

സ്വന്തം പതനങ്ങള്‍ കൊണ്ട് മറ്റുള്ളവരെ ചിരിപ്പിച്ച് കടന്നു പോവുന്നൊരാള്‍....
'ശ്രീധരന്റെ ഒന്നാം തിരുമുറിവ്' എന്ന ചിത്രത്തില്‍ മമ്മൂട്ടി കയറിപ്പോവുന്ന ഒരു കലാസമിതിക്കെട്ടിടമുണ്ട്, അക്കാലത്തെ കേരളത്തിലെ എല്ലാ ഗ്രാമാന്തരങ്ങളിലും ഒരു കാലത്ത് പാതിരാവോളം ചെറുപ്പക്കാരുടെ പലതരം ഭ്രാന്തുകളുടെ ഗര്‍ഭഗൃഹമായിരുന്നു അങ്ങനെയൊരു കെട്ടിടം. ഇന്നും കാണാം പല നാല്‍ക്കവലകളിലും, കാലം മറന്നുവച്ചതു പോലെ, തൂക്കിയിട്ട കയറു പിടിച്ച് മാത്രം കയറിപ്പോവാന്‍ കഴിയുന്ന മര ഗോവണികള്‍ക്ക് മുകളില്‍ തുരുമ്പിച്ച ബോര്‍ഡില്‍ പേരെഴുതി വച്ച കലാസമിതികള്‍.

അവിടെ വച്ചാണ് ശ്രീധരനായ മമ്മൂട്ടി, 'കുഷ്ഠരോഗിയും ഭ്രാന്തനുമൊക്കെ കുറെയായല്ലോ? ഇനി ഒരു കോളേജ് കഥയുണ്ട്' എന്ന് പറയുന്നത്. 'കോളേജ് കുമാരനായ ഹീറോ ശ്രീധരേട്ടന്‍ തന്നെയായിരിക്കുമല്ലോ' എന്ന ചോദ്യത്തിന് 'അതു പിന്നെ നിങ്ങളെല്ലാവരും നിര്‍ബന്ധിച്ചാല്‍…' എന്ന് ശ്രീധരന്റെ പ്രതികരണവുമുണ്ട്. ഒന്ന് ശ്രദ്ധിച്ചു നോക്കിയാല്‍ യൗവ്വനത്തോടുള്ള അഭിനിവേശത്തെയും പ്രായത്തോടുള്ള സമരത്തെയും മമ്മൂട്ടിയെന്ന അഭിനേതാവിന്റെ ഉള്ളില്‍ നിന്നു കണ്ടെടുക്കുകയായിരുന്നു ശ്രീനിവാസന്‍ എന്ന പ്രതിഭാധനനായ തിരക്കഥാകൃത്ത് എന്നു കാണാം. അയാളുടെ മോഹ ലോകങ്ങളില്‍ നിന്നാണ് അഴകിയ രാവണനിലെ ശങ്കര്‍ദാസിന്റെയും യാത്രകള്‍ ആരംഭിക്കുന്നത്.
ഇതേപോലെ പുറത്തുനിന്നു കൊണ്ടുവന്ന കഥാപാത്രങ്ങളെ അഭിനേതാക്കളുടെ മേല്‍ വെച്ചുകെട്ടുകയല്ല, അവരുടെ ഉള്ളില്‍ നിന്ന് കഥാപാത്രങ്ങളെ കണ്ടെടുക്കുകയായിരുന്നു ശ്രീനിവാസന്‍. അതാണ് അദ്ദേഹത്തെ അനന്യനാക്കുന്നത്. അതുകൊണ്ട് ആ തമാശകളില്‍ പറയുന്ന ആളുടെ ആത്മാംശം കൂടി കലര്‍ന്നിരിക്കും. നഗരവാസിയായ തന്റെ മുറപ്പെണ്ണിനാല്‍ താന്‍ നിരസിക്കപ്പെടുന്നു എന്ന് തിരിച്ചറിയുന്ന ശ്രീധരനു വേണ്ടി ആ കലാസമിതി കൂട്ടുകാര്‍ ചേര്‍ന്ന്, പോയ വസന്തങ്ങള്‍ വീണ്ടും വരുമോ എന്ന അവരുടെ തന്നെ നാടകത്തിലെ ' ജാലകങ്ങള്‍ മൂടിയെങ്ങോ നീയകന്നു പോയ് ' എന്ന ശോകഗാനമാലപിക്കുന്നു. അതിലെ ശോകാംശം കൂട്ടുമ്പോള്‍ പഴയ ഒരു നാടകഗാനത്തിന്റെ ഒരു കാരിക്കേച്ചര്‍ അവതരണമായി അതു വികസിക്കുന്നു.
