

കൊച്ചി: കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ അസ്വാഭാവികതയില്ലെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. കെപിസിസി മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് മേയറെ തെരഞ്ഞെടുത്തതെന്ന് ഷിയാസ് പറഞ്ഞു. ഇതിന് മുൻപും ഭൂരിപക്ഷം മാനദണ്ഡമാക്കിയിട്ടുണ്ട് എന്നും ഷിയാസ് വ്യക്തമാക്കി. നേരത്തെ മേയർ തെരഞ്ഞെടുപ്പിൽ കെപിസിസി മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ദീപ്തി മേരി വർഗീസ് കെപിസിസി അധ്യക്ഷന് പരാതി നൽകിയിരുന്നു.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് താൻ മറുപടി പറയേണ്ടത് ശരിയായ നടപടിയല്ല. പാർട്ടി വേദികളിലാണ് അഭിപ്രായങ്ങൾ ചർച്ച ചെയ്യേണ്ടത്. പൊതുവേദിയിൽ ചർച്ച ചെയ്ത് യുഡിഎഫ് വിജയത്തിന്റെ ശോഭ കെടുത്താനും രാപ്പകലില്ലാതെ കഷ്ടപ്പെട്ട പ്രവർത്തകരെ വേദനിപ്പിക്കാനും ഞങ്ങൾ തയ്യാറല്ല എന്നും ഷിയാസ് പറഞ്ഞു.
മേയർ തെരഞ്ഞെടുപ്പിൽ സഭ ഇടപെട്ടിട്ടില്ല എന്നും ഷിയാസ് വ്യക്തമാക്കി. ഒരു സഭയും സഭാനേതൃത്വവും തന്നോടോ പാർട്ടി നേതൃത്വത്തോടോ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അത് വ്യാജപ്രചാരണമാണ്. യുഡിഎഫും കോൺഗ്രസുമാണ് എല്ലാം തീരുമാനിക്കുക. വെറുതെ സഭയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത് എന്നും ഷിയാസ് അഭ്യർത്ഥിച്ചു. പാർട്ടി നേതാക്കൾ എടുത്ത തീരുമാനം ഫലപ്രദമായി നടപ്പിലാക്കുമെന്നും ഷിയാസ് വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് അജയ് തറയിലിന്റെ വിമർശനങ്ങൾക്കും ഷിയാസ് മറുപടി നൽകി. ജില്ലയിലെ കോർ കമ്മിറ്റിയാണ് എല്ലാം തീരുമാനിക്കുന്നത്. സ്ഥാനമാനങ്ങൾ തീരുമാനിച്ചതും കോർ കമ്മിറ്റിയാണ്. ആവശ്യമില്ലാത്ത പ്രചാരങ്ങളാണ് നടക്കുന്നത് എന്നും ഷിയാസ് മറുപടി നൽകി. തീരുമാനം പ്രഖ്യാപിക്കൽ മാത്രമാണ് തന്റെ ജോലി എന്നും ഷിയാസ് കൂട്ടിച്ചേർത്തു.
കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് ദീപ്തി മേരി വര്‍ഗീസ് പരാതി നൽകിയിരുന്നു. കെപിസിസിയുടെ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി നൽകിയത്. തന്നെ ഒഴിവാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടന്നെന്ന് ദീപ്തി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. കൊച്ചി കോർപ്പറേഷന്‍ മേയർ സ്ഥാനം വി കെ മിനിമോളും ഷൈനി മാത്യുവും പങ്കിടും എന്ന ധാരണയ്ക്ക് പിന്നാലെയാണ് ദീപ്തി മേരി വർഗീസ് പരാതി നല്‍കിയിരിക്കുന്നത്.
'മേയറെ നിശ്ചയിച്ചത് കെപിസിസി മാനദണ്ഡങ്ങള്‍ മറികടന്നാണ്. രഹസ്യ വോട്ടെടുപ്പ് നടത്തിയിട്ടില്ല. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള നേതാക്കള്‍ വോട്ടെടുപ്പിന് വന്നില്ല. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അടക്കമുള്ളവര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചു.' എന്ന് ദീപ്തി പരാതിയിൽ പറയുന്നുണ്ട്.
'കെപിസസിയുടെ നിരീക്ഷന്‍ എത്തി കൗണ്‍സിലര്‍മാരുടെ അഭിപ്രായം കേള്‍ക്കണം എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. കൗണ്‍സിലര്‍മാരില്‍ കൂടുതല്‍ പേര് അനുകൂലിക്കുന്ന ആളെ മേയര്‍ ആക്കണം എന്നതാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ കൊച്ചിയില്‍ അതുണ്ടായില്ല. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എന്‍ വേണുഗോപാലുമാണ് കൗണ്‍സിലര്‍മാരെ കേട്ടത്. ഇവര്‍ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസിനീയമാണ്.' എന്നും ദീപ്തി നൽകിയ പരാതിയിലുണ്ട്.