എപ്‌സ്റ്റീൻ ജീവനൊടുക്കുന്നതായ വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത് യുഎസ് നീതിന്യായ വകുപ്പ്;വിമർശനത്തിന് പിന്നാലെ നീക്കി

എപ്സ്റ്റീന്‍ ഫയലിന്റെ ഭാഗമായി യാതൊരു വിശദീകരണവുമില്ലാതെയാണ് നീതിന്യായ വകുപ്പ് ഈ വീഡിയോ പങ്കുവെച്ചത്

എപ്‌സ്റ്റീൻ ജീവനൊടുക്കുന്നതായ വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത് യുഎസ് നീതിന്യായ വകുപ്പ്;വിമർശനത്തിന് പിന്നാലെ നീക്കി
dot image

വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ മരണവുമായി ബന്ധപ്പെട്ട വ്യാജ വീഡിയോ പങ്കുവെച്ച് അമേരിക്കന്‍ നീതിന്യായ വകുപ്പ് (ഡിഒജെ). മാന്‍ഹട്ടന്‍ ജയില്‍ സെല്ലില്‍ വെച്ച് എപ്‌സ്റ്റീന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന പേരില്‍ ഇറക്കിയ വ്യാജ വീഡിയോയാണ് ഡിഒജെയുടെ വെബ്‌സൈറ്റില്‍ പങ്കുവെച്ചത്. ഇത് വ്യാജമാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ വീഡിയോ വെബ്‌സൈറ്റില്‍ നിന്ന് നീക്കി.

എപ്സ്റ്റീന്‍ ഫയലിന്റെ ഭാഗമായി ഒരു വിശദീകരണവുമില്ലാതെയാണ് നീതിന്യായ വകുപ്പ് ഈ വീഡിയോയും പങ്കുവെച്ചത്. പ്രത്യക്ഷത്തില്‍ തന്നെ വീഡിയോ വ്യാജമാണെന്ന് വ്യക്തമായിരുന്നു. 12 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു കമ്പ്യൂട്ടര്‍ ജനറേറ്റഡ് വീഡിയോയില്‍ വെള്ള മുടിയുള്ള ഓറഞ്ച് ജമ്പ്‌സ്യൂട്ട് ധരിച്ച എപ്സ്റ്റീന്‍ മുട്ടുകുത്തി നില്‍ക്കുന്നത് കാണാം. 2019 ഓഗസ്റ്റ് 10ന് പുലര്‍ച്ചെ 4:29 എന്നാണ് വീഡിയോയില്‍ രേഖപ്പെടുത്തിയ സമയം.

എന്നാല്‍ റിപ്പോര്‍ട്ട് പ്രകാരം അതേദിവസം പുലര്‍ച്ചെ 6:30നാണ് എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്തത്. മാത്രവുമല്ല, വീഡിയോയില്‍ കാണിക്കുന്ന സെല്‍ എപ്സ്റ്റീന്റെ സെല്ലിന് സമാനമായിരുന്നെങ്കിലും വീഡിയോയിലെ സെല്ലിലെ വാതില്‍ എപ്സ്റ്റീന്റെ സെല്ലിന്റെ വാതിലിന് സമാനമല്ലായിരുന്നു. കൂടാതെ, ആത്മഹത്യ ചെയ്ത അന്ന് രാത്രി എപ്സ്റ്റീന്റെ സെല്ലില്‍ ക്യാമറ ഇല്ലായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോയില്‍ കാണിച്ച രീതിയില്‍ അല്ല എപ്സ്റ്റീനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വീഡിയോയിലെ പല ഘടകങ്ങളും ആനിമേഷനാണെന്ന് വ്യക്തവുമാണ്. എപ്സ്റ്റീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വീഡിയോയെന്ന രീതിയില്‍ ആദ്യമായല്ല, വ്യാജ വീഡിയോ പ്രചരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പേ ഇതേ വീഡിയോ ഒരു യൂട്യൂബര്‍ തന്റെ ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഒരു ത്രീ ഡി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിര്‍മിച്ച വീഡിയോയാണിത്. എന്നാല്‍ നീതിന്യായ വകുപ്പ് എന്തുകൊണ്ടാണ് വ്യാജ വീഡിയോ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തതെന്ന ചോദ്യം ഉയരുന്നുണ്ട്.

Content Highlights: US DOJ upload fake video of jeffrey epstein death removed after backlash

dot image
To advertise here,contact us
dot image