

ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ അയക്കാന്‍ തീരുമാനം. വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റ, ബിഹാര്‍ ഗവര്‍ണര്‍ ലഫ്. ജന്‍(റിട്ട) സയ്ദ് അതാ ഹസ്‌നൈന്‍ എന്നിവരെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇറാന്‍ ക്ഷണിച്ചിരുന്നു. കഴിഞ്ഞാഴ്ചയാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ മോദിയെ ക്ഷണിച്ചത്.
ജൂലായ് നാലിനാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഖമനയി ജനിച്ച, വടക്ക് പടിഞ്ഞാറന്‍ ഇറാനിലെ വിശുദ്ധ നഗരം എന്നറിയപ്പെടുന്ന മഷാദില്‍ ജൂലായ് ഒമ്പതിന് അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കും. ഫെബ്രുവരി 28ന് ഇസ്രയേല്‍ - യുഎസ് സഖ്യം തെഹ്‌റാനില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. 36 വര്‍ഷമാണ് ഇറാന്റെ പരമോന്നത നേതാവെന്ന പദവില്‍ അദ്ദേഹം രാജ്യത്തെ നയിച്ചത്. തെഹ്‌റാന് തെക്കന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖോമിലും ചില ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നാണ് ഇറാന്റെ ഔദ്യാഗിക മാധ്യമം അറിയിച്ചിരിക്കുന്നത്.
ഫെബ്രുവരിയില്‍ ഖമനയി കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. ഇസ്ലാമിക് നിയമത്തിന് കീഴില്‍ മരിച്ചു കഴിഞ്ഞാല്‍ എത്രയും വേഗം സംസ്‌കാരം നടത്തണമെന്നാണ്. എന്നാല്‍ യുദ്ധ സാഹചര്യങ്ങളില്‍ ചില ഇളവുകള്‍ അനുവദനീയമാണ്. ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ ജൂണ്‍ മാസം അവസാനത്തോടെ സംസ്‌കാരം നടക്കുമെന്നായിരുന്നു. എന്നാല്‍ ഇറാന്റെ ഔദ്യോഗിക മാധ്യമം സംസ്‌കാര ചടങ്ങുകള്‍ ജൂലായിലായിരിക്കുമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
തെഹ്‌റാന്‍, മാഷാദ്, ഖോം എന്നിവിടങ്ങളില്‍ നിന്നായി 20 മില്യണോളം പേര്‍ സംസ്‌കാരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. 1989ല്‍ ആയത്തുള്ള റൂഹൊള്ള ഖൊമേനിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്ത 100ലക്ഷം പേരെന്ന സംഖ്യയെ ഇത് മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Content Highlights: Iran has scheduled the funeral ceremony of Ayatollah Ali Khamenei for July. An Indian delegation is expected to travel to Iran to participate in the official ceremony, according to the announcement