

ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റ വിവാദങ്ങള്‍ക്കിടെ പുതുതായി പാസാക്കുന്ന നിയമങ്ങള്‍ക്ക് ഹിന്ദിയില്‍ പേരിടുന്നതിനെച്ചൊല്ലിയും ഭിന്നത. സാധാരണയായി ബില്ലുകള്‍ക്ക് ഹിന്ദിയിലും ഇംഗ്ലീഷിലും പേര് നല്‍കുമായിരുന്നു. എന്നാല്‍ സമീപകാലത്തായി ഹിന്ദി പേരുകള്‍ മാത്രമാണ് ബില്ലുകൾക്കും നിയമങ്ങൾക്കും നൽകിവരുന്നതെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമമാണ് ഇതെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി പകരം കൊണ്ടുവന്ന പേര് ജി റാം ജി എന്നാണ്. വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (റൂറല്‍) ബില്‍. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങള്‍ക്കായുളള ബില്ലിന്റെ പേര് വികസിത് ഭാരത് ശിക്ഷാ അതിഷ്ഠന്‍ ബില്‍ എന്നാണ്. ഇന്‍ഷുറന്‍സ് നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനായി കൊണ്ടുവന്ന ബില്ലിന്റെ പേര് സബ്ക ഭീമ, സബ്കി രക്ഷ ബില്‍ എന്നാണ്.
ആണവോര്‍ജ മേഖലയില്‍ സ്വകാര്യ മേഖലയ്ക്ക് പ്രവേശനം അനുവദിക്കുന്നതിനായുളള ബില്‍ പക്ഷെ ഇംഗ്ലീഷിലാണ്. സസ്റ്റെയിനബിൾ ഹാര്‍നെസിംഗ് ആന്‍ഡ് അഡ്വാന്‍സ്‌മെന്റ് ഓഫ് നൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ എന്നാണ് ബില്ലിന്റെ പേര്. ഇതിനെ ചുരുക്കി ശാന്തി (SHANTI) എന്നാണ് വിളിക്കുന്നത്. നേരത്തെ ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ എവിടന്‍ഡ് ആക്ട് എന്നിവയ്ക്ക് പകരം വന്ന നിയമങ്ങളുടെ പേര് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിങ്ങനെയായിരുന്നു. 1934-ലെ എയര്‍ക്രാഫ്റ്റ് ആക്ടിന് പകരം കൊണ്ടുവന്ന നിയമത്തിന്റെ പേര് ഭാരതീയ വായുയന്‍ വിധേയക് എന്നാണ്.
ബില്ലുകളുടെയും നിയമങ്ങളുടെയും പദ്ധതികളുടെയും പേരിലെ ഹിന്ദിവല്‍ക്കരണത്തിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വികസിത് ഭാരത് ശിക്ഷ അധിഷ്ഠാന്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോഴാണ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി എതിർപ്പറിയിച്ചത്. ആ ബില്ലിന്റെ പേര് വായിക്കാന്‍ പോലും താന്‍ ബുദ്ധിമുട്ടുകയാണ് എന്നാണ് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞത്. ഹിന്ദി പേരുകള്‍ ഉപയോഗിക്കുന്ന രീതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 348 (ബി)യുടെ ലംഘനമാണ് എന്ന് എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പുതിയ നിയമങ്ങള്‍ക്ക് ഇംഗ്ലീഷില്‍ പേരുകള്‍ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് എംപി ജോതിമണിയും ഡിഎംകെ എംപി ടി എം സെല്‍വഗണപതിയും ബില്ലുകൾക്കും നിയമങ്ങൾക്കും ഹിന്ദി പേരുകള്‍ നല്‍കുന്നതിനെ എതിര്‍ത്ത് രംഗത്തെത്തി. 'ഇത് ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന നടപടി തന്നെയാണ്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷ നയത്തെ എതിര്‍ത്തതിന്റെ പേരില്‍ തമിഴ്‌നാടിന് എസ്എസ്എ ഫണ്ടുകള്‍ നിഷേധിച്ചുകഴിഞ്ഞു'എന്നാണ് ജോതിമണി പറഞ്ഞത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഹിന്ദി സംസാരിക്കാത്ത ജനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നേരായ അധിക്ഷേപമാണിതെന്നാണ് ചിദംബരം പറഞ്ഞത്. ബില്ലിന്റെ പേര് ഇംഗ്ലീഷ് പതിപ്പില്‍ ഇംഗ്ലീഷിലും ഹിന്ദി പതിപ്പില്‍ ഹിന്ദിയിലും എഴുതുക എന്നതാണ് പതിവ്. കഴിഞ്ഞ 75 വര്‍ഷമായി ആര്‍ക്കും ബുദ്ധിമുട്ടില്ലാതിരുന്ന ആ പതിവില്‍ എന്തിനാണ് സര്‍ക്കാര്‍ മാറ്റം വരുത്തുന്നത് എന്നാണ് ചിദംബരം ചോദിച്ചത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 348(1)(b) പ്രകാരം പാര്‍ലമെന്റ് തീരുമാനിക്കുന്നത് വരെ കേന്ദ്ര, സംസ്ഥാന തലങ്ങളിലെ എല്ലാ ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും ഉത്തരവുകളും നിയമങ്ങളും ചട്ടങ്ങളും ഉപനിയമങ്ങളും സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നടപടിക്രമങ്ങളും വരെ ഇംഗ്ലീഷിലായിരിക്കണം എന്നാണ് പറയുന്നത്. ഇതിന് വിരുദ്ധമായാണ് കേന്ദ്രസർക്കാർ സമീപകാലത്ത് പുറത്തിറക്കിയ നിയമങ്ങളുടെയും ബില്ലുകളുടെയുമെല്ലാം പേരുകൾ.
Content Highlights: Amid controversy over renaming mgnrega, differences over naming laws and bills in Hindi