ഇറാനുമായുള്ള സമാധാന കരാറിന് അന്തിമരൂപം നൽകാൻ ഉടൻ യോ​ഗം ചേരും: ഡോണൾഡ് ട്രംപ്

നിയന്ത്രണമില്ലാതെ ​ഗതാ​ഗതം നടത്തുന്ന നിലയിൽ ടോളുകളൊന്നുമില്ലാതെ ഹോർമൂസ് കടലിടുക്ക് തുറക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്

ഇറാനുമായുള്ള സമാധാന കരാറിന് അന്തിമരൂപം നൽകാൻ ഉടൻ യോ​ഗം ചേരും: ഡോണൾഡ് ട്രംപ്
dot image

ന്യൂയോർക്ക്: ഇറാനുമായുള്ള സമാധാന കരാറിന് അന്തിമരൂപം നൽകാൻ ഉടൻ യോ​ഗം ചേരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിൻ്റെ പ്രതികരണം. തങ്ങൾക്ക് ഒരിക്കലും ആണവായുധമോ ബോംബോ ഉണ്ടാകില്ലെന്ന് ഇറാൻ സമ്മതിക്കണമെന്ന ആവശ്യം ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് ഉന്നയിച്ചിട്ടുണ്ട്. നിയന്ത്രണമില്ലാതെ ​ഗതാ​ഗതം നടത്തുന്ന നിലയിൽ ടോളുകളൊന്നുമില്ലാതെ ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യവും ട്രംപ് മുന്നോട്ട് വെച്ചിട്ടുണ്ട്.

ഹോർ‌മൂസിൽ സ്ഥാപിച്ചിരിക്കുന്ന അവശേഷിക്കുന്ന ജല മൈനുകളും (ബോംബുകൾ) ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ മികച്ച അണ്ടർവാട്ടർ മൈൻ സ്വീപ്പർമാരെ ഉപയോഗിച്ച് ഞങ്ങൾ അത്തരം നിരവധി മൈനുകൾ സ്ഫോടനത്തിലൂടെ നീക്കം ചെയ്തിട്ടുണ്ടെന്നും ട്രംപ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'നമ്മുടെ അത്ഭുതകരവും അഭൂതപൂർവവുമായ നാവിക ഉപരോധം കാരണം കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ ഇപ്പോൾ നീക്കം ചെയ്യപ്പെടും, "വീട്ടിലേക്ക് പോകാനുള്ള" പ്രക്രിയ ആരംഭിച്ചേക്കാം!' എന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

സമ്പുഷ്ടമായ ആണവ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച സൂചനയും ട്രംപിൻ്റെ പോസ്റ്റിലുണ്ട്. 11 മാസം മുമ്പ് അമേരിക്കയുടെ ശക്തമായ B2 ബോംബർ ആക്രമണത്തിൽ ഉണ്ടായ 'ന്യൂക്ലിയർ ഡസ്റ്റ്' എന്ന് വിളിക്കപ്പെടുന്ന സമ്പുഷ്ടമായ വസ്തുക്കൾ കുഴിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയും അമേരിക്കയും ചൈനയും ചേർന്ന് ഈ പ്രവർത്തി ചെയ്യുമെന്നാണ് ട്രംപ് ചൂണ്ടിക്കാണിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പണം കൈമാറ്റം ചെയ്യില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. 'വളരെ കുറഞ്ഞ പ്രാധാന്യമുള്ള മറ്റ് ഇനങ്ങൾക്ക് ധാരണയായിട്ടുണ്ട്. അന്തിമ തീരുമാനം എടുക്കാൻ ഞാൻ ഇപ്പോൾ സിറ്റുവേഷൻ റൂമിൽ യോഗം ചേരും. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!' എന്ന് പറഞ്ഞാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. എന്നാൽ ട്രംപിൻ്റെ നിലപാടിനോട് ഇറാൻ പ്രതികരിച്ചിട്ടില്ല.

ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാർ തത്വത്തിൽ ധാരണയിലെത്തിയെന്ന റിപ്പോ‍ർട്ടുകൾക്ക് പിന്നാലെ വാക്കുകളിലോ ഉറപ്പുകളിലോ വിശ്വാസമില്ലെന്ന നിലപാടുമായി ഇറാൻ രം​ഗത്ത് വന്നിരുന്നു. അമേരിക്കയുമായി ചർച്ച നടത്തുന്ന ഇറാൻ്റെ ഉന്നതതല സംഘത്തിലെ അം​ഗവും ഇറാൻ്റെ പാർലമെൻ്റ് സ്പീക്കറുമായ മുഹമ്മദ് ബാഗർ ഗാലിബാഫാണ് ഇറാൻ്റെ നിലപാട് വ്യക്തമാക്കിയത്. ഉറപ്പുകളിലോ വാക്കുകളിലോ ഞങ്ങൾക്ക് വിശ്വാസമില്ല പ്രവൃത്തികൾ മാത്രമാണ് അളവുകോൽ എന്നായിരുന്നു എക്സിൽ പങ്കുവെച്ച പേസ്റ്റിൽ മുഹമ്മദ് ബാഗർ ഗാലിബാഫിൻ്റെ പ്രതികരണം. ഇറാൻ ഇളവുകൾ നേടിയെടുക്കുന്നത് സംഭാഷണത്തിലൂടെയല്ല, മറിച്ച് മിസൈലുകൾ ഉപയോഗിച്ചാണ് എന്ന് ചർച്ചകളിൽ ഞങ്ങൾ അവരെ മനസ്സിലാക്കുക മാത്രമാണ് ചെയ്യുന്നത് എന്നും മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കിയിട്ടുണ്ട്. ഏതൊരു കരാറിന്റെയും വിജയി പിറ്റേന്ന് മുതൽ യുദ്ധത്തിന് നന്നായി തയ്യാറെടുക്കുന്നയാളാണെന്നും മുഹമ്മദ് ബാഗർ ഗാലിബാഫി കൂട്ടിച്ചേർത്തു.

Content Highlights: US President Donald Trump stated that a meeting will be held soon to give final shape to the peace agreement with Iran. Latest updates on US-Iran relations and Trump's diplomatic efforts.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us