സ്വകാര്യ മേഖലയിൽ ഒന്നാം തിയതി തന്നെ ശമ്പളം; തിങ്കളാഴ്ച മുതൽ യുഎഇയിൽ പുതിയ നിയമം നടപ്പിലാകുന്നു

രണ്ടാം തീയതിയായിട്ടും ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയം ഔദ്യോഗികമായി മുന്നറിയിപ്പ് നൽകും.

സ്വകാര്യ മേഖലയിൽ ഒന്നാം തിയതി തന്നെ ശമ്പളം; തിങ്കളാഴ്ച മുതൽ യുഎഇയിൽ പുതിയ നിയമം നടപ്പിലാകുന്നു
dot image

യുഎഇ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് പുതിയ നിയമം നടപ്പിലാകാൻ ഇനി ദിവസങ്ങൾ മാത്രം. പുതിയ വേതന സംരക്ഷണ നിയമപ്രകാരം, ജൂൺ മുതൽ എല്ലാ മാസവും ഒന്നാം തിയതി തന്നെ കമ്പനികൾ ശമ്പളം നൽകണം. രാജ്യത്തെ ശമ്പള വിതരണം കൂടുതൽ സുതാര്യമാക്കുന്നതിനും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്.

പുതുക്കിയ നിബന്ധനകൾ അനുസരിച്ച്, തൊഴിലുടമകൾ തങ്ങളുടെ ജീവനക്കാരുടെ മുൻമാസത്തെ ശമ്പളം വേതന സംരക്ഷണ സംവിധാനം (ഡബ്ല്യുപിഎസ്) വഴിയോ അല്ലെങ്കിൽ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള മറ്റ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ വഴിയോ നിർബന്ധമായും കൈമാറിയിരിക്കണം. രണ്ടാം തീയതിയായിട്ടും ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയം ഔദ്യോഗികമായി മുന്നറിയിപ്പ് നൽകും. ശമ്പള കുടിശ്ശിക തീർക്കുന്നതിനായി കമ്പനികൾക്ക് 10 ദിവസത്തെ സമയം അനുവദിക്കും. പത്ത് ദിവസത്തെ സമയപരിധിക്ക് ശേഷവും ശമ്പളം നൽകിയില്ലെങ്കിൽ, പ്രസ്തുത കമ്പനികൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത് മന്ത്രാലയം തടയും.

പുതിയ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം പ്രകാരം കമ്പനികൾ നിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ മന്ത്രാലയം ചില മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഒരു സ്വകാര്യ സ്ഥാപനം അതിന്റെ ജീവനക്കാർക്ക് നൽകാനുള്ള ആകെ ശമ്പളത്തിന്റെ കുറഞ്ഞത് 85 ശതമാനമെങ്കിലും നിശ്ചിത തീയതിക്കുള്ളിൽ നൽകിയിട്ടുണ്ടെങ്കിൽ ആ കമ്പനി നിയമം പാലിക്കുന്നതായി കണക്കാക്കും. തൊഴിൽ നിയമപ്രകാരം അനുവദനീയമായ ശമ്പളം കുറയ്ക്കലുകളോ തടഞ്ഞുവെക്കലുകളോ ഉള്ള സാഹചര്യങ്ങൾ മുന്നിൽ കണ്ടാണ് ഈ 85 ശതമാനം പരിധി നിശ്ചയിച്ചിരിക്കുന്നത്.

തനിക്ക് ലഭിക്കേണ്ട ആകെ ശമ്പളത്തിന്റെ 85 ശതമാനമെങ്കിലും ലഭിച്ച തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി ലഭിച്ചതായി സിസ്റ്റം രേഖപ്പെടുത്തും. എങ്കിലും, നിയമപരമായ കാരണങ്ങളാലല്ലാതെ ബാക്കി വന്ന തുക നേടിയെടുക്കാനുള്ള തൊഴിലാളിയുടെ അവകാശത്തെ ഇത് ബാധിക്കില്ല. ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ കർശനമായ നിയമനടപടികളുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Content Highlights: The UAE will introduce a new regulation mandating that private sector employees receive their salaries on the first day of each month, with implementation beginning Monday.

dot image
To advertise here,contact us
dot image