക്ക് മികച്ച ചികിത്സ നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ദോഹയില്‍ പുലര്‍ച്ചെ 3.30മുതല്‍ 5.30 വരെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും ഏതാനും മിസൈലുകളെ പ്രതിരോധിച്ചെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലായം അറിയിച്ചു. രാജ്യത്ത് പൗരന്മാരുടെ ജീവന് വേണ്ട സംരക്ഷണം ഉറപ്പാക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ ഇന്ത്യന്‍ കപ്പലുകളുടെ നീണ്ട നിരയെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. കടലിടുക്ക് കടക്കാനുള്ള അപേക്ഷകളില്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് തിരിച്ചുമുള്ള കപ്പലുകളാണ് മുന്നിലെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 17ന് ശേഷമുള്ള മൂന്നാഴ്ചത്തെ കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്. ഹോര്‍മൂസില്‍ കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് ഇറാന്‍ രൂപീകരിച്ച പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയ്റ്റ് അതോറിറ്റിയുടെ വിവരങ്ങള്‍ പ്രകാരമുള്ള കണക്കാണിത്.
ഹോര്‍മൂസില്‍ നിന്ന് പുറത്തുകടക്കാനുള്ള അപേക്ഷകളില്‍ 20 ശതമാനവും ഇന്ത്യയിലേക്കുള്ള കപ്പലുകളാണ്. അതോടൊപ്പം തന്നെ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് കടക്കാനുള്ള അപേക്ഷകളിലും 21ശതമാനത്തിലേറെ ഇന്ത്യയില്‍ നിന്നുള്ള കപ്പലുകള്‍ ആണുള്ളത്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്കുള്ള കപ്പലുകളുടെ എണ്ണം 29 ശതമാനത്തിലും 20 ശതമാനത്തിനും ഇടയിലാണെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ കപ്പല്‍ ഗതാഗതത്തില്‍ വന്‍ ഇടിവ് വന്നെന്നും പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയ്റ്റ് അതോറിറ്റി പറയുന്നു.
തുടര്‍ച്ചയായ ആറാം ദിനവും ഇറാനില്‍ യുഎസ് ആക്രമണം തുടരുകയാണ്. ബന്ദര്‍ അബ്ബാസിലെ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലുടനീളം ഉണ്ടായ ആക്രമണങ്ങളില്‍ 2 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 8 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കുവൈറ്റും ജോര്‍ദാനും അടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍റെ തിരിച്ചടി തുടരുകയാണ്. ഇതിനിടെ ഹോര്‍മൂസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലല്ലെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി രംഗത്ത് വന്നിട്ടുണ്ട്.
Content Highlights: A child was injured in Qatar after debris from an Iranian missile fell there, amidst escalating conflict in West Asia.