

വാഷിംഗ്ടണ്‍: ഹോര്‍മുസിന്റെ ഇരുവശത്തും കുടുങ്ങി കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുളള യുഎസ് നടപടിയായ 'പ്രൊജക്ട് ഫ്രീഡം' താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്താന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് നീക്കമെന്നും ഹോര്‍മുസില്‍ ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി ഗംഭീര വിജയമായിരുന്നു എന്നും ഇറാനുമായി സമ്പൂര്‍ണവും അന്തിമവുമായ ഡീലിലേക്ക് നീങ്ങുകയാണെന്നും ട്രംപ് പറഞ്ഞു.
ഇറാനെതിരായ ആക്രമണം 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' (ഐതിഹാസിക കോപം) പൂര്‍ത്തിയായെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചിരുന്നു. ഇറാനെതിരായ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെല്ലാം നേടിയെന്നും ഇറാന്റെ ഭാഗത്തുനിന്ന് ഇനി പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു. ഹോര്‍മുസ് തുറക്കാന്‍ യുഎന്നില്‍ പ്രമേയം കൊണ്ടുവരാനാണ് അമേരിക്കയുടെ നീക്കം. ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് പ്രമേയം കൊണ്ടുവരിക.
അതിനിടെ ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടക്കാനുളള സുരക്ഷിത വഴി ഇറാന്‍ നിര്‍ദേശിച്ച പാത മാത്രമാണ്. ഹോര്‍മുസില്‍ മറ്റ് പാതകള്‍ വഴി കടക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടി നേരിടേണ്ടിവരും- ഐആര്‍ജിസി വ്യക്തമാക്കി.
Content Highlights: Trump says Project Freedom has been temporarily suspended; blockade on Hormuz to continue