

ഇസ്‌ലാമാബാദ്: ഇന്ത്യക്ക് നേരെ ഭീഷണിമുഴക്കി പാകിസ്താൻ മുസ്‌ലിം ലീഗ് യുവജനവിഭാഗം നേതാവ് കമ്രാൻ സയീദ് ഉസ്മാനി.ബംഗ്ലാദേശിന് നേർക്ക് എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ പാകിസ്താന്റെ സൈന്യവും മിസൈലുകളും തക്കതായ മറുപടി നൽകുമെന്നാണ് കമ്രാന്റെ ഭീഷണി. ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ ഉലച്ചിൽ തട്ടിയിരിക്കുന്ന സാഹചര്യത്തിലാണ് കമ്രാന്റെ പ്രതികരണം.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പാർട്ടിയാണ് പിഎംഎൽ. പാർട്ടിയുടെ യുവജനവിഭാഗം തലവനാണ് കമ്രാൻ. ബംഗ്ലാദേശിന്റെ സ്വയംഭരണാവകാശത്തിനുനേർക്ക് ഇന്ത്യ ആക്രമണം നടത്തുകയോ ബംഗ്ലാദേശിന് മേൽ അഖണ്ഡഭാരത പ്രത്യയശാസ്ത്രം അടിച്ചേൽപിക്കാൻ ശ്രമിക്കുകയോ ചെയ്താൽ പാകിസ്താൻ ക്ഷമിക്കില്ലെന്നും കമ്രാൻ വ്യക്തമാക്കി. ബംഗ്ലാദേശും പാകിസ്താനും സൈനികസഖ്യം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട കമ്രാൻ, പാകിസ്താൻ ബംഗ്ലാദേശിലും ബംഗ്ലാദേശ് പാകിസ്താനിലും സൈനികതാവളങ്ങൾ സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടു.
മുഹമ്മദ് യൂനസിന്റെ ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യ - ബംഗ്ലാദേശ് ബന്ധം വഷളായി തുടരുകയാണ്. ഇതിനിടെ വിദ്യാര്‍ത്ഥി പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തിന് പിന്നാലെയും ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിയിരുന്നു. ഡിസംബര്‍ 12-ന് വെടിയേറ്റ ഹാദി സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ധാക്കയിലെ ബിജോയ്‌നഗര്‍ പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ അജ്ഞാതര്‍ ഹാദിയെ വെടിവയ്ക്കുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയവരാണ് വെടിയുതിര്‍ത്തത്. ഹാദിയുടെ തലയ്ക്കാണ് വെടിയേറ്റത്. ഗുരുതരാവസ്ഥയിലായതോടെ വിദഗ്ദ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഹാദിയുടെ മരണത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ വ്യാപക നാശനഷ്ടമാണ് ബംഗ്ലാദേശിൽ ഉണ്ടായത്. ജതിയ ഛത്ര ശക്തി എന്ന വിദ്യാർത്ഥി സംഘടന സംഘടിപ്പിച്ച വിലാപയാത്രയ്ക്കിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘടന ആഭ്യന്തര മന്ത്രിയുടെ കോലം കത്തിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. 24 മണിക്കൂറിനകം കൊലപാതകിയെ പിടികൂടണമെന്ന് യൂനസ് സർക്കാരിന് സമരക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.