

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ഗുരുദ്വാരയ്ക്കുളളില്‍ വയോധികരായ സിഖ് ദമ്പതികളെ വെടിവെച്ച് കൊന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. അമസുരഗി സ്വദേശിയായ ഷേര്‍ഷാ എന്നയാളാണ് അറസ്റ്റിലായത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയുടെ മൊഴിയുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. പ്രതിക്ക് തീവ്രവാദ സംഘടനകളുമായോ മറ്റ് നിരോധിത സംഘടനകളുമായോ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് വൃദ്ധ ദമ്പതികള്‍ ഗുരുദ്വാരയ്ക്കുളളില്‍വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. എഴുപത് വയസുകാരനായ ജഗന്നാദും ഭാര്യ അസ്മ വാന്ദിയുമാണ് മരിച്ചത്. ഇവര്‍ മര്‍ദാന്‍ ജില്ലയിലെ ബാബു മൊഹല്ലയിലുളള ഗുരുദ്വാരയില്‍ ജോലി ചെയ്തുവരികയായിരുന്നു. അക്രമികള്‍ ഗുരുദ്വാരയ്ക്കുളളില്‍ കയറി ദമ്പതികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഗുരുദ്വാരയ്ക്ക് പൊലീസ് സംരക്ഷണമേര്‍പ്പെടുത്തി.
സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി അകാല്‍ തഖ്തും ബിജെപിയും രംഗത്തെത്തി. വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനോടും മുഖ്യമന്ത്രി മുഹമ്മദ് സൊഹൈല്‍ ഖാന്‍ അഫ്രീദിയോടും അകാല്‍ തഖ്ത് ജതേദാര്‍ ജിയാനി കുല്‍ദീപ് സിംഗ് ഗര്‍ഗാജ് ആവശ്യപ്പെട്ടു. ഇന്ത്യയിലും പാകിസ്താനിലും ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുനല്‍കുന്ന 1950-ലെ നെഹ്‌റു-ലിഖായത്ത് ഉടമ്പടി പ്രകാരമുളള നിബന്ധനകള്‍ പാലിക്കുന്നതില്‍ പാകിസ്താന്‍ നിരന്തരം പരാജയപ്പെടുന്നുവെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു.
Content Highlights: Sikh Couple Shot Dead in Pakistan Gurdwara: Main Accused Arrested