മോദി നേതാവായിരിക്കെ ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കുമെന്ന് ട്രംപ്; നാവികരുടെ മരണത്തിൽ ഖേദമില്ല

ഇവിടെ എല്ലാവരും ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്നും നരേന്ദ്രമോദിയെന്ന മനുഷ്യനോട് വലിയ ബഹുമാനമാണെന്നും ട്രംപ്

മോദി നേതാവായിരിക്കെ ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കുമെന്ന് ട്രംപ്; നാവികരുടെ മരണത്തിൽ ഖേദമില്ല
dot image

പാരിസ്: ഇന്ത്യയുടെ ഭരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്നിടത്തോളം രാജ്യത്തിന് അമേരിക്കയുടെ ഉറച്ച പിന്തുണയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ നടക്കുന്ന ജി 7 ഉച്ചക്കോടിയ്ക്കിടെയായിരുന്നു മോദി-ട്രംപ് കൂടിക്കാഴ്ച. 'ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. ഇന്ത്യ ആക്രമിക്കപ്പെട്ടാല്‍ സഹായിക്കാന്‍ ഞങ്ങള്‍ അവിടെയുണ്ടാകും. ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഒരു കരാറുമില്ല. പക്ഷെ മോദി തുടരുകയും ഇന്ത്യ ആക്രമിക്കപ്പെടുകയും ചെയ്താല്‍ കൂടെയുണ്ടാകും. മറ്റൊരു നേതാവ് ആണ് ഭരിക്കുന്നതെങ്കില്‍ ഉറപ്പില്ല', എന്നായിരുന്നു ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.

താന്‍ ഇന്ത്യയുടെ മികച്ച സുഹൃത്താണെന്നും ട്രംപ് ആവര്‍ത്തിച്ചു. താന്‍ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ ഇന്ത്യയ്ക്ക് വൈറ്റ് ഹൗസില്‍ ഒരു വലിയ സുഹൃത്തുണ്ടാകും. ഇവിടെ എല്ലാവരും ഇന്ത്യയെ സ്‌നേഹിക്കുന്നു. ഒപ്പം നരേന്ദ്രമോദിയെന്ന മനുഷ്യനോട് വലിയ ബഹുമാനമാണെന്നും ട്രംപ് വ്യക്തമാക്കി.

വ്യാപാര നികുതി ഉയര്‍ത്തല്‍, ഹോര്‍മൂസ് കടലിടുക്കിലെ കപ്പല്‍ ആക്രമണം എന്നീ പശ്ചാത്തലം ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തെ ബാധിച്ചിരുന്നു. ഇതിനിടെ 16 മാസങ്ങള്‍ക്ക് ശേഷമാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. പ്രാദേശിക സുരക്ഷ, സമുദ്രസുരക്ഷ, പശ്ചിമേഷ്യന്‍ സമാധാനം തുടങ്ങിയ വിഷയങ്ങള്‍ നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായി. രാജ്യാന്തര കപ്പല്‍ ചാലുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നാവികരുടെ സുരക്ഷാ വിഷയം നരേന്ദ്രമോദി കൂടിക്കാഴ്ചയില്‍ പ്രത്യേകം ഉന്നയിച്ചു. മൂന്ന് ഇന്ത്യന്‍ നാവികര്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. യുഎസ് ഉപരോധം മറികടന്നുള്ള നടപടികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു ട്രംപിന്റെ നിലപാട്.

അതിനിടെ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. യു എസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചില്ലെന്നും സ്വയം പ്രഖ്യാപിത ലോകനേതാവ് മൗനം പാലിച്ചു എന്നും ജയറാം രമേശ് വിമര്‍ശിച്ചു. അങ്ങേയറ്റം ലജ്ജാകരവും പൂര്‍ണ്ണമായും അസ്വീകാര്യവുമാണെന്നും ജയറാം രമേശ് പറഞ്ഞു.

Content Highlights: Narendra Modi and Donald Trump Meeting after 16 months at G7 paris

dot image
To advertise here,contact us
dot image