

വാന്‍കൂവറില്‍ തിങ്ങിനിറഞ്ഞ സ്വന്തം ആരാധകരെ സാക്ഷിയാക്കി ലോകകപ്പ് ഫുട്‌ബോളില്‍ കാനഡയ്ക്ക് ആദ്യ ജയം. അരഡസന്‍ ഗോളുകള്‍ക്ക് ഖത്തറിനെ തകര്‍ത്ത് തരിപ്പണമാക്കിയ കാനഡ ഈ വമ്പന്‍ ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി. ഈലോകകപ്പിലെ രണ്ടാം ഹാട്രിക് നേടിയ ജൊനാഥന്‍ ഡേവിഡിന്റെ പ്രകടനമാണ് കാനഡയുടെ കരുത്ത്.
ഇരുപത്തിയൊമ്പതാം മിനുട്ടില്‍ കാനഡയുടെ രണ്ടാം ഗോള്‍ നേടിയ ജൊനാഥന്‍ ആദ്യ പകുതിയുടെയും രണ്ടാം പകുതിയുടെയും ഇഞ്ചുറി ടൈമിലും ഗോളടിച്ചു. മെസ്സിക്ക് ശേഷം ഈ ലോകകപ്പില്‍ ഹാട്രിക് നേടിയ താരമാണ് ജൊനാഥന്‍. കളിയുടെ പതിനാറാം മിനുട്ടില്‍ സൈല്‍ ലാറിനാണ് കാനഡയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. അറുപത്തിനാലാം മിനുട്ടില്‍ ജൊനാഥന്‍ സാലിബയും ലക്ഷ്യം കണ്ടു. ഖത്തര്‍ താരം മുഹമ്മദ് മിനായിയുടെ സെല്‍ഫ് ഗോളായിരുന്നു മറ്റൊന്ന്.
രണ്ട് പേര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 9 പേരായി ചുരുങ്ങിയ ഖത്തറിന് മത്സരത്തില്‍ മികച്ച നീക്കങ്ങളൊന്നും നടത്താനുമായില്ല. മുപ്പത്തിമൂന്നാം മിനുട്ടില്‍ ഹൊമാം അഹമ്മദും, അമ്പത്തിമൂന്നാം മിനുട്ടില്‍ അസിം മദിബോയും ചുവപ്പുകാര്‍ഡ് കണ്ടു. മദിബോയുടെ ഫൌളില്‍ കാനഡ മധ്യനിരതാരം ഇ്‌സമായില്‍ കോനെയ്ക്ക് ഗുരുതര പരിക്കേറ്റു. വമ്പന്‍ ജയത്തോടെ ഗോള്‍ വ്യത്യാസത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ മറികടന്ന കാനഡ ഒന്നാമതെത്തി.
നേരത്തെ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയെ 4-1ന് സ്വിറ്റ്‌സര്‍ലാന്‍ഡ് തോല്‍പിച്ചിരുന്നു. തോല്‍വിയോടെ ഖത്തറിന്റെയും ബോസ്‌നിയ ഹെര്‍സഗോവിനയുടെയും മുന്നേറ്റം പ്രതിസന്ധിയിലായി. ഇരുടീമുകളും ആദ്യ മത്സരത്തില്‍ സമനില നേടിയിരുന്നു.
content highlights: Canada Humiliates Qatar; Tahsin Mohammed Does Not Make His Debut