

തെഹ്‌റാന്‍: യുഎസ്-ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാനുളള സമാധാന ചര്‍ച്ചയ്ക്കായി പുതിയ 14 ഇന നിര്‍ദേശങ്ങള്‍ കൈമാറി ഇറാന്‍. എല്ലാ മേഖലയിലെയും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ നിര്‍ദേശം. മുപ്പത് ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്നും 14 ഇന നിര്‍ദേശത്തില്‍ പറയുന്നുണ്ട്. അമേരിക്ക നിര്‍ദേശിച്ചത് രണ്ട് മാസത്തെ വെടിനിര്‍ത്തലായിരുന്നു. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് 30 ദിവസത്തിനുളളില്‍ യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ ആവശ്യം.
ഭാവിയില്‍ ഇത്തരം സൈനിക ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന ഉറപ്പ് നൽകണം, ഇറാന്റെ അതിര്‍ത്തിയില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കണം, നാവിക ഉപരോധം അവസാനിപ്പിക്കണം, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ മോചിപ്പിക്കണം, നഷ്ടപരിഹാരം നല്‍കണം, ഉപരോധങ്ങള്‍ പിന്‍വലിക്കണം, ലെബനനിലെ ആക്രമണം അവസാനിപ്പിക്കണം, ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിക്കുന്ന പുതിയ സംവിധാനം ഏർപ്പെടുത്തണൺ എന്നിവയാണ് ഇറാന്റെ മറ്റ് ആവശ്യങ്ങള്‍.
ഇറാന്‍ സമര്‍പ്പിച്ച പുതിയ സമാധാന കരാറിന്റെ ഏകദേശ രൂപം തനിക്ക് ലഭിച്ചെന്നും അതിന്റെ പൂര്‍ണ രൂപത്തിനായി കാത്തിരിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കരാറിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും സ്വീകാര്യമാകുമെന്ന് കരുതുന്നില്ലെന്നും ഇറാന്‍ അതിരുകടന്നാല്‍ വീണ്ടും സൈനിക ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും നല്‍കി. നേരത്തേ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഡോണള്‍ഡ് ട്രംപ് തളളിയിരുന്നു.
ഇറാന്റെ കപ്പലുകള്‍ക്കുള്ള ഉപരോധം തുടരുമെന്നുള്ള നിലപാടിലാണ് ട്രംപ്. ഇറാന്‍റെ തുറമുഖങ്ങള്‍ക്കും കപ്പലുകള്‍ക്കും ഉപരോധമേര്‍പ്പെടുത്തുന്നതോടെ രാജ്യത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് ട്രംപിൻ്റെ ലക്ഷ്യം. ഏപ്രില്‍ എട്ട് മുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവിലുണ്ട്. എന്നാല്‍ ഇറാനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനുള്ള സൈനിക നടപടികളെക്കുറിച്ച് യുഎസ് ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Iran submits 14 new proposals for peace talks; Trump warns of further attacks if they go too far