'അയാൾ ഞാനല്ല, വെറുതെ വിടൂ'; സിഡ്‌നി ഭീകരനെന്ന് തെറ്റിദ്ധരിച്ച് പാകിസ്താൻ വംശജന് നേരെ സൈബറാക്രമണം; അഭ്യർത്ഥന

സൈബറാക്രമണം തന്റെ മനസമാധാനം തകർത്തുവെന്നാണ് നവീദ് അക്രം പറയുന്നത്

'അയാൾ ഞാനല്ല, വെറുതെ വിടൂ'; സിഡ്‌നി ഭീകരനെന്ന് തെറ്റിദ്ധരിച്ച് പാകിസ്താൻ വംശജന് നേരെ സൈബറാക്രമണം; അഭ്യർത്ഥന
dot image

കാൻബറ: ഓസ്‌ട്രേലിയയെ നടുക്കിയ സിഡ്‌നി വെടിവെപ്പിന് പിന്നാലെ ഭീകരന്റെ അതേ പേരുള്ള പാകിസ്താൻ വംശജന് നേരെ കടുത്ത സൈബറാക്രമണം. ആക്രമണം നടത്തിയ ഭീകരനെന്ന് തെറ്റിദ്ധരിച്ചാണ് സൈബറാക്രമണം. പാകിസ്താനിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ നവീദ് അക്രം എന്നയാൾക്കാണ് സൈബറാക്രമണം നേരിടേണ്ടിവന്നത്.

സിഡ്‌നിയിൽ ജൂതർക്ക് നേരെ ആക്രമണം നടത്തിയ ഒരു ഭീകരന്റെ പേരും നവീദ് അക്രം എന്നായിരുന്നു. ഇയാൾ പാകിസ്താൻ വംശജനുമാണ്. എന്നാൽ വെടിവെപ്പിന് പിന്നാലെ നിരപരാധിയായ, നവീദ് അക്രം എന്നുപേരുള്ള മറ്റൊരു പാകിസ്താൻ വംശജന് നേരെയാണ് സൈബറാക്രമണം ഉണ്ടാകുന്നത്. നവീദിന്റെ ഫേസ്ബുക്ക് പേജിൽ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി ധരിച്ചുനിൽക്കുന്ന ചിത്രമാണുള്ളത്. ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.

സൈബറാക്രമണം തന്റെ മനസമാധാനം തകർത്തുവെന്ന് നവീദ് അക്രം പ്രതികരിച്ചു. തനിക്ക് ഈ ആക്രമണത്തെപ്പറ്റി അറിയുക പോലും ഇല്ലെന്നും എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും നവീദ് പറയുന്നു. 'എനിക്ക് പുറത്തുപോകാൻ പോലും കഴിയുന്നില്ല. രാത്രികളിൽ ഉറങ്ങാൻ കഴിയുന്നില്ല. എന്റെ കുടുംബമടക്കം ഭീതിയിലാണ്. അവരെയടക്കം ആളുകൾ തെറ്റിദ്ധാരണ മൂലം വിളിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും ഇതൊന്ന് അവസാനിപ്പിക്കണം'; നവീദ് അഭ്യർത്ഥിച്ചു. സിഡ്‌നിയിലെ പാകിസ്താൻ എംബസി നവീദിന്റെ അഭ്യർത്ഥന വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

2018ലാണ് സൈബറാക്രമണത്തിനിരയായ നവീദ് അക്രം ഓസ്‌ട്രേലിയയിലേക്കെത്തുന്നത്. സെൻട്രൽ ക്യൂൻസ്‌ലൻഡ് സർവകലാശാലയിൽ പഠിക്കാനെത്തിയതാണ് നവീദ് അക്രം. പഠനത്തിന് പിന്നാലെ കാർ റെന്റൽ ബിസിനസുമായി നവീദ് ഓസ്‌ട്രേലിയയിൽ തന്നെ താമസമാക്കുകയായിരുന്നു.

ഡിസംബർ 14നാണ് സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഭീകരാക്രമണം നടന്നത്. ആറ് പേർ മരിച്ചതായും 40 പേർക്ക് പരിക്കുള്ളതായുമാണ് ഒടുവിലത്തെ വിവരം. ജൂത മതസ്ഥരുടെ ആഘോഷപരിപാടികൾ നടക്കുന്നതിനിടയിലായിരുന്നു വെടിവെപ്പുണ്ടായത്.

വൈകുന്നേരം ആറരയോടെയായിരുന്നു വെടിവെപ്പുണ്ടായത്. സിസിടിവി ദൃശ്യങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ വെടിയുതിർക്കുന്നത് കാണാം. നവേദ് അക്രം, പിതാവ് സാജിദ് അക്രം എന്നിവരാണ് ആക്രമണം നടത്തിയത് എന്നുള്ള വിവരങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. ഇവർ എത്തിയ വാഹനങ്ങളിൽ നിന്ന് ഐഎസ്‌ഐഎസിന്റെ കൊടികൾ ലഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

content Highlights: pakistan man falsely identifed as sydney shooter, faces threats and messages

dot image
To advertise here,contact us
dot image