ദാരിദ്ര്യത്തിന്റെ ലോകത്ത് വേരുകള്‍ ആഴ്ന്നിരിക്കുമ്പോഴും പ്രതീക്ഷകളുടെ ചില്ലകള്‍ സമ്പന്നതയുടെ ആകാശത്ത് പടര്‍ത്തുന്ന ഇടത്തരക്കാരുടെ ജീവിതമായിരുന്നു ശ്രീനിവാസന്‍ കഥകളുടെ ക്യാന്‍വാസ് എന്ന് തോന്നിയിട്ടുണ്ട്. എഴുപതുകളും എണ്‍പതുകളും സൃഷ്ടിച്ച, തൊണ്ണൂറുകള്‍ വരെ നീളുന്ന അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവാക്കളിലെ ഈ മധ്യവര്‍ഗ്ഗമനോഭാവവും അപകര്‍ഷതാബോധവും പല പാട് ആ സിനിമകളില്‍ ആവര്‍ത്തിക്കുന്നു.
സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ടി.പി. ബാലഗോപാലന്‍ എം എ , ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ താര ശരീരത്തിലാണ് ഈ മധ്യവര്‍ഗ്ഗ യുവാവ് പാര്‍ത്തിരുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും അമാനുഷിക സ്വഭാവമുള്ള അതിനായകന്മാരാവും മുമ്പ് പച്ചമണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളായി ജീവിച്ച തിരക്കഥകള്‍ ശ്രീനിവാസന്റെതാണ്. എന്റെ തല, എന്റെ ഫുള്‍ഫിഗര്‍ എന്ന മാനസികാവസ്ഥ താരങ്ങളെയും ആരാധകരെയും അന്ന് ബാധിച്ചിരുന്നില്ല.
അതിനുശേഷം ശ്രീനിവാസന്‍ നടത്തുന്ന മറ്റൊരു ചുവടുവെയ്പ് തൊഴില്‍രഹിതനും ജീവിത സ്വപ്നങ്ങള്‍ നെഞ്ചില്‍ കൊണ്ടു നടക്കുകയും ചെയ്യുന്ന ആ യുവാവിനെ സ്വന്തം ശരീരത്തിലേക്ക് കൂടി പകര്‍ന്നെടുത്തു എന്നതാണ്. വിദ്യാരംഭം, പാവം പാവം രാജകുമാരന്‍, ഇംഗ്ലീഷ് മീഡിയം തുടങ്ങിയ ചിത്രങ്ങളില്‍ തന്റെ തന്നെ ആത്മഛായയില്‍ ഈ സംഘര്‍ഷ ലോകങ്ങള്‍ ശ്രീനിവാസന്‍ ആവിഷ്‌കരിച്ചു.
കേരളത്തിലെ മധ്യവര്‍ഗ്ഗ യുവാക്കളുടെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് എയ്ഡഡ് സ്‌കൂള്‍. അവശ്യ യോഗ്യതകള്‍ക്കൊപ്പം മാനേജര്‍ക്ക് കൊടുക്കുന്ന പണം കൂടിയാണ് ഈ ജോലിക്ക് വേണ്ടത്.
ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, വിദ്യാരംഭം, ഇംഗ്ലീഷ് മീഡിയം തുടങ്ങി പല സിനിമകളില്‍ ഇങ്ങനെ ഒരു സ്‌കൂള്‍ ഉണ്ട്. 'സാള്‍ട്ട് മാംഗോ ട്രീ' എന്ന് ഉപ്പുമാവിന്റെ ഇംഗ്ലീഷ് പറയുന്ന വ്യാജനാണ് ആദ്യ സിനിമയിലെ നായകനെങ്കില്‍ ഇംഗ്ലീഷ് മീഡിയത്തിലെത്തുമ്പോള്‍ 'കേരളത്തില്‍ തേങ്ങയേക്കാള്‍ കൂടുതലുള്ള' ബിരുദധാരികളില്‍ ഒരാളാണയാള്‍. ഇരുട്ടില്‍ സൈക്കിളുമായി മാനേജരുടെ വീട്ടില്‍ വന്ന് വാതിലില്‍ മുട്ടിയിട്ട് 'ഒരപരിചിതനാണ് വാതില്‍ തുറക്കൂ…' എന്നാണയാള്‍ പറയുന്നത്. (ഒരാള്‍ക്ക് ഏറ്റവും അപരിചിതന്‍ അയാള്‍ തന്നെ! ) 'ഒരു ജോലി കിട്ടിയിട്ട് കല്യാണം കഴിക്കാമെന്ന് വിചാരിച്ചു. കുറെ നടന്നു. ഒന്നും ശരിയായില്ല, പിന്നെ വിചാരിച്ചു പെണ്ണ് കെട്ടിയിട്ട് ജോലി നോക്കാമെന്ന്. അങ്ങനെയും നടന്നു. എവിടുന്ന് പെണ്ണ് കിട്ടാന്‍' എന്ന് അയാള്‍ പറയുന്നുണ്ട്.
