
സന: യെമനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന സൈനിക മേധാവിയും ചീഫ് ഓഫ് സ്റ്റാഫുമായ മുഹമ്മദ് അബ്ദുൽ കരീം അൽ ഗമാരി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം. യെമൻ സായുധ സംഘമായ ഹൂതികളാണ് പ്രസ്താവനയിലൂടെ തങ്ങളുടെ നേതാവിന്റെ മരണം സ്ഥിരീകരിച്ചത്. തന്റെ കടമകൾ നിർവഹിക്കുന്നതിനിടെ ഗമാരിയും കൗമാരക്കാരനായ അദ്ദേഹത്തിന്റെ 13കാരനായ മകൻ ഹുസൈനും കൊല്ലപ്പെട്ടുവെന്നാണ് ഹൂതികളുടെ പ്രതികരണം.
ഇസ്രയേലുമായുള്ള പ്രശ്‌നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഹൂതികൾ, ചെയ്ത തെറ്റിന് ഇസ്രയേലിന് തക്കതായ മറുപടി ലഭിക്കുമെന്ന് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. യെമൻ തലസ്ഥാനമായ സനയിൽ ഉന്നത ഹൂതി നേതാക്കളെ ലക്ഷ്യമിട്ട് ആഗസ്റ്റ് 28ന് ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിലാണ് അൽ ഗമാരി കൊല്ലട്ടെതെന്നാണ് പുറത്തുവരുന്ന വിവരം.
ആക്രമണത്തിൽ ഹൂതി വിമതർ നയിക്കുന്ന സർക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ രഹാവി കൊല്ലപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കൊപ്പം ഹൂതി സർക്കാർ പ്രതിരോധ മന്ത്രി മുഹമ്മദ് അൽ അതിഫിയും ചില മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. അൽ ഗമാരിയുടെ മരണവിവരം ഹൂതികൾ സ്ഥിരീകരിച്ചതോടെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ രംഗത്ത് വന്നു. അൽ ഗമാരി തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്‌സ് പ്രഖ്യാപിച്ചു. ഭാവിയിൽ ഉണ്ടായേക്കാവുന്ന ഏത് ഭീഷണിയേയും നേരിടാനായി ഇത് തന്നെ ഞങ്ങൾ ചെയ്യും എന്ന ഭീഷണിയും ഹൂതികൾക്ക് നേരെ കാറ്റ്‌സ് നടത്തി.
'അതിക്രൂര ആക്രമണം' എന്നാണ് ഹൂതികൾ ഇസ്രയേൽ ആക്രമണത്തെകുറിച്ച് പ്രസ്താവനയിൽ പറയുന്നത്. യെമൻ ജനതയെ ബാധിച്ച ഈ ആക്രമണത്തെ ക്ഷമയോടും ശക്തിയോടെയും പ്രതിരോധിച്ചുവെന്നും ഹൂതികൾ വ്യക്തമാക്കി.
Content Highlights: Houthi military chief Muhammad al-Ghamari dies in israel attack