

വിവാദപരാമർശത്തിൽ ക്ഷമ ചോദിച്ച് നടൻ ശിവാജി. താൻ ആരെയും അവഹേളിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും സ്ത്രീകൾ അവരുടെ വസ്ത്രധാരണത്തിൽ ശ്രദ്ധിച്ചാൽ പ്രശ്നങ്ങൾ ഒഴിവാക്കാമെന്ന് പറയാൻ ശ്രമിക്കുകയാണ് താൻ ചെയ്തതെന്നും നടൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് നടന്റെ ക്ഷമാപണം.
'ഇക്കാലത്ത് നായികമാർ പലപ്പോഴും ദുഷ്കരമായ സാഹചര്യങ്ങളിൽ അകപ്പെടുന്നുണ്ട്. നല്ല വാക്കുകൾ പറയാൻ ശ്രമിച്ചപ്പോൾ, ഞാൻ ചില മോശം വാക്കുകൾ ഉപയോഗിച്ചു പോയി. എല്ലാ സ്ത്രീകളെയും ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. നായികമാർ പുറത്തു പോകുമ്പോൾ, അവർ ധരിക്കുന്ന വസ്ത്രങ്ങളിൽ ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് ഞാൻ പറഞ്ഞതിൻ്റെ അർത്ഥം. ആരെയും അപമാനിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചിരുന്നില്ല. ഇന്നലെ രാത്രി നടന്ന പരിപാടിയിൽ ഉപയോഗിച്ച വാക്കുകൾക്ക് ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. എൻ്റെ ഉദ്ദേശം നല്ലതായിരുന്നു, പക്ഷേ, ആ രണ്ട് വാക്കുകൾ പുറത്തു വരാതിരുന്നെങ്കിൽ നന്നായിരുന്നു. നല്ലത് പറയണം എന്നല്ലാതെ മറ്റൊരാളെയും അപമാനിക്കാനോ താഴ്ത്തിക്കെട്ടാനോ എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല' ശിവാജിയുടെ വാക്കുകൾ.
'ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്ന് എല്ലാ നായികമാരോടും ഞാൻ അഭ്യർഥിക്കുകയാണ്. ദയവായി സാരിയോ അല്ലെങ്കിൽ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂ. മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങൾ തുറന്നുകാണിക്കുന്നതിലല്ല. ആളുകൾ ചിലപ്പോൾ ഒന്നും തുറന്നുപറയില്ല. കാരണം ഇത് നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് അവർ കരുതും. പക്ഷേ ഉള്ളുകൊണ്ട് അവർ ഇത് ഇഷ്ടപ്പെടണമെന്നില്ല.
സ്ത്രീയെന്നാൽ പ്രകൃതി പോലെയാണ്. പ്രകൃതി സുന്ദരിയായിരിക്കുമ്പോൾ നമ്മൾ അതിനെ ബഹുമാനിക്കും. ഞാൻ എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന എന്റെ അമ്മയെ പോലെയാണ് എനിക്ക് സ്ത്രീ', എന്നായിരുന്നു നടന്റെ വാക്കുകൾ. ധണ്ടോര എന്ന പുതിയ ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കവെയാണ് ബിഗ് ബോസ് തെലുങ്ക് ഏഴാം സീസണിലെ സെക്കൻഡ് റണ്ണർ അപ്പ് കൂടിയായ ശിവാജി വിവാദ പരാമർശങ്ങൾ നടത്തിയത്. ചിത്രത്തിലെ വനിതാ താരങ്ങളുടെ സാന്നിധ്യത്തിലാണ് ശിവാജി ഇക്കാര്യങ്ങൾ പറഞ്ഞത്.
“My intention was good, but my choice of words was wrong.”
— Gulte (@GulteOfficial) December 23, 2025
- #Sivaji’s public apology to actresses and women.
pic.twitter.com/YFmrtUSN53
പിന്നാലെ സോഷ്യൽ മീഡിയയിൽ നിറയെ നടനെതിരെയുള്ള വിമർശനങ്ങൾ കൊണ്ട് നിറഞ്ഞു. 'ഇയാൾ പറയുന്ന വാക്കുകളേക്കാൾ അതിന് കിട്ടുന്ന കയ്യടിയും ആർപ്പുവിളിയുമാണ് നമ്മളെ ഭയപ്പെടുത്തേണ്ടത്' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'തെലുങ്ക് സിനിമയുടെ സ്ത്രീവിരുദ്ധ കാഴ്ചപ്പാട് പുതിയതൊന്നുമല്ല. അതിന് വിരുദ്ധമായി നിൽക്കുന്നവർ അപൂർവമാണ്' എന്നായിരുന്നു അടുത്ത കമന്റ്. ഗായിക ചിന്മയിയും നടനെ വിമർശിച്ച് രംഗത്തെത്തി.
'തങ്ങളുടെ ശരീരഭാഗങ്ങൾ മറച്ചുവെക്കാൻ സാരിയുടുക്കണമെന്ന് അധിക്ഷേപ വാക്കുകൾ ഉപയോഗിച്ച് നടിമാരെ അനാവശ്യമായി ഉപദേശിക്കുകയാണ് തെലുങ്ക് നടൻ ശിവാജി. ഒരു മികച്ച സിനിമയിൽ വില്ലൻ വേഷം അവതരിപ്പിച്ച ശിവാജി ഒടുവിൽ സ്ത്രീവിരുദ്ധരുടെ നായകനായിരിക്കുകയാണ്. പ്രൊഫഷണലായ ഇടങ്ങളിലാണ് ശിവാജി ഇത്തരം അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം', എന്നായിരുന്നു ചിന്മയിയുടെ വാക്കുകൾ.
Content Highlights: Actor sivaji apologises to actresses and women