

ദുബായ്: ലൈംഗികത്തൊഴിലാളിയായി ജോലി ചെയ്തുവെന്ന സംശയത്തിൽ മുൻ ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്. അനസ്താസ്യ(25) എന്ന യുവതിയാണ് മരിച്ചത്. ദുബായിലെ വോക്കോ ബോണിങ്ടൺ ഹോട്ടലിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം.
ഹോട്ടൽ മുറിയിൽ കഴുത്തിലും ശരീരത്തിലും കൈകാലുകളിലും പതിനഞ്ചിലധികം കുത്തുകളേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ആൽബർട്ട് മോർഗനെ(41) റഷ്യൻ പൊലീസെത്തി അറസ്റ്റുചെയ്തു. ലോൺട്രിയിൽ നിന്നെടുത്ത ഹോട്ടൽ റോബ് ധരിച്ചാണ് ഇയാൾ മുറിയിൽ പ്രവേശിച്ചത്. ഹൗസ് കീപ്പിങ് ജീവനക്കാരനെ കബളിപ്പിച്ചാണ് അകത്തുകയറി കൃത്യം നിർവഹിച്ചതെന്നും പൊലീസ് പറയുന്നു.
നിയമോപദേഷ്ടാവായ മോർഗനും റഷ്യൻ എയർലൈൻസ് ജീവനക്കാരിയായ അനസ്താസ്യയും രണ്ടുവർഷത്തോളം ദാമ്പത്യബന്ധം തുടർന്നിരുന്നു. പിന്നീട് വേർപിരിഞ്ഞു. ദാമ്പത്യ ബന്ധത്തിലായിരുന്ന കാലയളവിൽ അനസ്താസ്യ ലൈംഗികത്തൊഴിലിലേർപ്പെട്ടിരുന്നെന്ന് സംശയിച്ചാണ് മോർഗൻ കൊലപാതകം നടത്തിയത്. വിവാഹമോചനം നേടിയശേഷം മോർഗൻ മുൻ ഭാര്യയുടെ സ്വകാര്യ സന്ദേശങ്ങൾ പരിശോധിക്കുകയും വിവാഹസമയത്ത് അനസ്താസിയ മറ്റു പുരുഷന്മാരുമായി ബന്ധം പുലർത്തിയിരുന്നു എന്ന് സംശയിക്കുകയും ചെയ്തതാണ് പ്രകോപനമായത്.
റഷ്യയിൽനിന്ന് യുഎഇയിലേക്ക് എത്തിയാണ് അനസ്താസ്യയെ കൊലപ്പെടുത്തിയത്. അനസ്താസ്യയുടെ ശരീരത്തിൽ പച്ച പെയിന്റ് അടിക്കാനും കത്രിക ഉപയോഗിച്ച് മുടി വെട്ടാനുമായിരുന്നു ആദ്യ പദ്ധതി. എന്നാൽ മുറിയിൽ പ്രവേശിച്ചതോടെ തർക്കമുണ്ടാവുകയും സാഹചര്യം വഷളാവുകയുമായിരുന്നു. ഇതോടെ ഇയാൾ ഇവരെ പലതവണ കുത്തിപ്പരിക്കേൽപ്പിച്ചു. മണിക്കൂറുകൾക്ക് ശേഷമാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ അനസ്താസ്യയെ കണ്ടെത്തിയത്.
മോർഗൻ മുമ്പ് മയക്കുമരുന്നുകേസിൽ ഏഴുവർഷം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഇരുവർക്കുമിടയിൽ കുടുംബവഴക്കുകൾ പതിവായിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് മോർഗനാണ് അക്രമിയെന്ന് അധികൃതർ തിരിച്ചറിഞ്ഞത്. തുടർന്ന് റഷ്യൻ പൊലീസെത്തിയ ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.
Content Highlight : Man kills ex-wife after traveling from Russia to Dubai