

അങ്കാറ: ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി ഹദ്ദാദിന് വിമാനാപകടത്തില്‍ ദാരുണാന്ത്യം. സൈനിക മേധാവിക്ക് പുറമേ നാല് പേര്‍ കൂടി വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദബൈബ അറിയിച്ചു. ഹദ്ദാദിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്നും ദബൈബ പറഞ്ഞു.
തുര്‍ക്കി സന്ദര്‍ശനത്തിനെത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. അങ്കാറയിലെ എസന്‍ബോഗ വിമാനത്താവളത്തില്‍ നിന്ന് രാത്രി 8.10ന് പറയുന്നയര്‍ന്ന് അരമണിക്കൂറിനകം തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ഹദ്ദാദും സംഘവും യാത്ര ചെയ്തിരുന്ന വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള എല്ലാ ആശയവിനിമയവും നഷ്ടപ്പെട്ടിരുന്നു.
തുര്‍ക്കിയും ലിബിയയും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഉന്നതതല ചര്‍ച്ചയ്ക്കായിരുന്നു ഹദ്ദാദ് തുര്‍ക്കിയിലെത്തിയത്. ഭിന്നിച്ചുനില്‍ക്കുന്ന ലിബിയന്‍ സൈന്യത്തെ ഒന്നിപ്പിക്കാന്‍ യുഎന്നിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളില്‍ ഹദ്ദാദ് നിര്‍ണായക പങ്കുവഹിച്ചിരുന്നു.
Content Highlights: Libyan army chief Mohammed Ali Ahmed al-Haddad killed in plane crash in Turkey