ഈ മൃഗത്തിന്റെ വിഷം അസഹനീയമായ വേദനയുണ്ടാക്കും! പ്രതിരോധിക്കാൻ മാർഗമില്ല; കുത്തേറ്റാല്‍ എന്ത് സംഭവിക്കും?

പത്തൊമ്പതോളം പെപ്പറ്റൈഡുകളുടെ ഒരു സംയുക്തമാണിതെന്നാണ് ഈ വിഷത്തെ കുറിച്ച് പഠിച്ച ശാസ്ത്രജ്ഞർ കണ്ടെത്തിയത്

ഈ മൃഗത്തിന്റെ വിഷം അസഹനീയമായ വേദനയുണ്ടാക്കും! പ്രതിരോധിക്കാൻ മാർഗമില്ല; കുത്തേറ്റാല്‍ എന്ത് സംഭവിക്കും?
dot image

വിഷമെന്ന് കേൾക്കുമ്പോഴേ ആദ്യം മനസിലെത്തുക പാമ്പുകളായിരിക്കും. ശാസ്ത്രം ഇവയുടെ വിഷത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ആന്റി വെനം കണ്ടുപിടിച്ചിരിക്കുന്നതിനാൽ പാമ്പു കടിയേറ്റാലും അതിന് പ്രതിവിധിയുണ്ടെന്ന് ഉറപ്പാണ്. എന്നാൽ ഇവിടെ പറഞ്ഞു വരുന്നത് പാമ്പിനെ കുറിച്ചല്ല പ്ലാറ്റിപ്പസിനെ കുറിച്ചാണ്. പേര് കേൾക്കുമ്പോൾ തന്നെ തോന്നും ഇതെന്തോ പ്രത്യേകതയുള്ള ജീവിയാണല്ലോയെന്ന്. ഒരുപാട് പ്രത്യേകയുള്ള ജന്തുക്കളിലൊന്നാണ് പ്ലാറ്റിപസ്. ഇത് മുട്ടയിടും, നിപ്പിൾസ് ഇല്ലാതെ തന്നെ പാൽചുരത്തും, വെള്ളത്തിനടിയിലുള്ള ഇലക്ട്രിക്കൽ സിഗ്നലുകളെ മനസിലാക്കാൻ ഇവയ്ക്ക് കഴിയും.. ഇനിയോ ഒരു നായയെ പോലും അനാരോഗ്യവാനാക്കുന്ന തരത്തിൽ അത്രയും വീര്യമുള്ള വിഷം ചീറ്റാനും ഇവയ്ക്ക് കഴിയും. ഇവയുടെ ശരീരത്തിലുള്ള രോമങ്ങൾ UV കിരണങ്ങളിൽ തിളങ്ങുന്നവയുമാണ്.

ആൺ പ്ലാറ്റിപ്ലസുകളിൽ മാത്രമാണ് വിഷമുള്ളത്. ഇവയ്ക്ക് പിൻകാലുകളിൽ കൊമ്പ് പോലൊരു ഘടനയുണ്ട്. ഇതാണ് വിഷം പുറപ്പെടുവിക്കുന്നത്. കിഴക്കൻ ഓസ്‌ട്രേലിയയിലെ നദികളിലും ശുദ്ധജല തടാകങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. ഭൂമിയിലെ മറ്റ് സസ്തിനികളിൽ നിന്നും പ്ലാറ്റിപസിനെ വ്യത്യസ്തമാക്കുന്നതും ഇതിന്റെ വിഷത്തിന്റെ ഇനിയും തിരിച്ചറിയപ്പെടാത്ത പ്രത്യേകതകളാണ്. മനുഷ്യരിൽ അസഹനീയമായ വേദനയാകും ഇതിന്റെ വിഷമുണ്ടാക്കുക. ഇതിനെ പ്രതിരോധിക്കാനുള്ള ഒരു ആന്റി വെനം ഇതുവരെ കണ്ടെത്തിയിട്ടില്ല.

പാമ്പ്, തേൾ, ചിലന്തി എന്നിങ്ങനെ ചില ജീവികള്‍ മാത്രമാണ് വിഷം വഹിച്ച് നടക്കുന്നുവെന്ന് ചിന്തിക്കുന്നവരെ അമ്പരപ്പിക്കുന്ന കാര്യമാണ് കാണുമ്പോൾ ഇത്തിരി ഓമനത്തമൊക്കെ തോന്നുന്ന സസ്തിനികളിൽ ഇതുണ്ടെന്ന് കേൾക്കുന്നത്. കൂർത്ത, കെരാറ്റിൻ നിറഞ്ഞ കൊമ്പുപോലൊരു ഘടനയാണ് ആൺ പ്ലാറ്റിപസിന്റെ പിൻകാലുകളിലുള്ളത്. പ്രജനന കാലമാകുമ്പോൾ ഈ ഘടന വിഷഗ്രന്ഥികളുമായി ബന്ധിക്കപ്പെടും. ഇതോടെ ഈ ഘടന പ്രവർത്തനക്ഷമമാവുകയും തീവ്രമായ ചില രാസവസ്തുക്കളുടെ ഒരു ചേരുവ ഉത്പാദിപ്പിക്കപ്പെടും. ഇവ ഈ ഭാഗത്തായി വീർത്ത് നിൽക്കും.