സ്വയം മാഷ് എന്ന് വിളിക്കുന്ന അയാള്‍ നാട്ടിലെ അധ്വാനിക്കുന്ന ജനതയോട് കാണിക്കുന്ന മനോഭാവം ചായക്കടയില്‍ വന്ന് ബഹളം വെക്കുമ്പോള്‍ കാണാം. അപ്പോള്‍ ചായക്കടക്കാരന്‍ (മാമുക്കോയ) പറയുന്നുണ്ട്. 'ഞാന്‍ സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നവനാണ്. ഈ ഒച്ചപ്പാടൊന്നും ഇവിടെ വേണ്ട. പതുക്കെ സംസാരിക്കൂ' എന്ന്. സന്ദേശം പോലുള്ള സിനിമകളിലെ പ്രകടരാഷ്ട്രീയത്തേക്കാള്‍ ഗംഭീരമാണ് ഇത്തരം സംഭാഷണങ്ങളിലെ സൂക്ഷ്മ രാഷ്ട്രീയം. അത് തിരിച്ചറിയാന്‍ നായക കഥാപാത്രങ്ങളിലേക്ക് മാത്രം നോക്കിയാല്‍ മതിയാവുകയില്ല. അത്തരമൊരു സംഭാഷണത്തിലെ പ്രണയം നല്‍കിയ ഊര്‍ജമാണ് നാടോടിക്കാറ്റില്‍ രാമദാസനെ കൊണ്ട് പച്ചക്കറി വണ്ടി ഉന്തിക്കുന്നത്.

സാള്‍ട്ട് മാംഗോ ട്രീ എന്ന് കേള്‍ക്കുമ്പോഴുള്ള ചിരിയില്‍ നിന്ന് സ്വയം ഒരാള്‍ അപരിചിതന്‍ എന്ന് പരിചയപ്പെടുത്തുമ്പോഴും കുടുംബം, ജോലി തുടങ്ങിയ സ്വപ്നങ്ങളില്‍ നിഴല്‍ വീഴുമ്പോഴും വിടരുന്ന കണ്ണീരുപ്പുള്ള ചിരിയിലേക്കുള്ള വളര്‍ച്ചയാണ് ശ്രീനിവാസനൊപ്പം നടന്ന് മലയാളം നേടിയത്. നമ്മള്‍ ചിരിക്കുന്ന ചിരികളൊക്കെയും മറ്റൊരാളുടെ വീഴ്ചകളില്‍ നിന്നാണ് ഉയര്‍ന്നു വരുന്നത്. ആ വീഴ്ചകളൊക്കെ സ്വയം ഏറ്റുവാങ്ങി മറ്റുള്ളവരെ ചിരിപ്പിക്കാന്‍ അസാമാന്യമായ ആത്മബോധം വേണം. ഒരര്‍ത്ഥത്തില്‍ സ്വന്തം ഈഗോയില്‍ നിന്ന് പുറത്ത് കടന്നൊരാള്‍ക്കേ അത് സാധിക്കൂ. അങ്ങനെ ഒരാളായിരുന്നു മലയാളിക്ക് ശ്രീനിവാസന്‍.
വാക്കിലും നോക്കിലും നടപ്പിലുമുള്ള തന്റെ തന്നെ പ്രത്യേകതകളില്‍ നിന്ന് അദ്ദേഹം നര്‍മ്മം വാറ്റിയെടുത്തു. അതിനെ താന്‍ ജീവിച്ച കാലത്തോട് ഏറ്റവും സര്‍ഗ്ഗാത്മകമായി സന്നിവേശിപ്പിച്ചു.
ഇങ്ങനെ പുറത്ത് കടക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് മലയാളം കണ്ട ഏറ്റവും പ്രതിഭാധനനായ തിരക്കഥാകൃത്തായിട്ടും 'പ്രിയന്‍ തന്നോട് ചെയ്ത ക്രൂരത കൊണ്ടാണ് തനിക്കൊരു തിരക്കഥാകൃത്താവേണ്ടി വന്നത്' എന്ന് അദ്ദേഹത്തിന് പറയാന്‍ സാധിക്കുന്നത്.
