മോദിക്ക് ട്രംപിനെ ഭയം; ഇന്ത്യയുടെ വിദേശ നയം തീരുമാനിക്കാന്‍ യുഎസ് പ്രസിഡന്റിനെ അനുവദിക്കുന്നു: രാഹുല്‍ ഗാന്ധി

റഷ്യയില്‍ നിന്നും ഇന്ത്യ ഓയില്‍ വാങ്ങിക്കില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിന് അനുവാദം നല്‍കിയെന്ന് രാഹുല്‍ ഗാന്ധി

മോദിക്ക് ട്രംപിനെ ഭയം; ഇന്ത്യയുടെ വിദേശ നയം തീരുമാനിക്കാന്‍ യുഎസ് പ്രസിഡന്റിനെ അനുവദിക്കുന്നു: രാഹുല്‍ ഗാന്ധി
dot image

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഭയക്കുന്നതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ വിദേശ നയം തീരുമാനിക്കാന്‍ മോദി ട്രംപിനെ അനുവദിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യ റഷ്യയില്‍ നിന്ന് ഓയില്‍ വാങ്ങില്ലെന്ന ട്രംപിന്റെ വാദത്തിന് പിന്നാലെയായിരുന്നു പ്രതികരണം.

'പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ ഭയക്കുന്നു. റഷ്യയില്‍ നിന്നും ഇന്ത്യ ഓയില്‍ വാങ്ങിക്കില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിന് അനുവാദം നല്‍കി. അവഗണന നിരന്തരം നേരിട്ടിട്ടും ട്രംപിനോടുള്ള അഭിനന്ദനം മോദി തുടരുന്നു. അമേരിക്കയിലേക്കുള്ള ധനമന്ത്രിയുടെ സന്ദര്‍ശനം ഒഴിവാക്കി. ഓപ്പറേഷന്‍ സിന്ദൂറിലെ ട്രംപിന്റെ പ്രസ്താവനകളെ എതിര്‍ത്തില്ല. ഗാസ സമാധാന ഉച്ചക്കോടിയില്‍ നിന്നും മോദി വിട്ടുനിന്നു', രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യ കുറച്ച് കാലത്തേക്ക് റഷ്യയില്‍ നിന്ന് ഓയില്‍ വാങ്ങുന്നത് നിര്‍ത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. മോദി തന്നോട് ഇക്കാര്യം ഉറപ്പാക്കിയെന്ന് ട്രംപ് പറഞ്ഞിരുന്നു. 'റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ വലിയ ചുവടുവെപ്പായിരിക്കുമിത്. ചൈനയെയും അത് തന്നെ ചെയ്യാന്‍ പ്രേരിപ്പിക്കും. കയറ്റുമതി ഉടന്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ല. അതിന് ഒരു ചെറിയ പ്രക്രിയയുണ്ട്. അധികം വൈകാതെ അത് അവസാനിക്കും', എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ട്രംപിന്റെ അവകാശവാദത്തില്‍ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ ശിവസേന എംപി പ്രിയങ്ക ചതുര്‍വേദിയും പ്രതികരിച്ചു. കേന്ദ്രത്തിന്റെ മൗനത്തെ ചോദ്യം ചെയ്ത എംപി ട്രംപിന്റെ മിഥ്യാധാരണകള്‍ പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
Content Highlights: Rahul Gandhi say Narendra Modi affraid Donald Trump

dot image
To advertise here,contact us
dot image