'അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി'; പവർഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിൻ്റെ വിജയം: ശ്വേത

തന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനങ്ങള്‍ക്കോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ലെന്നും ശ്വേത മേനോൻ

'അമ്മയിൽ പവർ ഗ്രൂപ്പ്, ലാലേട്ടൻ വരെ രാജിവെച്ച് പോയി'; പവർഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിൻ്റെ വിജയം: ശ്വേത
dot image

കൊച്ചി: താരസംഘടന അമ്മയില്‍ പവര്‍ ഗ്രൂപ്പെന്ന് ശ്വേത മേനോന്‍. ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ പവര്‍ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാന്‍ കഴിയില്ല. മോഹന്‍ലാല്‍ വരെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പോയി. തന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനങ്ങള്‍ക്കോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ല. അമ്മയില്‍ സാമ്പത്തിക തിരിമറി നടത്തിയവര്‍ക്കെതിരെയും ചില കുറ്റാരോപിതര്‍ക്ക് എതിരെയുമായിരുന്നു തന്റെ പോരാട്ടം. പവര്‍ഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിന്റെ വിജയമാണെന്നും ശ്വേത മേനോന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശ്വേത മേനോന്റെ പ്രതികരണം.

നിസ്സഹായകരായ അംഗങ്ങള്‍ക്ക് കൈത്താങ്ങാകുക എന്നതാണ് അമ്മയുടെ സ്ഥാപിത ലക്ഷ്യം. അതിന് പണം കണ്ടെത്താന്‍ വേണ്ടിയാണ് മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവര്‍ അവരുടെ സമയവും അധ്വാനവും ചെലവഴിച്ച് സംഘടനയുടെ സ്‌പോണ്‍സര്‍ഡ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നത്. ആ പണം തരുന്നത് ഹിന്ദുവാണോ, മുസ്‌ലിമാണോ, ക്രിസ്ത്യാനിയാണോ, അമ്പലമാണോ, പള്ളിയാണോ, അംബാനിയാണോ, അദാനിയാണോ എന്നൊന്നും തങ്ങള്‍ ഒരിക്കലും നോക്കിയിട്ടില്ല. സഹായിക്കാന്‍ മുന്നോട്ട് വരുന്ന എല്ലാവരെയും തങ്ങള്‍ ഒരേ മനസ്സോടെയാണ് സ്വീകരിച്ചിട്ടുള്ളതെന്നും ശ്വേത മേനോന്‍ പറഞ്ഞു.

അമ്മയുടെ അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരുന്ന ഫണ്ടില്‍ ചില കുറ്റാരോപിതര്‍ മുന്‍പ് നടത്തിയ സാമ്പത്തിക തിരിമറികള്‍ താന്‍ കണ്ടെത്തി. ആ കാര്യങ്ങള്‍ താന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതലാണ് തന്നെ അവര്‍ അപമാനിക്കാന്‍ ശ്രമിച്ചത്. ജനറല്‍ ബോഡി മീറ്റിങ്ങില്‍ തന്നെ കൈയേറ്റം ചെയ്യാന്‍ വരെ ശ്രമിച്ചു. ആ സാഹചര്യത്തിലാണ് താന്‍ അമ്മയില്‍ നിന്ന് പിന്മാറുന്നതിനെ പറ്റി ചിന്തിച്ചതെന്നും ശ്വേത മേനോന്‍ പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

AMMAയിലുള്ള മിക്കവരും ഫീല്‍ഡ് ഔട്ട് ആയവരാണ്, ഇവര്‍ക്കൊന്നും സിനിമയില്ല എന്ന് പറഞ്ഞ് ഞങ്ങളുടെ സംഘടനയെ പലരും സോഷ്യല്‍ മീഡിയയില്‍ കളിയാക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഒരു കാര്യം തുറന്ന് പറയട്ടെ… അത് ഒരു സത്യമാണ്. സ്ഥിരവരുമാനമില്ലാതെ ജീവിക്കുന്ന ഒത്തിരി കലാകാരന്മാര്‍ അമ്മയിലുണ്ട്. ആരുടെയെങ്കിലും മുന്നില്‍ കൈ നീട്ടാതെ ജീവിക്കാനും, മരുന്ന് വാങ്ങാനും, ഒരു നേരത്തെ ആഹാരം കണ്ടെത്താനും അവര്‍ക്ക് കൈത്താങ്ങാവുക എന്നതാണ് AMMAയുടെ സ്ഥാപിത ലക്ഷ്യം.

