

കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയിരിക്കുകയാണ് അമേരിക്ക. മാസങ്ങളായി മഡുറോയെ വേട്ടയാടുന്ന ട്രംപ് ഒടുവില്‍ തന്റെ അധികാരം ഉപയോഗിച്ച് അത് നടപ്പാക്കിയിരിക്കുകയാണ്. കനത്ത ആക്രമണങ്ങള്‍ വെനസ്വേലയില്‍ നടത്തിയതിന് പിന്നാലെയാണ് മഡുറോയെയും ഭാര്യയെയും ട്രംപ് ബന്ദികളാക്കിയത്. മഡുറോക്കെതിരെ തീവ്രവാദ ഗൂഢാലോചന, കൊക്കൈന്‍ ഇറക്കുമതി ഗൂഢാലോചന, തോക്കും ആയുധങ്ങളും കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്.
ആരാണ് നിക്കോളാസ് മഡുറോ
1962 നവംബര്‍ 23ന് ജനിച്ച മഡുറോ ഒരു ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സാധാരണ മനുഷ്യനായിരുന്നു. കാരക്കാസില്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയില്‍ തന്നെ ട്രാന്‍സിറ്റ് വര്‍ക്കേഴ്‌സ് യൂണിയനില്‍ പ്രതിനിധിയായിരുന്നു മഡുറോ. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് ട്രേഡ് യൂണിയന്‍ രംഗത്തേക്ക് മഡുറോ കടന്നുവന്നത്.
1998ലാണ് ആദ്യമായി മഡുറോ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 1999ല്‍ വെനസ്വേലയുടെ ഭരണഘടനാ നിര്‍മാണ സഭയിലും അദ്ദേഹം അംഗമായി. 2000ത്തില്‍ നാഷണല്‍ അസംബ്ലിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2005-2006 വരെ നാഷണല്‍ അസംബ്ലിയുടെ സ്പീക്കറായും സേവനമനുഷ്ഠിച്ചു. പിന്നീട് 2007ല്‍ മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ബൊളീവേറിയന്‍ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിക്കുകയും വിവിധ ഇടതുപക്ഷ ഗ്രൂപ്പുകള്‍ ചേര്‍ന്ന് യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. ഈ പാര്‍ട്ടിയുടെ മുന്‍നിരയില്‍ മഡുറോയുമുണ്ടായിരുന്നു.

ഹ്യൂഗോ ഷാവേസിന്റെ ഏറ്റവും വിശ്വസ്തനായിരുന്നു മഡുറോ. ഷാവോസിന്റെ സര്‍ക്കാരില്‍ ദീര്‍ഘകാലം വിദേശകാര്യ മന്ത്രിയായും പിന്നീട് വൈസ് പ്രസിഡന്റായും മഡുറോ സേവനമനുഷ്ഠിച്ചു. 2006ലാണ് മഡുറോ വിദേശകാര്യ മന്ത്രിയായി നിയമിതനാകുന്നത്. ഷാവേസിന്റെ ആരോഗ്യനില വഷളായപ്പോള്‍ 2012ല്‍ വൈസ് പ്രസിഡന്റായും ചുമതലയേറ്റു. എന്നും തന്റെ വിശ്വസ്തനായിരുന്ന മഡുറോയെ 2013ല്‍ തന്റെ പിന്‍ഗാമിയായി ഷാവേസ് നിര്‍ദേശിക്കുകയും ചെയ്തു.
പിന്നീട് അതേ വര്‍ഷം മാര്‍ച്ചില്‍ ഹ്യൂഗോ ഷാവേസ് അന്തരിച്ചപ്പോള്‍ മഡുറോ വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റാകുകയും ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ചെന്ന് ആരോപിച്ച് അന്ന് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. പിന്നീട് ഭരണത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും 2018ല്‍ നടന്ന തെരഞ്ഞെടുപ്പിലും മഡുറോ തന്നെ വിജയിച്ചു. മഡുറോയുടെ കാലത്ത് എണ്ണവില കുത്തനെ കുറഞ്ഞതും ക്ഷാമവും പണപ്പെരുപ്പവും വര്‍ധിച്ചതും വിമര്‍ശനമായി ഉയര്‍ന്നിരുന്നു. അന്നും വോട്ടെടുപ്പില്‍ കൃത്രിമത്വം കാണിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം മുന്നോട്ട് വരികയും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തു. 2024ല്‍ മഡുറോ മൂന്നാമതും അധികാരത്തിലെത്തി.
അമേരിക്കയുടെ കടുത്ത വിമര്‍ശകന്‍
അമേരിക്കയുടെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് മഡുറോ. തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ അമേരിക്ക ശ്രമിക്കുന്നതായും സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതായും മഡുറോ നേരത്തെ ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. ശീതയുദ്ധകാലത്ത് അമേരിക്കയുടെ വിശ്വസ്ത സഖ്യകക്ഷിയായിരുന്നു വെനസ്വേല. എന്നാല്‍ 1970കളുടെ അവസാനത്തോടെ ഇതിന് അവസാനം വരികയും 1976ല്‍ പ്രസിഡന്റ് കാര്‍ലോസ് ആന്‍ഡ്രേസ് പെരെസിന്റെ കീഴില്‍ എണ്ണ ദേശസാല്‍ക്കരണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകുകയും ചെയ്തു. 1998ല്‍ ഷാവേസ് അധികാരത്തിലെത്തിയപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും 2013ല്‍ മഡുറോ എത്തിയപ്പോള്‍ അത് കൂടുതല്‍ മോശമാകുകയും ചെയ്തു.
മഡുറോ സര്‍ക്കാരിനെ സ്വേച്ഛാധിപത്യപരവും അഴിമതി നിറഞ്ഞതുമായാണ് അമേരിക്ക കാണുന്നത്. 2019ല്‍ പ്രതിപക്ഷ നേതാവ് ജുവാന്‍ ഗ്വെയ്‌ഡോയെ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി അമേരിക്ക ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. എന്നാല്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചും അമേരിക്കന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയുമാണ് അന്ന് മഡുറോ തിരിച്ചടിച്ചത്. അമേരിക്കയിലെ വെനസ്വേലയുടെ സ്റ്റേറ്റ് ഓയില്‍ കമ്പനികളുടെ ആസ്തികള്‍ മരവിപ്പിച്ചത് വെനസ്വേന്‍ സമ്പദ് വ്യവസ്ഥയെ മോശമായി ബാധിച്ചു. ട്രംപ് അധികാരത്തിലെത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയായിരുന്നു.
Content Highlights: Who is Venezuela president Nicolás Maduro