പലസ്തീൻ അനുകൂല പ്രതിഷേധം 'കളിയെ കൊല്ലുന്നു': മത്സരം തടസ്സപ്പെട്ടതിൽ അയർലൻഡ് പരിശീലകൻ ഹെയ്മിർ ഹാൽഗ്രിംസൺ

ഇസ്രയേലിനെതിരായ യുഫേവ നേഷൻസ് ലീ​ഗ് മത്സരം ബഹിഷ്കരിക്കണമെന്ന് ആവശ്യം ഉന്നയിച്ച് പലസ്തീൻ അനുകൂല ഐറിഷ് ആക്ടിവിസ്റ്റുകളാണ് ഖത്തറിനെതിരായ മത്സരം തടസ്സപ്പെടുത്തിയത്

പലസ്തീൻ അനുകൂല പ്രതിഷേധം 'കളിയെ കൊല്ലുന്നു': മത്സരം തടസ്സപ്പെട്ടതിൽ അയർലൻഡ് പരിശീലകൻ ഹെയ്മിർ ഹാൽഗ്രിംസൺ
dot image

ഡബ്ലിൻ: പലസ്തീൻ അനുകൂല പ്രതിഷേധം 'കളിയെ കൊല്ലുന്നു' എന്ന കുറ്റപ്പെടുത്തലുമായി അയർലൻഡ് ഫുട്ബോൾ ടീം പരിശീലകൻ ഹെയ്മിർ ഹാൽഗ്രിംസൺ. ഇസ്രയേലിനെതിരായ യുഫേവ നേഷൻസ് ലീ​ഗ് മത്സരം ബഹിഷ്കരിക്കണമെന്ന് ആവശ്യം ഉന്നയിച്ച് പലസ്തീൻ അനുകൂല ഐറിഷ് ആക്ടിവിസ്റ്റുകൾ അയർലൻഡിൻ്റെ മത്സരം തടസ്സപ്പെടുത്തിയതിന് പിന്നാലെയാണ് ഹാൽ​ഗ്രിംസണിൻ്റെ പ്രതികരണം.

എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്, പക്ഷെ അതിന് മറ്റൊരു വശം കൂടിയുണ്ട് എന്നും ഹാൽ​ഗ്രിംസൺ പ്രതികരിച്ചിരുന്നു.

'എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. ഫുട്ബോൾ പക്ഷത്ത് നിന്ന് മാത്രം ചിന്തിക്കുന്ന ഞങ്ങളെ സംബന്ധിച്ച് വീണ്ടും വീണ്ടും നിർത്തേണ്ട ഒരു മത്സരം കാണുന്നത് രസകരമല്ല' എന്നും മത്സരശേഷം നടത്തിയ പത്രസമ്മേളനത്തിൽ ഹാൽ​ഗ്രിംസൺ പ്രതികരിച്ചു. 'പക്ഷേ, ഞങ്ങൾ പ്രതിഷേധത്തെ ബഹുമാനിക്കുന്നു. ആദ്യ പകുതിയിലെ കാലതാമസം നിരാശാജനകമാണെങ്കിലും, പ്രതിഷേധിക്കാനുള്ള ഐറിഷ് ആരാധകരുടെ അവകാശത്തെ താൻ ബഹുമാനിക്കുന്നു' എന്നും ഹാൾഗ്രിംസൺ കൂട്ടിച്ചേർത്തിരുന്നു. ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന് നേരത്തെ ഹാൾഗ്രിംസൺ ആവശ്യപ്പെട്ടിരുന്നു.

അവിവ സ്റ്റേഡിയത്തിൽ ഖത്തറിനെതിരായ സൗഹൃദ മത്സരമാണ് പ്രതിഷേധത്തെ തുടർന്ന് രണ്ട് വട്ടം തടസ്സപ്പെട്ടത്. 'കളി നിർത്തുക എന്നെഴുതിയ' പലസ്തീൻ പതാക ആലേഖനം ചെയ്ത ടെന്നീസ് ബോളുകൾ ​ഗ്രൗണ്ടിലേയ്ക്ക് വലിച്ചെറിഞ്ഞായിരുന്നു പ്രതിഷേധക്കാർ മത്സരം തടസ്സപ്പെടുത്തിയത്. സെക്യൂരിറ്റി ജീവനക്കാരും അയർലൻഡ് പരിശീലകൻ ഹെയ്മിർ ഹാൽഗ്രിംസണും ചേർന്നാണ് മൈതാനത്ത് നിന്ന് പ്രതിഷേധക്കാർ എറിഞ്ഞ ടെന്നീസ് ബോളുകൾ നീക്കം ചെയ്തത്. മത്സരത്തിൽ അയർലൻഡ് മറുപടിയില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നാഥൻ കോളിൻസാണ് അയർലൻഡിനായി വിജയഗോൾ നേടിയത്.

പ്രതിഷേധത്തിന് പിന്നിൽ തങ്ങളാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ 'ദി ലീ​ഗ് ഓഫ് അയർലൻഡ് ഫാൻസ് ഫോർ പലസ്തീൻ' എന്ന ​ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന ഇസ്രയേലിനെതിരായ രണ്ട് യുഫേവ നേഷൻസ് ലീ​ഗ് മത്സരങ്ങൾ അയർലൻഡ് ഫുട്ബോൾ ഫെഡറേഷൻ റദ്ദാക്കണമെന്നാണ് ഇവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒക്ടോബർ 4 ന് ഡബ്ലിനിൽ നടക്കുന്ന ഹോം മത്സരം ഉൾപ്പെടെയുള്ള രണ്ട് മത്സരങ്ങൾ ബഹിഷ്‌കരിക്കാൻ പലസ്തീൻ അനുകൂല ഐറിഷ് രാഷ്ട്രീയക്കാരും ഫുട്ബോളർമാരും അയർലൻഡ് ഫുട്ബോൾ ഫെഡറേഷന് മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. മത്സരങ്ങൾ സംബന്ധിച്ച് ഐറിഷ് പാർലമെന്റായ ഡെയ്‌ലിൽ ബുധനാഴ്ച പുതിയ പ്രതിഷേധങ്ങൾ നടന്നിരുന്നു.

Content Highlights: Ireland national football team coach Heimir Hallgrímsson has strongly criticized pro-Palestine protesters for disrupting a match, stating that such protests are "killing the game." The incident has sparked debate over the intersection of politics and sports.

dot image
To advertise here,contact us
dot image