ഇതിനുള്ള പണം കണ്ടെത്താന്‍ വേണ്ടിയാണ് ലാലേട്ടനും മമ്മൂക്കയും മറ്റ് സ്റ്റാര്‍ വാല്യൂ ഉള്ള താരങ്ങളും അവരുടെ സമയവും അധ്വാനവും ചിലവഴിച്ച് AMMAയുടെ സ്‌പോണ്‍സര്‍ഡ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നത്. ആ പണം തരുന്നത് ഹിന്ദുവാണോ, മുസ്ലീമാണോ, ക്രിസ്ത്യാനിയാണോ, അമ്പലമാണോ, പള്ളിയാണോ, അംബാനിയാണോ, അദാനിയാണോ എന്നൊന്നും ഞങ്ങള്‍ ഒരിക്കലും നോക്കിയിട്ടില്ല. സഹായിക്കാന്‍ മുന്നോട്ട് വരുന്ന എല്ലാവരെയും ഞങ്ങള്‍ ഒരേ മനസ്സോടെയാണ് സ്വീകരിച്ചിട്ടുള്ളത്.

പക്ഷേ, അമ്മയുടെ അംഗങ്ങള്‍ക്ക് അവകാശപ്പെട്ട ഫണ്ട്… അവരുടെ ചികിത്സയ്ക്കും മരുന്നിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി മാറ്റിവെച്ചിരുന്ന ഫണ്ടില്‍ ചില കുറ്റാരോപിതര്‍ മുന്‍പ് നടത്തിയ സാമ്പത്തിക തിരിമറികള്‍ ഞാന്‍ കണ്ടെത്തി. ആ കാര്യങ്ങള്‍ ഞാന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതലാണ് എന്നെ അവര്‍ അപമാനിക്കാന്‍ ശ്രമിച്ചത്. General Body മീറ്റിംഗില്‍ എന്നെ കൈയേറ്റം ചെയ്യാന്‍ വരെ ശ്രമിച്ചു. ആ സാഹചര്യത്തിലാണ് ഞാന്‍ അമ്മയില്‍ നിന്ന് പിന്മാറുന്നതിനെ പറ്റി ചിന്തിച്ചത്.

ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ ആ 'power group'നെ ഒരിക്കലും ഒറ്റയ്ക്ക് നേരിടാന്‍ ആവില്ല എന്നത് ഞാന്‍ AMMA പ്രസിഡന്റായി മത്സരിച്ച അന്നു മുതല്‍ ഇന്ന് വരെ ഞാന്‍ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് നോക്കിയാല്‍ മനസ്സിലാകും. എന്തിന് ലാലേട്ടന്‍ വരെ AMMAയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പോയില്ലേ? ഈ കുറ്റാരോപിതര്‍ ചെയ്യുന്ന തിരിമറികള്‍ക്കും തട്ടിപ്പുകള്‍ക്കും എന്തിന് ചീത്തപ്പേര് കേള്‍ക്കണം എന്ന് ലാലേട്ടന്‍ വരെ ചിന്തിച്ചില്ലേ?

ഞാന്‍ നടത്തിയ പോരാട്ടത്തിന്റെ ഒരു ഘട്ടത്തിലും എന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനങ്ങള്‍ക്കോ വ്യക്തിപരമായ നേട്ടത്തിനോ ആയിരുന്നില്ല.

AMMAയില്‍ സാമ്പത്തിക തിരിമറി നടത്തിയവര്‍ക്കെതിരെയും ചില കുറ്റാരോപിതര്‍ക്കെതിരെയുമാണ് എന്റെ പോരാട്ടം. നുണക്കഥകള്‍ പ്രചരിപ്പിച്ചും അപകീര്‍ത്തിപ്പെടുത്തിയും എന്നെ നിശ്ശബ്ദയാക്കാമെന്നാണ് അവര്‍ കരുതുന്നത്. എന്നെക്കുറിച്ച് എത്ര നുണകള്‍ പ്രചരിപ്പിച്ചാലും, എത്ര അപമാനിച്ചാലും, ഈ പോരാട്ടത്തില്‍ നിന്ന് ഞാന്‍ ഒരിക്കലും പിന്നോട്ടില്ല. കാരണം, ഇത് AMMAയുടെയും അതിലെ സാധാരണ അംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ഇനി ഞാന്‍ ഇതില്‍ തോറ്റുപോയാലും സാരമില്ല. കാരണം, ഈ പോരാട്ടത്തിലൂടെ ആ power group അമ്മയുടെ മെമ്പേഴ്‌സിന്റെ മുന്നില്‍ expose ചെയ്യപ്പെട്ടുകഴിഞ്ഞു.

അതുതന്നെയാണ് എന്റെ ഏറ്റവും വലിയ വിജയം.

Content Highlights- Shwetha Menon said that the exposure of a power group within AMMA is a victory for those who raised the issue

dot image
To advertise here,contact us
dot image