ബഹ്റൈന്‍ ദേശീയ ദിനം: ദുബായില്‍ യാത്രക്കാര്‍ക്ക് ഊഷ്മള സ്വീകരണം, പാസ്പോര്‍ട്ടില്‍ പ്രത്യേക സ്റ്റാമ്പ്

യുഎഇയും ബഹ്റൈനും തമ്മിലുള്ള ദീര്‍ഘകാല ചരിത്രബന്ധങ്ങളുടെയും ശക്തമായ സാഹോദര്യത്തിന്റെയും ആഴം വ്യക്തമാക്കുന്നതായിരുന്നു വിമാനത്താവളത്തിലെ പ്രത്യേക സ്വീകരണം

ബഹ്റൈന്‍ ദേശീയ ദിനം: ദുബായില്‍ യാത്രക്കാര്‍ക്ക് ഊഷ്മള സ്വീകരണം, പാസ്പോര്‍ട്ടില്‍ പ്രത്യേക സ്റ്റാമ്പ്
dot image

സഹോദര രാഷ്ട്രമായ ബഹ്റൈന്‍ രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, ദുബായ് വിമാനത്താവളത്തിലെത്തിയ ബഹ്റൈന്‍ യാത്രക്കാര്‍ക്ക് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. ബഹ്റൈനോടുള്ള സ്നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും പ്രതീകമായി 'ബഹ്റൈന്‍; ഹൃദയത്തിലും കണ്ണിലും' എന്ന സന്ദേശം രേഖപ്പെടുത്തിയ പ്രത്യേക പാസ്പോര്‍ട്ട് സ്റ്റാമ്പ് പതിച്ചാണ് യാത്രക്കാരെ സ്വീകരിച്ചത്.

യുഎഇയും ബഹ്റൈനും തമ്മിലുള്ള ദീര്‍ഘകാല ചരിത്രബന്ധങ്ങളുടെയും ശക്തമായ സാഹോദര്യത്തിന്റെയും ആഴം വ്യക്തമാക്കുന്നതായിരുന്നു വിമാനത്താവളത്തിലെ പ്രത്യേക സ്വീകരണം. രണ്ട് രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സ്നേഹവും പരസ്പര ബഹുമാനവും കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് വിമാനത്താവളത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. പാസ്പോര്‍ട്ട് നിയന്ത്രണ കൗണ്ടറുകളില്‍ ബഹ്റൈന്‍ പതാകകള്‍ പ്രദര്‍ശിപ്പിക്കുകയും, മുന്‍നിര ഉദ്യോഗസ്ഥര്‍ ദേശീയ പതാകയുടെ നിറങ്ങളിലുള്ള സ്‌കാര്‍ഫുകള്‍ ധരിച്ച് സേവനം നല്‍കുകയും ചെയ്തു.യാത്രക്കാര്‍ക്കായി പ്രത്യേക ലെയിനുകളും സജ്ജമാക്കി.

ജിഡിആര്‍എഫ്എയുടെ മാസ്‌കോട്ടുകളായ 'സാലമും 'സലാമ'യും യാത്രക്കാരെ സ്വാഗതം ചെയ്യാന്‍ എത്തിയപ്പോള്‍, സ്മാര്‍ട്ട് ഗേറ്റുകള്‍ ബഹ്റൈന്‍ പതാകയുടെ നിറങ്ങളില്‍ ദീപാലങ്കൃതമായി. ഇതോടൊപ്പം, യാത്രക്കാര്‍ക്ക് സ്‌നേഹസമ്മാനങ്ങളും വിതരണം ചെയ്തു.

ബഹ്റൈന്‍ ദേശീയ ദിനത്തില്‍ സഹോദരരാജ്യത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. സാഹോദര്യത്തിലും പരസ്പര ധാരണയിലും സംയുക്ത പ്രവര്‍ത്തനത്തിലും അധിഷ്ഠിതമായ യുഎഇ ബഹ്റൈന്‍ ബന്ധം സഹകരണത്തിന്റെ ഉത്തമ മാതൃകയാണെന്ന് ജി ഡി ആര്‍ എഫ് എ ദുബായ് മേധാവി ലഫ്: ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി പറഞ്ഞു.

ബഹ്റൈന്‍ ദേശീയ ദിനാഘോഷങ്ങള്‍ ദുബായ് വിമാനത്താവളങ്ങളില്‍ യാത്രാനുഭവത്തെ കൂടുതല്‍ സ്മരണീയമാക്കുകയും യുഎഇ-ബഹ്റൈന്‍ ബന്ധങ്ങളുടെ ഊഷ്മളത ലോകത്തിന് മുന്നില്‍ വീണ്ടും ഉറപ്പിക്കുന്ന തരത്തിലായിരുന്നു ദുബായ് എയര്‍പോര്‍ട്ടിലെ ആഘോഷ പരിപാടികള്‍ നടന്നത്.

Content Highlights: Bahrain National Day: Dubai Airport Honors with Cultural Festivities

dot image
To advertise here,contact us
dot image