

ന്യൂഡല്‍ഹി: ഇറാനിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ഇറാനിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടും നിരന്തരം നിരീക്ഷിക്കണം. റസിഡന്റ് വിസയില്‍ ഇറാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍, ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ ആരംഭിച്ച ജനകീയ പ്രക്ഷോഭം തുടരുകയാണ്. പ്രതിഷേധങ്ങളില്‍ 20 പേരോളം കൊല്ലപ്പെട്ടതായാണ് വിവരം. ആയിരത്തോളം പേര്‍ അറസ്റ്റിലായതായും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. സുരക്ഷാ സേന സാധാരണക്കാരെ വിവേചനരഹിതമായി ലക്ഷ്യമിടുന്നുവെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.
ഇറാനിലെ കറന്‍സിയുടെ തകര്‍ച്ചയും ജീവിതച്ചെലവ് വര്‍ദ്ധിച്ചതും മൂലമുണ്ടായ രാജ്യവ്യാപകമായ പ്രക്ഷോഭം 78 നഗരങ്ങളിലേക്ക് വ്യാപിച്ചതായി യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ഇന്‍ ഇറാന്‍ (എച്ച്ആര്‍എഐ) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ ഭരണകൂടത്തിന് അവസാനമുണ്ടാകണമെന്നാണ് പ്രതിഷേധക്കാരുടെ ആഹ്വാനം. രാജ്യത്തെ പരമോന്നത നേതാവ് അലി ഖമേനി പ്രതിഷേധക്കാരെ 'കലാപകാരികള്‍' എന്നാണ് അഭിസംബോധന ചെയ്തത്.
യുഎസ് ഡോളറിനെതിരെ ഇറാനിയൻ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. ടെഹ്‌റാനിലെ വ്യാപാരികൾ ആരംഭിച്ച പ്രതിഷേധം പിന്നീട് സർവകലാശാലാ വിദ്യാർത്ഥികൾ ഏറ്റെടുക്കുകയും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു.
Content Highlights: MEA advises Indians to avoid non-essential travel to Iran