സിഡ്നിയിലെ ഭീകരാക്രമണം: പ്രതികൾ ഹൈദരാബാദിൽ നിന്നുള്ള കുടിയേറ്റക്കാരനും ഓസ്ട്രേലിയൻ പൗരനായ മകനും

ഓസ്‌ട്രേലിയൻ മണ്ണിൽ കഴിഞ്ഞ 30 വർഷത്തിനിടെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ബോണ്ടി ബീച്ചിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്

സിഡ്നിയിലെ ഭീകരാക്രമണം: പ്രതികൾ ഹൈദരാബാദിൽ നിന്നുള്ള കുടിയേറ്റക്കാരനും ഓസ്ട്രേലിയൻ പൗരനായ മകനും
dot image

സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ച് വെടിവയ്പിലെ പ്രതികളിൽ ഒരാളായ സാജിദ് അക്രം ഹൈദരാബാദിൽ നിന്നുള്ളയാളാണെന്നും 1998ൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതായും തെലങ്കാന പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹനുക്ക ആഘോഷിക്കുകയായിരുന്ന ജൂതന്മാരെ ലക്ഷ്യമിട്ട് സാജിദും മകൻ നവീദ് അക്രവും ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. സാജിദ് ഇന്ത്യൻ പൗരനാണെങ്കിലും അദ്ദേഹത്തിന്റെ മകൻ ഓസ്‌ട്രേലിയൻ പൗരനാണ്. പൊലീസ് വെടിവയ്പ്പിൽ സാജിദ് കൊല്ലപ്പെടുകയും നവീദ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തു.

"ഒരു ക്രിസ്ത്യൻ സ്ത്രീയെ വിവാഹം കഴിച്ചതിനാലാണ്" സാജിദ് അക്രമുമായുള്ള ബന്ധം വർഷങ്ങൾക്ക് മുമ്പ് വിച്ഛേദിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദി പ്രിൻ്റും ദി ന്യൂസ് മിനിറ്റും റിപ്പോർട്ട് ചെയ്യുന്നുണ്ട്. 1998-ലാണ് സാജിദ് ആക്രം ഇന്ത്യ വിട്ടത്. അതിന് മുമ്പ് അദ്ദേഹത്തിനെതിരായ കേസുകളുടെ രേഖകളൊന്നും ഇല്ലായെന്നും തെലങ്കാന പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ 27 വ‍ർഷത്തിനുള്ളിൽ ആറ് തവണ മാത്രമാണ് അ​ദ്ദേഹം ഇന്ത്യ സന്ദർശിച്ചിട്ടുള്ളതെന്നാണ് തെലങ്കാന പൊലീസ് പറയുന്നത്.

യൂറോപ്യൻ വംശജയായ ക്രിസ്ത്യൻ യുവതി വെനേര ഗ്രോസോയെ വിവാഹം കഴിച്ച സാജിദ് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. നവീദിന് പുറമെ സാജിദിന് ഒരു മകൾ കൂടിയുണ്ട്. ഓസ്‌ട്രേലിയയിൽ ജനിച്ച മകനും മകളും ഓസ്‌ട്രേലിയൻ പൗരന്മാരാണ്. സാജിദിൻ്റെ ഹൈദരാബാദിലെ മറ്റ് കുടുംബാംഗങ്ങൾ ഇപ്പോൾ നിരീക്ഷണത്തിലാണെന്നാണ് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ഓസ്‌ട്രേലിയൻ മണ്ണിൽ കഴിഞ്ഞ 30 വർഷത്തിനിടെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ബോണ്ടി ബീച്ചിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഹനുക്ക ആഘോഷിക്കുന്ന ജൂതന്മാരെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിൽ ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിൽ നിന്ന് രക്ഷപ്പെട്ട 87 വയസ്സുള്ള ഒരു വൃദ്ധൻ അടക്കം 15 പേർ കൊല്ലപ്പെട്ടിരുന്നു.

Content Highlights: Sydney Beach Shooter Suspect identified as Hyderabad immigrant and his Australian citizen son

dot image
To advertise here,contact us
dot image