

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം യൂത്ത് ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. മഴയും കളിച്ച മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ജേസണ്‍ റോവല്‍സിന്‍റെ സെഞ്ചുറി കരുത്തിൽ 246 റണ്‍സാണ് നേടിയത്.
മഴമൂലം 27 ഓവറിൽ 176 റൺസാക്കി ഇന്ത്യയുടെ വിജയലക്ഷ്യം പുനർനിശ്ചയിച്ചപ്പോൾ 21 പന്തുകൾ ബാക്കിനിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ടീമിന്റെ ക്യാപ്റ്റൻ കൂടിയായ വൈഭവ് 24 പന്തില്‍ 68 റണ്‍സെടുത്തു. പത്ത് സിക്‌സറും ഒരു ഫോറും അടക്കമായിരുന്നു ഇന്നിങ്‌സ്. വൈഭവിനെ കൂടാതെ 20 റൺസ് നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 31 റണ്‍സുമായി വേദാന്ത് ത്രിവേദിയും 48 അഭിഗ്യാന്‍ കുണ്ഡുവുമായിരുന്നു ഇന്ത്യ വിജയം തൊടുമ്പോൾ ക്രീസിൽ.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ജേസണ്‍ റോവല്‍സിന്‍റെ സെഞ്ചുറി കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. 246 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. 113 പന്തില്‍ 114 റണ്‍സെടുത്ത റോവല്‍സ് ഏഴ് ഫോറും മൂന്ന് സിക്സും പറത്തി.
ഇന്ത്യക്കായി കിഷന്‍ കുമാര്‍ സിംഗ് നാലു വിക്കറ്റെടുത്തപ്പോള്‍ അംബ്രിഷ് രണ്ട് വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 25 റണ്‍സിന് ജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി.
Content Highlights; vaibhav suryavanshi again with fast fifty ; india win over sa in 2nd youth odi