'ഹിന്ദു-സിഖ് ഭൂരിപക്ഷമുള്ള പ്രദേശം'; സാന്റാ ക്ലോസ് വേഷം നിർബന്ധിച്ച് ധരിപ്പിക്കരുതെന്ന് നിർദേശം

സാഹിബ്‌സാദകളുടെ പരമമായ ത്യാഗത്തെ ഓര്‍മിക്കുന്നതിന് ഡിസംബര്‍ 25ന് വീര്‍ ബാല്‍ ദിവസം ആചരിക്കാറുണ്ടെന്നും അതുകൊണ്ട് തന്നെ സ്‌കൂളുകള്‍ ആഘോഷത്തില്‍ മിതത്വം പാലിക്കണമെന്നും നിര്‍ദേശം

'ഹിന്ദു-സിഖ് ഭൂരിപക്ഷമുള്ള പ്രദേശം'; സാന്റാ ക്ലോസ് വേഷം നിർബന്ധിച്ച് ധരിപ്പിക്കരുതെന്ന് നിർദേശം
dot image

ജയ്പൂര്‍: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സാന്റാ ക്ലോസിന്റെ വസ്ത്രം നിര്‍ബന്ധിച്ച് ധരിപ്പിക്കരുതെന്ന നിര്‍ദേശവുമായി രാജസ്ഥാനിലെ ജില്ലാ ഭരണകൂടം. ശ്രീഗംഗാനഗര്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പാണ് സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്തെങ്കിലും പരാതി ലഭിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അശോക് വാദ്വ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഈ മാസം 22നാണ് ഉത്തരവ് ഇറക്കിയത്.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വിദ്യാര്‍ത്ഥികള്‍ക്കോ മാതാപിതാക്കള്‍ക്കോ സമ്മര്‍ദം ചെലുത്തരുതെന്ന് ഉത്തരവില്‍ പറയുന്നു. കുട്ടികളുടെയോ മാതാപിതാക്കളുടെയോ സമ്മതത്തോടെ ക്രിസ്മസ് ആഘോഷിക്കുന്നതിന് വിലക്കില്ല. വിദ്യാര്‍ത്ഥികളെ സമ്മര്‍ദം ചെലുത്തിയാല്‍ സ്‌കൂള്‍ മാനേജ്‌മെന്റുകളായിരിക്കും ഉത്തരവാദികളെന്നും ഉത്തരവില്‍ പറയുന്നു.

സാഹിബ്‌സാദകളുടെ പരമമായ ത്യാഗത്തെ ഓര്‍മിക്കുന്നതിന് ഡിസംബര്‍ 25ന് വീര്‍ ബാല്‍ ദിവസം ആചരിക്കാറുണ്ടെന്നും അതുകൊണ്ട് തന്നെ സ്‌കൂളുകള്‍ ആഘോഷത്തില്‍ മിതത്വം പാലിക്കണമെന്നും അശോക് വാദ്വ പറഞ്ഞു. ഭാരത് ടിബറ്റ് സഹ്‌യോഗ് മഞ്ചിന്റെ പരാതിയിലാണ് ഇടപെടല്‍. ശ്രീഗംഗാനഗര്‍ ഹിന്ദു-സിഖ് ഭൂരിപക്ഷമുള്ള പ്രദേശമാണെന്നും പ്രത്യേക പാരമ്പര്യം അടിച്ചേല്‍പ്പിക്കരുതെന്നും പരാതിയില്‍ പറയുന്നു.

അതേസമയം ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള സംഘര്‍ഷങ്ങളും വിലക്കുകളുമാണ് ഉത്തരേന്ത്യയില്‍ നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഇത്തവണ ക്രിസ്മസ് അവധിക്ക് പകരം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്യുടെ ജന്മജതാബ്ദി ആഘോഷിക്കാനാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വാജ്പേയ്യുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് വന്‍ പരിപാടികളാണ് സ്‌കൂളുകളില്‍ പ്ലാന്‍ ചെയ്യുന്നത്. ഈ ദിവസം വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ സ്‌കൂളുകളില്‍ ക്രിസ്മസിന് അവധി നല്‍കിയിരുന്നു.

Content Highlights: Rajasthan ordered no one should be forced to wear Santa Claus costume

dot image
To advertise here,contact us
dot image