പത്തൊമ്പതോളം പെപ്പറ്റൈഡുകളുടെ ഒരു സംയുക്തമാണിതെന്നാണ് ഈ വിഷത്തെ കുറിച്ച് പഠിച്ച ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഇതിൽ പലതും മറ്റൊരു ജീവിയിലും കണ്ടെത്താനും കഴിഞ്ഞിട്ടില്ല. മാത്രമല്ല, ഇതിൽ പലതിന്റെയും പേരുകൾ പോലും അറിയില്ല. ഗവേഷണങ്ങളിൽ വ്യക്തമായ കാര്യം ഈ വിഷം വളരെ സങ്കീർണമായ ഒന്നാണെന്നാണ്. ഇതിലടങ്ങിയ ഒരു ഘടകത്തിൽ ഡി അമിനോ ആസിഡിന്റെ സാന്നിധ്യമുണ്ട്. ഇത് പ്രകൃതിയിൽ തന്നെ വളരെ വിരളമായാണ് കാണപ്പെടുന്നത്. അപ്പോഴാണ് ഒരു സസ്തിനിയിൽ ഇതിന്റെ സാന്നിധ്യം. പ്ലാറ്റിപ്ലസിന്റെ വിഷം ന്യൂട്രലൈസ് ചെയ്യാനോ അതേപടി നിർമിക്കാനോ കഴിയില്ലെന്നും ഗവേഷകർ പറയുന്നു. ഇവയുടെ കുത്തേറ്റാല്‍ എന്ത് ചെയ്യുമെന്നതാണ് ഉയരുന്ന ചോദ്യം. ആദ്യം അറിയേണ്ടത് ഈ വിഷം ആരുടെയും ജീവനെടുക്കില്ലെന്നതാണ്. അതിനർഥം ഇത് ഉപദ്രവകാരിയല്ലെന്നല്ല. പ്ലാറ്റിപസിന്റെ കുത്തേറ്റവർക്ക് ഉണ്ടാകുന്നത് അസഹനീയമായ വേദനയായിരിക്കും.

Male Platypus
Male Platypus

എല്ലുകൾ ഒടിയുന്നതിനെക്കാളും ശസ്ത്രക്രിയ ചെയ്യുന്നതിനെക്കാളും ഭീകരമായ വേദനയാകും ഇതിന്റെ കുത്തേറ്റാൽ ഉണ്ടാവുക. മാത്രമല്ല ഇത് ആഴ്ചകളും മാസങ്ങളും നീണ്ടുനിൽക്കാനും സാധ്യതയുണ്ട്. ചിലർക്ക് കൈകാലുകളിൽ നീരുവയ്ക്കുകയും മുറിവുണങ്ങിയ ശേഷവും കഠിനമായ വേദന അനുഭവിക്കേണ്ടി വരികയും ചെയ്തുവെന്നാണ് പറയുന്നത്. മോർഫിനോ, സ്റ്റാൻഡേർഡ് പെയിൻകില്ലറുകളോ ഇതിന് പരിഹാരമല്ല. ഇവ ഉപയോഗിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാവുകയും ചെയ്യും. ആന്റിഡോട്ടുകൾ വികസിപ്പിക്കാൻ ശാസ്ത്രം സ്വീകരിക്കുന്ന വഴികളുമായൊന്നും ചേർന്ന് പോകാത്ത ഒരുതരം വിഷമാണിത്.

മറ്റ് ജീവികളിലെ പോലെ ഭക്ഷണത്തിനായി ഇരയെ കൊല്ലാൻ വേണ്ടിയല്ല പ്ലാറ്റിപ്ലസിന് വിഷം. ഇവയ്ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ തടയാനാണ്. പ്രജനന സമയത്ത് പെൺ പ്ലാറ്റിപ്ലസുകളുടെ ശ്രദ്ധ നേടാൻ മത്സരമുണ്ടാകും ഈ സമയം എതിരാളികളെ നേരിടാനാണ് ഈ വിഷം കൂടുതലും ഉപയോഗിക്കുന്നത്. പെൺ പ്ലാറ്റിപ്ലസുകൾ ഇത്തരം കൊമ്പുകളുമായാണ് ജനിക്കുന്നതെങ്കിലും വളർച്ചയുടെ ആദ്യ ഘട്ടത്തിൽ ഇവ കൊഴിഞ്ഞു പോകും. അതേസമയം ആൺ പ്ലാറ്റിപ്ലസുകളിലെ വിഷത്തെ കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ് ഇവ, നെക്സ്റ്റ് ജനറേഷൻ പെയിൻകില്ലറുകൾ വികസിപ്പിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.

Content Highlights: Male Platypus posses a venom which is so harmful, anti venom still not exist

dot image
To advertise here,contact us
dot image