

ബേണ്‍: അമേരിക്ക - ഇറാന്‍ ചര്‍ച്ചകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കമായി. ഇറാന്‍ തീരങ്ങളിലെ ഉപരോധം നീക്കിയതായി അമേരിക്കന്‍ സൈന്യം അറിയിച്ചു. ഇറാന് പുറത്തേക്കും അകത്തേക്കും കപ്പലുകള്‍ക്ക് സഞ്ചരിക്കാം. എന്നാല്‍ കരാര്‍ പ്രാബല്യത്തിലായിട്ടും ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും തുറന്നിട്ടില്ല. അമേരിക്കയുമായുള്ള ധാരണയ്ക്ക് സമ്മതിച്ചത് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ ഉറപ്പിലാണെന്നാണ് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ പ്രതികരിച്ചു. അതേസമയം ഇസ്രയേല്‍ ലബനനില്‍ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ നിലപാട്.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരം നാവിക ഉപരോധം അവസാനിപ്പിച്ചുവെന്ന് എക്‌സിലൂടെയാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്. അതേസമയം പ്രദേശത്ത് യുഎസിന്റെ ചില കപ്പലുകള്‍ തുടരുമെന്നും എക്‌സ് കുറിപ്പില്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു ഖമനയിയുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്. വ്യത്യസ്തമായ കാഴ്ചപ്പാടിലും പ്രസിഡന്റ് രാജ്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കിയതോടെയാണ് താന്‍ ഈ കരാര്‍ അംഗീകരിക്കാന്‍ തയ്യാറായതെന്നയിരുന്നു അദ്ദേഹം വിശദീകരിച്ചത്. എന്നാല്‍ എന്തൊക്കെ വിഷയങ്ങളിലാണ് അഭിപ്രായ വ്യത്യാസമുള്ളതെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
നിരാശയില്‍ നിന്നും എല്ലാതരം അടുവുകളും പയറ്റിയിട്ടാണ് കരാര്‍ ട്രംപ് യാഥാര്‍ത്ഥ്യമാക്കിയതെന്നും ഖമനയി തുറന്നടിച്ചു. ഭാവിയില്‍ തെഹ്‌റാനും വാഷിങ്ടണും തമ്മില്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കും, അതിനര്‍ത്ഥം ശത്രുവിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്നല്ലെന്നും ഖമനയി വ്യക്തമാക്കി. ഇതാദ്യമായാണ് കരാറുമായി ബന്ധപ്പെട്ട് ഖമനയി പ്രതികരിക്കുന്നത്. ഫെബ്രുവരി 28ന് യുഎസ് - ഇസ്രയേല്‍ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ പിതാവും മുന്‍ഗാമിയുമായ അയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ മാര്‍ച്ചില്‍ അധികാരമേറ്റ മൊജ്താബ പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതേസമയം മൊജ്താബയുടെ പ്രസ്താവനയ്ക്ക് ട്രംപ് നേരിട്ട് മറുപടി നല്‍കിയിട്ടില്ല.
എല്ലാ മേഖലകളിലും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാണമെന്നതാണ് തന്റെ നിലപാടെന്നാണ് അദ്ദേഹം ട്രൂത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതില്‍ ഇസ്രയേല്‍ ലെബനനിലെ ഹിസ്‌ബുള്ളയ്ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളും ഉള്‍പ്പെടും. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ യുദ്ധമേഖലകളില്‍ സമാധാനം പുലര്‍ത്താനുള്ള ശ്രമങ്ങളിലെ പ്രതിബദ്ധത നിലനിര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. കരാറിന്റെ ഔദ്യോഗിക ഒപ്പുവയ്ക്കല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുമെന്നാണ് കരുതിയതെങ്കിലും ഫ്രാന്‍സില്‍ വച്ച് ട്രംപ് കരാര്‍ ഒപ്പിട്ടതിനാല്‍ ആ തീരുമാനം ഒഴിവാക്കിയെന്ന് മധ്യസ്ഥത വഹിച്ച പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുന്നോട്ടുള്ള ചര്‍ച്ചകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് തന്നെ വേദിയാകും. അറുപത് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാകും കരാറിലെ അന്തിമ തീരുമാനം ഉണ്ടാകുക. സാങ്കേതികപരമായ ചര്‍ച്ചകള്‍ക്കായാണ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകുന്നതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും പ്രതികരിച്ചിരുന്നു.
Content Highlights: The United States and Iran have started diplomatic talks in Switzerland while the Hormuz Strait remains only partially open