'നിന്നിഷ്ടം എന്നിഷ്ടം' ഒരു പ്രിയദര്‍ശന്‍ കഥയാണ്. (ശ്രീനിവാസന്റെതല്ല). അതില്‍ മഞ്ജീരശിഞ്ജിതം എന്ന വാക്ക് ചേര്‍ത്ത് പാട്ടെഴുതിക്കൊണ്ടു വന്ന ഒരു കവിയെ ചീത്തവിളിച്ചു പുറത്താക്കുന്ന മ്യൂസിക് ഡയറക്ടര്‍ ജിതിന്‍ലാല്‍ മദന്‍ലാല്‍ ആയി വേഷമിടുന്നത് ശ്രീനിവാസനാണ്. അയാള്‍ തന്നെ ഹിന്ദി ഈണങ്ങള്‍ കോപ്പിയടിച്ചാണ് മലയാളത്തില്‍ ഹിറ്റു ഗാനങ്ങള്‍ സൃഷ്ടിച്ചത്. സ്വയംവരപ്പന്തലില്‍ 'തിരക്കഥ വേണോ തിരക്കഥ ' എന്ന് വിളിച്ചു ചോദിക്കുന്ന രംഗമുണ്ട്.
നാടോടിക്കാറ്റില്‍ വിജയന്‍ ചാന്‍സ് ചോദിച്ച് ഐ വി ശശിയുടെ വീട്ടിലും പിന്നീട് ഭരണി സ്റ്റുഡിയോയിലും ചെല്ലുന്ന രംഗം നോക്കൂ. 'ഇവിടെ ആരാണ് പുതുമുഖമല്ലാത്തത് ?' എന്നാണയാള്‍ ചോദിക്കുന്നത്.

ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാക്കാനുള്ള മോഹവുമായി നടക്കുന്ന എഴുത്തുകാരനും ശങ്കര്‍ദാസിന്റെ ബാല്യസുഹൃത്തുമായ ടെയ്‌ലര്‍ അംബുജാക്ഷനെ ആരാണ് മറക്കുന്നത്? 'അവിടെ താലികെട്ട് … ഇവിടെ പാലുകാച്ചല്‍' എന്ന ശൈലി മലയാളത്തിന് സംഭാവന ചെയ്ത കഥാപാത്രം. ഇങ്ങനെ എത്ര ശൈലികളാണ് ശ്രീനിവാസന്‍ മലയാളത്തിന് തന്നത് ? അതിന്റെ പരകോടിയിലാണ് ഉദയനാണ് താരം സംഭവിക്കുന്നത്. മലയാളത്തിലെ ഏറ്റവും പ്രഭാവമുള്ള ഒരു താരപ്രഭാവം ഉപയോഗിച്ചു തന്നെ, തങ്ങളല്ല, കാമ്പുള്ള കഥകളാണ്, സംവിധാന മികവാണ് സിനിമയുടെ നട്ടെല്ലെന്നും അവരാണ് താരങ്ങളെന്നും ശ്രീനിവാസന്‍ പറയിച്ചു. അതിലെ വിധ്വംസകമൂല്യം ഹര്‍ഷാരവത്തോടെ മലയാളികള്‍ നെഞ്ചേറ്റു വാങ്ങി.
നാല്പതാണ്ടിന്റെ പല ഋതുക്കള്‍ തഴുകിക്കടന്നു പോയ ശ്രീനിവാസയുഗം മലയാള സിനിമയില്‍ അവസാനിക്കുകയാണ്. ആ സിനിമാക്കാലത്തിനൊപ്പം വളര്‍ന്ന തലമുറയാണ് ഞങ്ങളുടേത്. പക്ഷേ ഇതോടുകൂടി നിലച്ചു പോവില്ല, ശ്രീനിവാസന്‍ നമുക്ക് പകര്‍ന്നു തന്ന ഭാവുകത്വ തരംഗങ്ങളൊന്നും. ക്ലാസ് മുറിയിലെ കൗമാരങ്ങള്‍ക്കു പോലും കോമഡിരംഗങ്ങളായും ട്രോളുകളായും മീമുകളായും അവ ചിരപരിചിതമാണ്. പലരും പല സിനിമകളുടെയും മുഴുനീള ആസ്വാദകരുമാണ്. Stay in Screens Sir...
Content Highlights: A memoir on Sreenivasan's film scripts